Friday, January 28, 2011

സിനിമ തടവറയില്‍

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയ്‌ക്കെല്ലാം വിലക്കുകളേര്‍പ്പെടുത്തിയിരിക്കുന്ന നിരവധി രാജ്യങ്ങളും ഭരണാധികാരികളും സംഘടനകളുമുണ്ട്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും കലാകാരന്മാരുമെല്ലാം ഇതിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. ഈ രാജ്യങ്ങളിലെ പല ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മറ്റുരാജ്യങ്ങളില്‍ ജീവിച്ചു കൊണ്ടാണ് തങ്ങളുടെ രാജ്യത്തെ കുറിച്ച് സിനിമ ഉണ്ടാക്കുന്നതും തങ്ങളുടെ രാജ്യത്തെ കുറിച്ച് എഴുതുന്നതും. ഇറാനില്‍ നിന്നുള്ള സിനിമകളെ കുറിച്ച് നമ്മുടെ സിനിമാആസ്വാദകരും നിരൂപകരുമെല്ലാം വാഴ്ത്തിപ്പറയാറുണ്ട്. ആ സിനിമ നിര്‍മ്മിക്കുന്നതിനു പിന്നില്‍ അവര്‍ അനുഭവിക്കുന്ന വളരെ വലിയ വിഷമങ്ങളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്. ഇറാനില്‍ ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന രാജ്യമാണ്. ജനങ്ങളുടെ അഭിപ്രായത്തിനും സ്വാതന്ത്ര്യത്തിനും മതഭരണകൂടം അവിടെ വലിയ വിലയൊന്നും കല്പിക്കുന്നില്ല. സിനിമ കാണുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും തെറ്റാണെന്നു കരുതുന്നൊരു മതസമൂഹത്തില്‍ എങ്ങിനെ സര്‍ഗ്ഗാത്മകമായി ജീവിക്കാനാകും. എങ്കിലും ഇറാനിലെ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് നല്ല സിനിമകളുണ്ടാകുന്നു. ലോക സിനിമയില്‍ ഇറാനിയന്‍ സിനിമയ്ക്ക് പ്രത്യേകസ്ഥാനം ഉണ്ടായത് എതിര്‍പ്പുകളെ അവഗണിച്ചും തങ്ങള്‍ക്ക് പറയാനുള്ളത് ധൈര്യത്തോടെ തുറന്നു പറയാന്‍ ഇറാനില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ തയ്യാറായതിനാലാണ്. അവര്‍ക്കു പറയാനുള്ളത് ഇസ്ലാമിക ഭരണത്തില്‍ ഇറാനിലെ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളും ദുരിതങ്ങളും അസ്വാതന്ത്ര്യവുമാണ്. കരിനിയമങ്ങള്‍ അടിച്ചേല്പിച്ചും തുറന്നു പറച്ചിലിന് വിലക്കേര്‍പ്പെടുത്തിയും ജനങ്ങളെ അസ്വാതന്ത്ര്യത്തിലിട്ട് കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധമാകുന്നു അത്തരം സിനിമകള്‍. അത്തരം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കൊന്നും സ്വന്തം രാജ്യത്ത് സൈ്വര്യമായി ജീവിക്കാനാകുന്നില്ല. അവരെല്ലാം സ്വന്തം നാടുവിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നു. സ്വാതന്ത്ര്യവും ഉള്ളുതുറന്ന് സംസാരിക്കാനുള്ള അനുവാദവും സത്യം വിളിച്ചുപറയാനും അസത്യത്തെ ചൂണ്ടിക്കാട്ടാനും സ്വാതന്ത്ര്യവുമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി, അവിടിരുന്ന് അവര്‍ സ്വന്തം രാജ്യത്തെക്കുറിച്ച് സിനിമകളിലൂടെ, സാഹിത്യത്തിലൂടെ സംസാരിക്കുന്നു. എന്നാല്‍ സ്വന്തം മണ്ണുവിട്ടുപോകാന്‍ മടിയുള്ളവരുമുണ്ട്. അവര്‍ ഭരണകൂട, മത ഭീകരതകള്‍ക്കെതിരെ പ്രതികരിച്ച് സ്വയം കുരിശില്‍ തറയ്ക്കപ്പെടുന്നു. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യത്തിനായി സംസാരിച്ചതിന് അത്തരക്കാര്‍ തുറുങ്കിലടയ്ക്കപ്പെടുന്നു. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂസിയാബോ അത്തരത്തില്‍ സ്വയം പീഡനമേറ്റുവാങ്ങിക്കുയായിരുന്നു. ഭരണകൂട ഭീകരതക്കെതിരെ സംസാരിച്ചതിന്, എഴുതിയതിന് അദ്ദേഹത്തെ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലടച്ചു. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചപ്പോഴാണ് ലിയൂസിയാബോ മാധ്യമശ്രദ്ധ നേടിയത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ നിരവധി സിനിമകളുണ്ട്. 2003 ല്‍പുറത്തിറങ്ങിയ ഒസാമ എന്ന ചലച്ചിത്രം അത്തരത്തിലൊന്നായിരുന്നു. താലിബാന്‍ ഭരണത്തില്‍ ജനസമൂഹം നേരിടുന്ന ദുരന്തങ്ങളെ വസ്തുതാപരമായി കാട്ടിത്തരുകയായിരുന്നു ഒസാമയിലൂടെ അഫ്ഗാന്‍ ചലച്ചിത്ര സംവിധായകനായ സിദ്ധിക്ക് ബര്‍മാര്‍ക്ക്. പക്ഷേ, അദ്ദേഹം സിനിമ ചെയ്തത് അഫ്ഗാനിലിരുന്നല്ല. അയര്‍ലണ്ട്, ജപ്പാന്‍, നെതര്‍ലണ്ട്‌സ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ സംയുക്തസംരംഭമായാണ് ഒസാമ പുറത്തിറങ്ങിയത്. സിനിമ രാജ്യാന്തര പ്രശസ്തി നേടുകയും നിരവധി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്‌തെങ്കിലും അഫ്ഗാന്‍ ജനതയ്ക്ക് സ്വസ്ഥമായി സിനിമകാണാനുള്ള ഭാഗ്യവും അവസരവുമുണ്ടായില്ല. താലിബാന്‍ ഭീഷണി തന്നെയായിരുന്നു കാരണം. താലിബാന്‍ നടപ്പിലാക്കിയ മതനിയമങ്ങളുടെ ദുരന്തം വളരെക്കൂടുതല്‍ അനുഭവിച്ച ജനതായാണ് അഫ്ഗാനിലേത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന തരത്തില്‍ വലിയതോതില്‍ കരിനിയമങ്ങള്‍ അവരടിച്ചേല്പിച്ചിരുന്നു. അത്തരം കരിനിയമങ്ങളുടെ ഇടയില്‍ ഒരു സ്ത്രീയും അവരുടെ മകളും അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ ഏതുമനുഷ്യന്റെയും മനസ്സിനെ ദുഃഖിപ്പിക്കുന്ന തരത്തില്‍ ഒസാമയില്‍ ആവിഷ്‌കരിക്കുന്നു. അത്തരം നിരവധി സിനിമകള്‍ താലിബാന്‍ ഫാസിസത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവസൃഷ്ടിച്ച സംവിധായകരും എഴുത്തുകാരുമെല്ലാം ആ രാജ്യങ്ങള്‍ക്കു പുറത്തു നിന്നാണ് തങ്ങളുടെ രാജ്യത്തെ കുറിച്ച് ലോകത്തോടു സംസാരിച്ചത്.എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് ഇറാന്‍ സംവിധായകനായ ജാഫര്‍പനാഹി. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂസിയാബോയെ പോലെ സ്വന്തം രാജ്യത്തു നിന്നുകൊണ്ടാണ് അദ്ദേഹവും സംസാരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ. അദ്ദേഹത്തിനും ചൈനയിലെ ലിയൂസിയാബോയുടെ അനുഭവം തന്നെ ഉണ്ടായിരിക്കുന്നു. ഇറാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ തുറുങ്കിലടച്ചു. ഇരുപതു വര്‍ഷത്തേക്ക് സിനിമ എടുക്കാനോ തിരക്കഥ എഴുതാനോ, എന്തിന് അഭിമുഖം നല്‍കാന്‍ പോലുമോ പാടില്ലെന്നാണ് സര്‍ക്കാരിന്റെ കല്പന. ആറുവര്‍ഷത്തേക്ക് അദ്ദേഹത്തെ ജയിലിലടച്ച സര്‍ക്കാര്‍ ഇനി സിനിമ എടുക്കരുതെന്ന് കൂടി കല്പിക്കുമ്പോള്‍ ഒരു പൗരന്റെ സ്വാതന്ത്ര്യം എത്രത്തോളം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് തിരിച്ചറിയപ്പെടുന്നു. ഇറാനിലെ മത ഭരണകൂടത്തിന് സിനിമയടക്കമുള്ള കലാപ്രവര്‍ത്തനത്തോട് അസഹിഷ്ണുതയാണെന്ന ആരോപണത്തെ ശരിവയ്ക്കുകയാണ് ജാഫര്‍പനാഹിക്കെതിരായ നടപടി. സെന്‍സര്‍ഷിപ്പ് അടക്കമുള്ള കടുത്ത നിബന്ധനകള്‍ അടിച്ചേല്പിച്ച് മതഭരണകൂടം ഇറാനില്‍ സിനിമാ പ്രവര്‍ത്തകരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. വനിതകളുടെ സ്വാതന്ത്ര്യത്തിനും അവരുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കും വേണ്ടി സംസാരിച്ചവയാണ് ജാഫര്‍പനാഹിയുടെ ചലച്ചിത്രങ്ങള്‍. ഇസ്ലമിക ഭരണത്തില്‍ ഏതു രാജ്യത്തും ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് വനിതകളാണ്. അവര്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന് വിലക്ക്, കലാപ്രവര്‍ത്തനത്തിന് വിലക്ക്, അഭിപ്രായം പറയാന്‍ അവകാശമില്ല, ജോലിയെടുക്കാന്‍ അവകാശമില്ല...ഇത്തരത്തില്‍ എല്ലാ മേഖലകളിലും അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഫുട്‌ബോള്‍ കളി കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ കഥപറഞ്ഞ ജാഫര്‍പനാഹിയുടെ ഓഫ് സൈഡെന്ന സിനിമ വളരെ പ്രശസ്തമാണ്. ആണ്‍വേഷം കെട്ടി സ്റ്റേഡിയത്തിലെത്തുന്ന പെണ്‍കുട്ടികള്‍ ഇറാനിയന്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കു നേരെയുള്ള വിരല്‍ ചൂണ്ടലാണ്. അഫ്ഗാനിലെ കഥ പറഞ്ഞ ഒസാമയിലും ജോലിചെയ്യാതെ ജീവിക്കാതിരിക്കാന്‍ കഴിയാത്ത പെണ്‍കുട്ടി, ജോലിചെയ്യാന്‍ വിലക്കുള്ള അഫ്ഗാനില്‍ ആണ്‍വേഷം കെട്ടി ജോലി ചെയ്യുന്നതും ക്രൂരമായ ഇസ്ലാമിക കരിനിയമത്തെ കാട്ടിത്തരലാണ്.ജാഫര്‍പനാഹിയെ ജയിലിലടച്ച ഇറാന്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇറാനിയന്‍ സിനിമയെ വളരെക്കൂടുതല്‍ സ്‌നേഹിക്കുന്ന സമൂഹമാണ് കേരളത്തിലേത്. എന്നാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പോലും അതു കണ്ടില്ലെന്നു നടിക്കുന്നു. ഇറാനിലേത് ഇസ്ലാമിക ഭീകരതയാണ്. അതിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വിരുദ്ധമാണെന്ന് ചിന്തിക്കുന്നവരുണ്ടാകാം. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പോള്‍ കേരളത്തില്‍ ഹര്‍ത്താലാചരിച്ചു. എന്നാല്‍ ജാഫര്‍പനാഹി എന്ന സര്‍ഗ്ഗാത്മക സിനിമാ സാഹിത്യ പ്രവര്‍ത്തകനു നേരെ മതഭീകരത ഫണം വിരിച്ചപ്പോള്‍ അതുണ്ടായില്ല. കാരണം, ഇറാന്‍ സര്‍ക്കാരാണല്ലോ അതു ചെയ്തത്. എങ്ങിനെ പ്രതികരിക്കാന്‍ കഴിയും. കഷ്ടം.

