എനിക്കു ചിലതു നിങ്ങളോടു തുറന്നു പറയാനുണ്ട്. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായി ഉള്ളുതുറന്നൊരു സംസാരം...അതിനാണിത്...
Sunday, February 6, 2011
ചിത്ര നക്ഷത്രം
മലയാളി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ശബ്ദമേതെന്ന ചോദ്യത്തിന് പെട്ടന്നുത്തരം നല്‍കാന്‍ കഴിയും. കെ.ജെ.യേശുദാസ് എന്ന്. മലയാളിയുടെ കാതുകള്‍ക്ക് ഇമ്പമേറ്റുന്ന കുയില്‍നാദമേതെന്ന ചോദ്യത്തിനും ഉത്തരം ഉടനുണ്ട്. കെ.എസ്.ചിത്രയെന്ന്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി 'ചിന്നക്കുയിലി'ന്റെ മധുരിത ശബ്ദം നമുക്കിടയിലുണ്ട്. പതിനയ്യായിരത്തില്‍ പരം പാട്ടുകളിലൂടെ നാമാശബ്ദത്തെ സ്‌നേഹിക്കുന്നു....കെ.എസ്.ചിത്ര പാട്ടുപാടിതുടങ്ങിയിട്ട് മുപ്പതു വര്‍ഷങ്ങളായി. ഇനിയുമെത്രയോ വര്‍ഷങ്ങള്‍ ചിത്രയുടെ പാട്ട് നമുക്കുകേള്‍ക്കാനുണ്ട്. തമിഴ്‌നാട്ടുകാര്‍ സ്‌നേഹത്തോടെ ചിന്നക്കുയിലെന്നു വിളിപ്പേരു നല്‍കിയ കേരളത്തിന്റെ സ്വന്തം വാനമ്പാടി....എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന സിനിമയിലൂടെയാണ് ചിത്ര ചലച്ചിത്രഗാനരംഗത്തെത്തുന്നത്. മുമ്പും ഗായികമാര്‍ നമുക്കനവധി ഉണ്ടായിരുന്നെങ്കിലും ചിത്രയുടെ ശബ്ദം നമുക്കിടയിലേക്കു വന്നശേഷമാണ് മലയാളികളുടെ ജീവിതാവസ്ഥകളില്‍ ഒരു പെണ്‍ശബ്ദം മാറ്റമുണ്ടാക്കി തുടങ്ങിയത്. ഗായകന്മാരോടായിരുന്നു മലയാളിക്ക് കൂടുതല്‍ താല്പര്യം. യേശുദാസിനും ജയചന്ദ്രനും മുമ്പേ നിരവധി ഗായകര്‍ നമ്മുടെ മനസ്സു കീഴടക്കി. പാട്ടുപാടാന്‍ ജാനകിയും സുശീലയും വാണിജയറാമുമെല്ലാം അന്നുണ്ടായിരുന്നെങ്കിലും ആണ്‍ശബ്ദത്തോടായിരുന്നു നമുക്കു കൂടുതലടുപ്പം. പെണ്‍ശബ്ദത്തെ ഇഷ്ടപ്പെട്ടിരുന്നത് ആണിനു കൂട്ടുപാടുമ്പോള്‍ മാത്രമായിരുന്നു. സാഹിത്യ സിനിമാ സംബന്ധമായ ഏതിനെകുറിച്ചായാലും എണ്‍പതുകളെന്നൊരു അതിര്‍വരമ്പു നമ്മള്‍ പറയാറുണ്ട്. എണ്‍പതുകളിലെ സിനിമ, എണ്‍പതുകളിലെ സാഹിത്യം....എന്നൊക്കെ. അതേ എണ്‍പതുകളില്‍ തന്നെയാണ് മലയാളികളുടെ സിരകളില്‍ സംഗീതത്തിന്റെ മാസ്മരിക ഭാവങ്ങള്‍ നിറച്ച് ചിത്രയുടെ പാട്ട് ഉച്ചസ്ഥായിയിലായത്. പെണ്‍ശബ്ദത്തെ മലയാളി സ്വീകരിച്ചു തുടങ്ങിയതും അക്കാലത്താണ്. ചിത്രയ്‌ക്കൊപ്പം ഒരുപിടി ഗായികമാരാണ് മലയാള സിനിമാ പിന്നണിസംഗീതം അടക്കിവാഴാനെത്തിയത്. അമ്പിളി, സുജാത, ലതിക, കെ.എസ്.