Friday, January 21, 2011

അപസര്‍പ്പക സാഹിത്യത്തിന്‍റെ ഇടം

മലയാള സാഹിത്യത്തില്‍ വളരെ പ്രാധാന്യമുള്ളൊരു മേഖലയായിരുന്നു അപസര്‍പ്പകസാഹിത്യങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും വായനയെ വളരെയേറെ സജീവിമാക്കി നിലനിര്‍ത്തുന്നതിലും കേരളത്തില്‍ പ്രചുരപ്രചാരം നേടിയ പല വാരികകള്‍ക്കും വായനക്കാരെ സൃഷ്ടിക്കുന്നതിനും അപസര്‍പ്പക സാഹിത്യം അഥവാ ഡിറ്റക്ടീവ് നോവലുകള്‍ വളരെയധികം സഹായിച്ചു. ഓരോലക്കത്തിലും ഡിറ്റക്ടീവ് നോവലുകള്‍ അവനസാനിച്ചിരുന്നത് അടുത്ത ലക്കത്തിലേക്ക് വായനക്കാരന്റെ മനസ്സില്‍ ജിജ്ഞാസ അവശേഷിപ്പിച്ചുകൊണ്ടാണ്. നോവലിന്റെ തുടര്‍വായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കാന്‍ തക്ക തരത്തിലുള്ളതായിരുന്നു ഭാഷയും പ്രയോഗങ്ങളും. എങ്കിലും മലയാളസാഹിത്യ തറവാട്ടില്‍ അപസര്‍പ്പക സാഹിത്യത്തിന് സ്ഥാനം നല്‍കാന്‍ ആരും തയ്യാറായില്ല. അപസര്‍പ്പക സാഹിത്യത്തെ മറ്റൊരു സാഹിത്യ ശാഖയായിക്കാണാനായിരുന്നു താല്പര്യം. ഭാഷാസാഹിത്യം പഠിപ്പിക്കുന്ന ഏതെങ്കിലും അധ്യാപകനോ ഏതെങ്കിലും പുസ്തകമോ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും അവരുടെ മനസ്സില്‍ ഉദ്വേഗം നിറക്കുകയും ചെയ്യുന്ന ഈ സാഹിത്യശാഖയെ വിലപ്പെട്ടതായി കരുതി ഇടം നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നിട്ടും അപസര്‍പ്പക സാഹിത്യത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. അപസര്‍പ്പക നോവലുകള്‍ക്കും കഥകള്‍ക്കും മലയാള സാഹിത്യത്തില്‍ ഇടമില്ലാത്ത ദുരന്താവസ്ഥയാണിപ്പോള്‍.വായനയുടെ വസന്തം നിറച്ച എഴുത്തുകാര്‍ നിരവധി പേരുണ്ട്. നീലകണ്ഠന്‍പരമാരമുതല്‍ മെഴുവേലിബാബുജിയും ജിജിചിലമ്പിലും വരെ നിരവധി പേര്‍. കോട്ടയം പുഷ്പനാഥിനെയും തോമസ്.ടി.അമ്പാട്ടിനെയും ബാറ്റണ്‍ബോസിനെയും ആര്‍ക്കാ ണു മറക്കാന്‍ കഴിയുക. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകള്‍ക്കും അഗതാക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകള്‍ക്കും കേരളത്തില്‍ വളരെ കൂടുതല്‍ വായനക്കാരെയും ആരാധകരെയും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വായനക്കാരന്റെ മനസ്സില്‍ ഉദ്വേഗം നിറക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. ബുദ്ധിപരമായ അന്വേഷണമായിരുന്നു ഷെര്‍ലോക്‌ഹോംസും അഗതാക്രിസ്റ്റിയുടെ കഥാപാത്രങ്ങളും ചെയ്തിരുന്നത്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയും കഥാസന്ദര്‍ഭങ്ങളുമായിരുന്നില്ല ഇവയിലുണ്ടായിരുന്നത്. കഥയുടെ ഭൂമിശാസ്ത്രം പോലും സാധാരണക്കാരന് മനസ്സിലാകുന്നതായിരുന്നില്ല. അത്യാവശ്യം അക്ഷരം കൂട്ടിവായിക്കാനറിയുന്ന കൂലിപ്പണിക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെ സാധാരണക്കാരുടെ പട്ടികയില്‍ വരും. എന്നാല്‍ ബാറ്റണ്‍ബോസ് കഥയെഴുതിയത് കോട്ടയം പട്ടണത്തിലും എറണാകുളം നഗരത്തിലും ഊന്നിനിന്നാണ്. കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രങ്ങള്‍ സഞ്ചരിച്ചത് മോട്ടോര്‍സൈക്കിളില്‍ എറണാകുളം ബൈപാസ് റോഡിലൂടെയാണ്. നമ്മുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി അവര്‍ രചിച്ച നോവലുകള്‍ വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചതതിനാലാണ്. പക്ഷെ, അപസര്‍പ്പക സാഹിത്യരചനയെ മാന്യമായ സാഹിത്യപ്രവര്‍ത്തനമായി അംഗീകരിച്ച് ആദരവു നല്‍കാന്‍ നമ്മുടെ സാഹിത്യപ്രഭൃതികള്‍ തയ്യാറാകാതിരുന്നത് അപസര്‍പ്പക സാഹിത്യത്തിന്റെ ഇടം മലയാളഭാഷയില്‍ നഷ്ടപ്പെടാന്‍ കാരണമായി.അപ്പന്‍ തമ്പുരാന്‍ 1904ല്‍ പ്രസിദ്ധീകരിച്ച 'ഭാസ്‌കരമേനോനാ'ണ് മലയാളത്തിലെ ആദ്യ അപസര്‍പ്പക കൃതിയെന്നാണ് പൊതുവേ പറയുന്നത്. ഈ മേഖലയില്‍ വളരെയൊന്നും ഗവേഷണങ്ങള്‍ നടക്കാത്തതിനാല്‍ അതിലും അടിയുറച്ചൊരു വിശ്വാസം രേഖപ്പെടുത്താന്‍ കഴിയുന്നില്ല. അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്ന രസികരഞ്ജിനി മാസികയിലാണ് ഭാസ്‌കരമേനോന്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ആദ്യം ഈ നോവലിന്റെ പേര് ഒരു ദുര്‍മരണം എന്നായിരുന്നു. പിന്നീട് പുസ്തകമായപ്പോള്‍ ഭാസ്‌കരമേനോന്‍ എന്നാക്കി. 1904 മുതല്‍ 1970 വരെ ഏതാണ്ട് ഇരുന്നൂറോളം അപസര്‍പ്പക കൃതികള്‍ മാത്രമാണ് മലയാളത്തിലുണ്ടായിട്ടുള്ളത്. 66 വര്‍ഷങ്ങള്‍ ഒരു സാഹിത്യ ശാഖയ്ക്കു സമ്മാനിച്ചത് ഇത്രയ്ക്കു ശുഷ്‌കമായ സംഭാവനയാണെന്ന തിരിച്ചറിവുമാത്രം മതി അവഗണന എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍. എഴുപതിനുശേഷം എണ്‍പതുകളുടെ അവസാനം വരെ അപസര്‍പ്പ സാഹിത്യ മേഖല മലയാളത്തില്‍ പുറത്തിറങ്ങിയ നിരവധി വാരികകളിലൂടെ വളര്‍ന്നു ജനകീയമായി. ഈ വാരികകളെ 'മാ' പ്രസിദ്ധീകരണങ്ങളെന്നു വിളിച്ചാക്ഷേപിച്ചവരുമുണ്ട്. നിരവധി ജനകീയരായ എഴുത്തുകാരും അതിലൂടെ ഉണ്ടായി. അപ്പന്‍തമ്പുരാന്‍, എന്‍.കെ.കൃഷ്ണപിള്ള, ഓ.എം.ചെറിയാന്‍, ഇസെഡ് എം.