ബിന തുടങ്ങിയരാണ് അക്കൂട്ടത്തിലുള്ളത്. എന്നാല്‍ ചിത്രയിലെ ഗായിക മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി പെട്ടന്നു വളര്‍ന്നു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെന്നിന്ത്യയിലാകെയും ചിത്രയുടെ പാട്ടു കേട്ടു...അട്ടഹാസത്തിനു ശേഷം നവംബറിന്റെ നഷ്ടം, ഞാന്‍ ഏകനാണ് എന്നീ സിനിമകളില്‍ ചിത്ര പാടി. പിന്നീട് നേരെ തമിഴിലേക്ക്. ഇളയരാജയുടെ സംഗീതത്തില്‍ നീ താനാ അന്തക്കുയില്‍ എന്ന സിനിമയില്‍ പാടി. പെണ്‍പാട്ടില്‍ തമിഴിലെ തിളക്കമുള്ള നക്ഷത്രമായി മാറാന്‍ ചിത്രയ്ക്ക് അധികകാലം വേണ്ടി വന്നില്ല. തമിഴില്‍ നിന്ന് പിന്നീട് തെലുങ്കിലേക്ക്. അവിടെനിന്ന് കന്നടയിലേക്ക്..തെന്നിന്ത്യയാകെ പാട്ടുകളുമായി ചിത്ര പാറിപ്പറന്നു. ഒറിയ, ഹിന്ദി, അസാമീസ്, ബംഗാളി, ബഡഗ, പഞ്ചാബി സിനിമകളിലും പാടിയിട്ടുണ്ട്. എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഗായികയാണ് ചിത്ര. ചിത്രയുടെ ശബ്ദം കേള്‍ക്കുന്ന ഏതൊരുമലയാളിയുടെയും മനസ്സില്‍ ഗൃഹാതുരമായ ചില സ്മരണകള്‍ ഉണര്‍ന്നു വരും. ടിവിയില്‍ ചിത്രപാടുമ്പോള്‍ വീട്ടിലെ പൂമുഖത്തേക്കു ചാഞ്ഞു നില്‍ക്കുന്ന കര്‍പ്പൂരമാവിന്റെ കൊമ്പിലിരുന്നൊരു കുയില്‍ പാടുന്നതുപോലെ....കിടക്കയ്ക്കരികിലിരുന്ന് മുടിയിഴകളിലൂടെ വിരലോടിച്ചൊരു സ്‌നേഹലാളനം അനുഭവിക്കുന്നതുപോലെ....''സംഗീതമേ! നിന്റെ ദിവ്യസൗഭാഗ്യത്തിന്‍സന്ദേശമായ് ഞാനുണര്‍ന്നുവെങ്കില്‍?പാരിരുള്‍ മൂടിയ മാനസസാനുവിന്‍പാഴ്ക്കതിരായി പടര്‍ന്നുവെങ്കില്‍?...''സംഗീതവുമായുള്ള ദിവ്യാനുരാഗത്തില്‍ ചിത്രയുടെ ശബ്ദം ഇഴുകിച്ചേരുമ്പോള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ അത് കുളിര്‍മഴ പെയ്യിക്കുന്നു. പുരുഷ ശബ്ദത്തില്‍ മാത്രം പാട്ടുകേള്‍ക്കാന്‍ താല്പര്യപ്പെട്ടിരുന്ന മലയാളിയുടെ മനസ്സിലേക്ക് പെണ്‍ശബ്ദത്തിന്റെ മാധുര്യം പകര്‍ത്തിയ വാനമ്പാടിയായി ചിത്ര..കേരളത്തിന്റെ സ്വന്തം വാനമ്പാടി.ആറുതവണ ചിത്രയ്ക്ക് നല്ല പാട്ടുകാരിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1986ല്‍ തമിഴ് സിനിമ 'സിന്ധുഭൈരവി'യിലെ പാട്ടിനായിരുന്നു ആദ്യം. ''പാടറിയേന്‍..പടിപ്പറിയേന്‍...പള്ളിക്കൂടം...'' എന്ന പാട്ട് ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടിലുണ്ട്.1987ല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നക്ഷതങ്ങള്‍എന്ന ചലച്ചിത്രത്തിലെ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞള്‍ക്കുറിമുണ്ടും ചുറ്റി....എന്ന പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു. കേട്ടാലും കേട്ടാലും മതിവരാത്ത ഈണം, കേട്ടാലും കേട്ടാലും മതിവരാത്ത ചിത്രയുടെ ശബ്ദം കൂടിയായാല്‍ പിന്നെ പറയേണ്ടതുമില്ല...ആ പാട്ടിനും ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...വൈശാലിയിലെ ഈ പാട്ട് ആര്‍ക്കാണു മറക്കാന്‍ കഴിയുക...89ലെ ദേശീയ അവാര്‍ഡ് ചിത്രയിലൂടെ കേരളത്തിലെത്തിയത് ഈ മനോഹരഗാനത്തിലൂടെയാണ്. 1996ല്‍ തമിഴില്‍ പുറത്തിറങ്ങിയ മിന്‍സാരക്കനവ് എന്ന സിനിമയിലൂടെയാണ് ചിത്രയെതേടി ദേശീയ പുരസ്‌കാരം വന്നത്. ''മാനാ മധുരൈ....ഓ..ലാ ലാ ലാ..''എന്ന ഗാനം ഭാഷയ്ക്കതീതമായി ഏവരും ഏറ്റുവാങ്ങി. 1997ല്‍ വിരാസത് എന്ന ഹിന്ദി ചലച്ചിത്രത്തിലെ പാട്ടിനാണ് മലയാളിയായ കെ.എസ്.ചിത്ര ദേശീയപുരസ്‌കൃതയായത്. 2004ല്‍ ചേരന്റെ ഓട്ടോഗ്രാഫിലൂടെ വീണ്ടും.തമിഴ്‌നാട് സര്‍ക്കാരിന്റെ നല്ലപാട്ടുകാരിക്കുള്ള പുരസ്‌കാരം ചിത്രയ്ക്ക് നാലുതവണ ലഭിച്ചു. ആന്ധ്രാസര്‍ക്കാരിന്റെത് എട്ടുതവണയും. കര്‍ണ്ണാടക സര്‍ക്കാര്‍ മൂന്നു വര്‍ഷങ്ങളില്‍ നല്ലപാട്ടുകാരിക്കുള്ള പുരസ്‌കാരം നല്‍കി ചിത്രയെ ആദരിച്ചിട്ടുണ്ട്. പതിനഞ്ച് തവണയാണ് കേരളാസര്‍ക്കാരിന്റെ പുരസ്‌കാരം ചിത്ര നേടിയത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ആന്ധ്രയുടെയും പുരസ്‌കാരങ്ങള്‍ ഒരേ വര്‍ഷം നേടിയിട്ടുമുണ്ട്.''ഒരേസ്വരം ഒരേനിറം ഒരേ ശൂന്യ സന്ധ്യാംബരം...''(എന്റെ കാണാക്കുയില്‍.1985), ''പൂമാനമേ ഒരു രാഗമേഘം താ...''(നിറക്കൂട്ട്.1985), ''ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍..''(നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്.1985), ''മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...''(നഖക്ഷതങ്ങള്‍.1986), ''ഈണം മറന്ന കാറ്റെ! ഇതിലേ പറന്ന കാറ്റെ!....''(ഈണം മറന്ന കാറ്റ്. 1987), ''താലോലം പൈതല്‍ താലോലം...''(എഴുതാപ്പുറങ്ങള്‍.1987), ''ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...''(വൈശാലി.1988), ''കളരിവിളക്കു തെളിഞ്ഞതാണോ...''(ഒരു വടക്കന്‍ വീരഗാഥ. 1989), ''തങ്കത്തോണി തെന്മലയോരം കണ്ടേ...''(മഴവില്‍ക്കാടവടി. 1989), ''കണ്ണില്‍ നിന്‍ മെയ്യില്‍...''