പാറെട്ട് തുടങ്ങിയവര്‍ 1970വരെയുള്ള കാലങ്ങളില്‍ അപസര്‍പ്പക സാഹിത്യത്തിന്റെ രചയിതാക്കളായിരുന്നു. എന്‍.കെ.കൃഷ്ണപിള്ള രചിച്ച വലിയകോയിക്കലെ കൊലപാതകം, ഒ.എം.ചെറിയാന്റെ കാലന്റെ കൊലയറ, ഇസെഡ് എം.പാറെട്ടിന്റെ നിലവറയിലെ അസ്ഥി പഞ്ജരം, സി.മാധവന്‍ പിള്ളയുടെ പത്മസുന്ദരന്‍ തുടങ്ങിയ നോവലുകള്‍ അക്കാലത്ത് വായനക്കാരെ ഏറെ ആകര്‍ഷിച്ചു. അറുപതുകളില്‍ കേരളത്തില്‍ ഡിറ്റക്ടര്‍ എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഡിറ്റക്ടീവ് കഥകളും നോവലുകളും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. 'മാ'എന്നു പേരുചൊല്ലി വിളിക്കുന്ന വാരികകള്‍ ഇല്ലാതിരുന്ന കാലത്ത് ഡിറ്റക്ടര്‍ക്ക് നല്ല വായനക്കാരെ കിട്ടി. അക്കാലത്ത് മലയാളത്തിലൊഴിച്ച് മറ്റുഭാഷകളില്‍ ധാരാളം അപസര്‍പ്പക നോവലുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടുതലും ഹിന്ദിയിലായിരുന്നു. അവയെല്ലാം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നതും അന്നത്തെ രീതിയായി. ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ ശാസ്ത്രീയ കുറ്റ്വാനേഷണ നോവലുകള്‍ കൂടുതലായി മലയാളത്തിലെത്തിയത് അങ്ങനെയാണ്. അനുജന്‍ തിരുവാങ്കുളം, നീലകണ്ഠന്‍ പരമാര, ഡി.സി.കുറുപ്പ് തുടങ്ങിയ എഴുത്തുകാരും അറുപതുകളിലെ അപസര്‍പ്പക സാഹിത്യകാരന്മാരാണ്. എഴുപതുകളുടെ മധ്യത്തോടെയാണ് കോട്ടയം പുഷ്പനാഥ് രംഗപ്രവേശം ചെയ്യുന്നത്. മലയാളിയുടെ അതുവരെയുള്ള കുറ്റ്വാനേഷണ നോവല്‍ വയനാബോധത്തെയാകെ തട്ടിമറിച്ച രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. അവസാനം വരെ വായനക്കാരനില്‍ ഉദ്വേഗം നിറക്കുകയെന്നതായിരുന്നു പുഷ്പനാഥിന്റെ ശൈലി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ ഡിക്ടറ്റീവ് മാര്‍ക്‌സും ഡിക്ടറ്റീവ് പുഷ്പരാജും മലയാളിക്കു സുപരിചിതരായി. സാധാരണക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പുഷ്പനാഥിന്റെ നോവലുകളെ ഇഷ്ടപ്പെട്ടു. കോട്ടയം കേന്ദ്രീകരിച്ച് പുറത്തിറങ്ങിയിരുന്ന വാരികക്കാരുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി അദ്ദേഹം മാറിയത് വളരെ പെട്ടന്നാണ്. തോമസ് ടി.അമ്പാട്ടും ബാറ്റണ്‍ബോസും കോട്ടയം പുഷ്പനാഥിനെ പിന്തുടര്‍ന്ന് രംഗത്തു വന്നവരാണ്. അടിമാലിക്കാരന്‍ കെ.എം.ചാക്കോയായിരുന്നു ബാറ്റണ്‍ബോസ് എന്ന തൂലികാനാമത്തിലെഴുതി വായനക്കാരെ ഹരംപിടിപ്പിച്ചത്. ഹൊറര്‍ നോവലുകള്‍ക്ക് പ്രശസ്തനായിരുന്നു തോമസ് ടി.