(ഇന്നലെ.1990), ''പാലപ്പൂവേ നിന്‍ തിരുമംഗല്യത്താലി തരൂ..''(ഞാന്‍ ഗന്ധര്‍വ്വന്‍.1990). ''താരം വാല്‍ക്കണ്ണാടി നോക്കി...''(കേളി, 1991),''സ്വരകന്യകമാര്‍ വീണ മീട്ടുകയായ്...''(സാന്ത്വനം.1991), ''മൗനസരോവരമാകെയുണര്‍ന്നു..'' (സവിധം.1992), ''രാജഹംസമേ! മഴവില്‍ കുടിലില്‍...''(ചമയം. 1993),''സംഗീതമേ! നിന്റെ ദിവ്യസൗഭാഗ്യത്തിന്‍...''(ഗസല്‍.1993), ''പാര്‍വ്വവണേന്തു..''(പരിണയം.1994), ''ശശികലചാര്‍ത്തിയ ദീപാവലയം...''(ദേവരാഗം.1995), ''പുലര്‍വെയിലും പകല്‍മുകിലും...''(അങ്ങനെ ഒരവധിക്കാലത്ത്.1999), ''മൂളി മൂളി കാറ്റിനുണ്ടൊരു...''(തീര്‍ത്ഥാടനം.2001), ''കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍...''(നന്ദനം.2002), ''മയങ്ങിപ്പോയി...ഞാന്‍ മയങ്ങിപ്പോയി...''(നോട്ടം.2005). ഈ പാട്ടുകളെല്ലാം സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനു മുന്നേ ജനങ്ങളുടെ അംഗീകാരം നേടിയവയാണ്.നാട്ടിന്‍പുറ സംസ്‌കാരത്തിന്റെ തനിമയും പ്രയോഗ ശൈലിയുമാണ് ചിത്രപാടിയ പാട്ടുകള്‍ക്കേറെയും. നല്ല പാട്ടെഴുത്തുകാരന്റെ വരികളില്‍ക്കൂടി, നല്ല സംഗീതസംവിധായകന്റെ ഈണത്തില്‍ കൂടി ചിത്രയുടെ ശബ്ദത്തില്‍ വരുന്ന പാട്ടുകളെല്ലാം മലയാളിയെ ഗൃഹാതുര സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞത് അതിനാലാണ്. പ്രകൃകതിയുടെ വര്‍ണ്ണന ചിത്രപാടുമ്പോള്‍ നമ്മള്‍ ആ പ്രകൃതിയോടൊട്ടി നില്‍ക്കുകയാണെന്നു തോന്നും. ശിവമല്ലി പൂപൊഴിക്കും മാര്‍ഗ്ഗഴിക്കാറ്റെ..., വിരല്‍തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ...., ആടി തൊടിയിലേതോ..., ആവണിപ്പൊന്നൂഞ്ഞാല്‍...., കാറ്റില്‍ ഇളം കാറ്റില്‍...., ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന..., പാലപ്പൂവെ..., മഴവില്‍ കൊതുമ്പിലേറി വന്ന...., താരം വാല്‍ക്കണ്ണാടി നോക്കി......മനസ്സിലേക്കൊടിയെത്തുന്ന പാട്ടുകളെത്രയാണ്...ചിത്ര വലിയഭക്തയാണ്. അതിനാല്‍ അവരുടെ പാട്ടുകളില്‍ ഭക്തി മുഴച്ചു നില്‍ക്കുന്നു. കൃഷ്ണനെ വര്‍ണ്ണിക്കുന്നത് ചിത്രയുടെ ശബ്ദത്തിലാകുമ്പോള്‍ സാക്ഷാല്‍ കൃഷ്ണനു പോലും അസൂയ ഉണ്ടാകും. ചിത്രയുടെ പാട്ടിലൂടെ കൃഷ്ണനെ കാണാന്‍ ശ്രമിക്കുമ്പോള്‍ കാര്‍വര്‍ണ്ണന്‍ നമ്മുടെ വീട്ടില്‍ നമുക്കൊപ്പമുണ്ടെന്നു തോന്നും. മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി....., കണ്ണനെന്നു പേര്..., അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ..., കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍... തുടങ്ങിയ നിരവധിക്കാലങ്ങളില്‍ നമുക്കതു തിരിച്ചറിയാന്‍ കഴിയും. ഏതു പാട്ടും ചിത്രയില്‍ നിന്നു വരുമ്പോള്‍ ഭാവം മുഴുവന്‍ ആസ്വാദകനിലേക്ക് പകരും. ദുംഖമാണെങ്കില്‍ അതു കേള്‍വിക്കാരനിലേക്കും പങ്കുവയ്ക്കും. ചിരിയാണെങ്കില്‍ അത്. അടിച്ചുപൊളിയാണെങ്കില്‍ അത്. ഭക്തിയാണെങ്കില്‍ അതും...ചിത്രയുടെ ശബ്ദത്തിലൂടെ വൈകാരിക ഭാവങ്ങള്‍ സൃഷ്ടിച്ച പലപാട്ടുകളും ഹിറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ''ഒരു നറുപുഷ്പമായ്...''എന്നുള്ള മേഘമല്‍ഹാറിലെ പാട്ട് ഒരുദാഹരണമാണ്. ഹിന്ദുസ്ഥാനി സംഗിതത്തിന്റെ ഭാവങ്ങള്‍ ചാര്‍ത്തിയ നിരവധി ഗാനങ്ങളും ചിത്രയുടെ സംഗീതത്തിലൂടെ നമുക്കനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ''കരിനീലക്കണ്ണഴകീ...''എന്ന കണ്ണകി സിനിമയിലെ പാട്ട് കേട്ടു നോക്കൂ.ചിത്രയ്ക്കു ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങള്‍ നിരവധിയാണ്. വിവിധ സര്‍ക്കാരുകളുടെ ആദരവിനൊപ്പം ഭാരതം ഈ വിഖ്യാത ശബ്ദത്തെ ആദരച്ചിട്ടുണ്ട്. 2005ല്‍ പദ്മശ്രീ നല്‍കി.1963 ജൂലായ് 27ന് തിരുവനന്തപുരത്താണ് ചിത്രയുടെ ജനനം. പരേതനായ കരമനകൃഷ്ണന്‍നായരുടെ മകളായി. അദ്ദേഹമായിരുന്നു സംഗീതത്തിലെ ആദ്യഗുരു. ഡോ.കെ.ഓമനക്കുട്ടിയില്‍ നിന്ന് കര്‍ണ്ണാടക സംഗീതത്തില്‍ വിദഗ്ധ ശിക്ഷണം ലഭിച്ചു. കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്ദര ബിരുദം നേടി. എഞ്ചിനീയറായ വിജയശങ്കറാണ് ഭര്‍ത്താവ്. ഏകമകള്‍ നന്ദന.ചിത്രയെന്നു കേള്‍ക്കുമ്പോള്‍ നിരവധിപാട്ടുകള്‍ എന്നും ചുണ്ടിലേക്കോടിയെത്തും. ഇപ്പോള്‍ ചിത്രയുടെ രൂപം കൂടി മലയാളികളുടെ മനസ്സില്‍ തെളിയുന്നു. എപ്പോഴും ചിരിക്കുന്ന ചിത്രയുടെ മുഖം. റിയാലിറ്റി ഷോയിലെ വിധികര്‍ത്താവിന്റെ വേഷത്തിലൂടെ കുടുംബ സദസ്സുകള്‍ക്ക് ചിത്ര പ്രിയങ്കരിയാണെങ്കിലും പാട്ടുകേള്‍ക്കാനാണ് മലയാളിക്കെന്നും താല്പര്യം. ചിത്ര എന്നും പാടിക്കൊണ്ടേയിരിക്കുന്നതു കേള്‍ക്കാന്‍.....''..പതുങ്ങിവരും മധുമാസംമണമുരുളും മലര്‍മാസംനിറങ്ങള്‍ പെയ്യുമ്പോള്‍ലോലമായ് അതിലോലമായ്ശാന്തമായ് സുഖസാന്ദ്രമായ്അനുപദംമണിമയമായ്.....''
Subscribe to:
Post Comments (Atom)
No comments:
Post a Comment