അമ്പാട്ട്. അദ്ദേഹത്തിന്റെ കഥകളിലെ കുറ്റാന്വേഷകനായ ഡോ.റോയി വായനക്കാരുടെ ഇഷ്ടകഥാപാത്രമായി. അന്നത്തെ കുട്ടികള്‍ സ്വയം ഡോ.റോയിയാകാന്‍ ശ്രമിച്ചു. കുറ്റാന്വേഷകന്‍ കേസ് തെളിയിക്കുന്നതില്‍ നിന്നു മാറി ഒരു പത്രപ്രവര്‍ത്തകന്‍ കേസ് തെളിയിക്കുന്ന അന്വേഷണ കഥ ആദ്യം അവതരിപ്പിക്കുന്നതും തോമസ് ടി.അമ്പാട്ടാണ്. അദ്ദേഹത്തിന്റെ 'റിപ്പോര്‍ട്ടര്‍'എന്ന ക്രൈം ത്രില്ലര്‍ ഏറെ പ്രശസ്തമാണ്. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുന്ന രചനാ ശൈലിയായിരുന്നു ഇവര്‍ പിന്തുടര്‍ന്നു വന്നിരുന്നത്. എന്‍.കെ.ശശീധരന്‍, മെഴുവേലി ബാബുജി, പതാലില്‍ തമ്പി, തങ്കച്ചന്‍ കുന്നങ്കരിക്കളം, ജിജി ചിലമ്പില്‍ തുടങ്ങിയവരെല്ലാം മാറിമാറി വന്ന കാലങ്ങളില്‍ ഡിറ്റക്ടീവ് സാഹിത്യത്തിലൂടെ വായനക്കാരെ ത്രസിപ്പിച്ചവരാണ്, ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇതിനെയൊരു സാഹിത്യ ശാഖയായി അംഗീകരിക്കാന്‍ മലയാളി ഇപ്പോഴും തയ്യാറാകുന്നില്ല. അപസര്‍പ്പക സാഹിത്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം പറയുന്നത് അഗതാക്രിസ്റ്റിയെ കുറിച്ചും ആര്‍തര്‍കോനന്‍ ഡോയലിനെ കുറിച്ചുമാണ്. കാട്ടയം പുഷ്പനാഥിനെയും തോമസ് ടി.അമ്പാട്ടിനെയും ബാറ്റണ്‍ബോസിനെയും ആരും ഓര്‍ക്കുന്നില്ല. അവരെ കുറിച്ചു പറയുന്നത് ആക്ഷേപമായി കരുതുന്ന ഭാഷാസ്‌നേഹികളുള്ളപ്പോള്‍ അപസര്‍പ്പക സാഹിത്യത്തിന് എങ്ങനെ നമ്മുടെ നാട്ടില്‍ ഇടം ലഭിക്കും?.വിദ്യാഭ്യാസം ചെയ്യാന്‍ പണമില്ലാതിരുന്നപ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണന് അതിനുകഴിഞ്ഞത് അദ്ദേഹമൊരു ഡിറ്റക്ടീവ് നോവല്‍ രചിച്ചതിനാലാണ്. കോഴിക്കോട്ടെ പി.കെ.ബ്രദേഴ്‌സ് പ്രസിദ്ധീകരിച്ച മലയാറ്റൂരിന്റെ 'മഞ്ഞമുഖ'മെന്ന പുസ്തകത്തിന്റെ പ്രതിഫലംകൊണ്ടാണ് മലയാറ്റൂര്‍ പഠിച്ചത്. അപസര്‍പ്പക സാഹിത്യത്തിന് മലയാളത്തില്‍ ഇപ്പോഴും ഒരിടം ഒഴിഞ്ഞു കിടപ്പുണ്ട്. നല്ല കൃതികള്‍ ഉണ്ടായാല്‍ അതിനു വായനക്കാരും ഉണ്ടാകും. കേരളത്തില്‍ ഒരു കാലത്തുണ്ടായിരുന്ന അപസര്‍പ്പക സാഹിത്യത്തിന്റെ പ്രതാപകാലം വീണ്ടെടുക്കാന്‍ കഴിയണം. വായന സമ്പന്നമാകുന്നതും സാധാരണക്കാരിലേക്ക് വായനയുടെ സുഗന്ധം നിറയ്ക്കാന്‍ കഴിയുന്നതും അപ്പോഴാണ്. വായന മരണമണി മുഴങ്ങുന്നത് കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരവും ഇതു തന്നെയാണ്. സര്‍ക്കാരിനും സാഹിത്യ അക്കാദമിക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാകും.