അമര്‍ചിത്രകഥകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകുമോ? നമ്മുടെ പുരാണങ്ങളെ, ചരിത്ര വസ്തുതകളെ, ചരിത്ര പുരുഷന്മാരുടെ വീരകഥകളെ...എല്ലാം കുട്ടികളിലേക്കെത്തിച്ചത് അമര്‍ചിത്രകഥകളിലൂടെയാണ്. കുട്ടികളില്‍ വായനയെന്ന സ്വഭാവവും അറിവിന്റെ ബോധവും വളര്‍ത്താന്‍ അമര്‍ചിത്രകഥകള്‍ വളരെയധികം സഹായിച്ചു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ചിത്രകഥകളെ സ്‌നേഹിക്കുകയും അതിന്റെ വായനക്കാരാകുകയും ചെയ്തത് കഥപറയുന്നതിലും അത് വായനക്കാരെ മനസ്സിലാക്കിക്കുന്നതിലും ചിത്രകഥകള്‍ പുലര്‍ത്തി വന്ന പ്രത്യേകതകള്‍ കാരണമാണ്. അമര്‍ചിത്രകഥകള്‍ വായിച്ചിട്ടില്ലാത്ത കുട്ടികള്‍ ഇല്ലെന്നു പറയുന്നതിനൊപ്പം, അതു വായിച്ചിട്ടില്ലാത്ത മുതിര്‍ന്നവരും ഇല്ലെന്ന് പറയേണ്ടി വരും. കുഞ്ഞുമനസ്സുകളില്‍ ചിത്രകഥകള്‍ക്ക് ഇത്രയധികം സ്വാധീനം സൃഷ്ടിക്കാന്‍ മുഖ്യപങ്കു വഹിച്ച ഒരു വ്യക്തിയുണ്ട്. കഥകള്‍ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പറഞ്ഞ് കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ വിസ്മയിപ്പിച്ച ഒരാള്‍. അദ്ദേഹമാണ് കഴിഞ്ഞ ദിവസം കഥകളുടെ വലിയ കൂട്ടിലേക്ക് സ്വയം നടന്നുപോയ അനന്തപൈ. ആയിരക്കണക്കിന് പുരാണ കഥാപാത്രങ്ങളെ അദ്ദേഹം കുട്ടികള്‍ക്കു പരിചയപ്പെടുത്തി. മൃഗങ്ങളുടെ സംസാരിക്കുന്ന ലോകം സൃഷ്ടിച്ച് നിരവധി വിനോദകഥകള്‍ അദ്ദേഹം നമുക്കു പറഞ്ഞു തന്നു. കപീഷിനെയും സിഗാളിനെയും പീലുവിനെയുമൊക്കെ മറക്കാന്‍ കഴിയുന്ന കുട്ടികളുണ്ടാകില്ല.മരിച്ചയാള്‍ സമൂഹത്തിനു ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ മരണശേഷം വാഴ്ത്തപ്പെടുന്നത് നാട്ടു നടപ്പാണ്. മരിച്ച മഹാനെ ജനങ്ങള്‍ക്ക് അറിയാനും വീണ്ടുമോര്‍ക്കാനുമുള്ള വഴിയാണത്. എന്നാല്‍ അത്തരമൊരാനുകൂല്യം അനന്തപൈയ്ക്ക് മലയാള മാധ്യമങ്ങള്‍ വളരെയൊന്നും നല്‍കിയില്ല. മരണം തന്നെ പലരും അറിഞ്ഞില്ല. ഇത്രത്തോളം കുഞ്ഞുമനസ്സുകളെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച മറ്റൊരാളില്ലന്നിരിക്കെ അനന്തപൈയുടെ മരണത്തെ പ്രാധാന്യത്തോടെ കാണാന്‍ മാധ്യമങ്ങള്‍ക്കായില്ലെന്നത് പരിതാപകരമാണ്. ചിത്രകഥകളുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഓരോ കഥ പറയുമ്പോഴും അദ്ദേഹം കുട്ടികളുടെ മനസ്സിനെ അടുത്തു കണ്ടിരുന്നു. ചിത്രകഥകള്‍ വായിച്ച് കുട്ടികള്‍ വഴിതെറ്റില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ചിത്രകഥകളുടെ വായനയിലൂടെ കുട്ടികള്‍ കൂടുതല്‍ അറിവുള്ളവരായി വളരുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് പുരാണങ്ങളിലുള്ള അറിവ് കുറവാണെന്ന തിരിച്ചറിവാണ് അമര്‍ചിത്രകഥകളുമായി രംഗത്തു വരാന്‍ അനന്തപൈയെ പ്രേരിപ്പിച്ചത്. അതിനു പിന്നില്‍ അദ്ദേഹത്തെ ചിന്തിപ്പിച്ച ഒരു സംഭവവുമുണ്ട്. ഒരിക്കല്‍ ഒരു ക്വിസ് പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യന്‍ പുരാണങ്ങളും ഗ്രീക്ക് പുരാണങ്ങളുമായിരുന്നു ചോദ്യങ്ങള്‍. ഗ്രീക്ക് പുരാണ സംബന്ധമായ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറഞ്ഞ കുട്ടികള്‍ പക്ഷേ, ഭാരതീയ പുരാണങ്ങളില്‍ അറിവില്ലാത്തവരായിരുന്നു. നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള വഴിയായാണ് അദ്ദേഹം അമര്‍ചിത്രകഥ തുടങ്ങിയത്. 1965-70 കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ പാശ്ചാത്യ കോമിക്കുകളിലും ഫാന്റം, സൂപ്പര്‍മാന്‍ തുടങ്ങിയ ഇറക്കുമതിക്കഥകളിലും പെട്ടുകിടക്കുകയായിരുന്നു. അതിനു മാറ്റം വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. നമ്മുടെ സംസ്‌കാരത്തിലും പുരാണത്തിലുമൂന്നിയ കഥകളുടെ വലിയ സദ്യ അദ്ദേഹം കുഞ്ഞുങ്ങള്‍ക്കായി ഒരുക്കി. കഥ പറയുന്ന അമ്മൂമ്മമാര്‍ നഷ്ടമായിക്കൊണ്ടിരുന്ന സമൂഹത്തില്‍, കഥപറയാനറിയാത്തവരോ അതിനു സമയമില്ലാത്തവരോ ആയ രക്ഷിതാക്കളുള്ള കുടുബത്തില്‍ ആ കര്‍ത്തവ്യം അനന്തപൈയുടെ അമര്‍ചിത്രകഥകള്‍ ഏറ്റെടുത്തു. കുഞ്ഞുങ്ങളോട് വിവിധ ഭാരതീയ ഭാഷകളിലൂടെ കഥകള്‍ പറഞ്ഞു തുടങ്ങി. മഹാഭാരതത്തിലെ വിവിധങ്ങളായ കഥാപാത്രങ്ങളെ കുറിച്ച്, രാമായണത്തെ കുറിച്ച്, ചരിത്ര പുരുഷന്മാരെ കുറിച്ച്....1967ലാണ് അമര്‍ചിത്രകഥ പ്രസീദ്ധീകരണം ആരംഭിച്ചത്. 'അമര്‍ചിത്രകഥ'കളുടെ വിജയം നാളിതുവരെയുള്ള പ്രസിദ്ധീകരണ ചരിത്രത്തെ അതിശയിപ്പിക്കുന്നതായി വളര്‍ന്നത് കുറഞ്ഞകാലത്തിലാണ്. പുരാണകഥകളും ചരിത്രകഥകളുംഹൃദ്യമായ ചിത്രങ്ങളോടെ അവതരിപ്പിച്ചാണ് 'അമര്‍ചിത്രകഥ' കുട്ടികളെ എളുപ്പം വശീകരിച്ചത്. അനന്തപൈ തന്നെ അവയ്ക്ക് അക്ഷരരൂപം നല്കി. ചിത്രങ്ങളിലും എഴുത്തിലും തെല്ലും വിട്ടുവീഴ്ചചെയ്യാതെയാണ് അദ്ദേഹം വളരെക്കാലം 'അമര്‍ചിത്രകഥ' തുടര്‍ന്നുവന്നത്. അത്ഭുകരമായിരുന്നു അവയുടെ വില്‍പ്പനകണക്ക്. ഇംഗ്ലീഷിലും ഇരുപതിലേറെ ഭാരതീയ ഭാഷകളിലുമായി പ്രതിവര്‍ഷം മുപ്പതുലക്ഷം കോപ്പികളാണ് അമര്‍ചിത്രകഥ ചൂടപ്പംപോലെ വിറ്റത്. 2007ല്‍ എ.സി.കെ.മീഡിയ ഏറ്റെടുക്കുംവരെ അനന്തപൈ ആണ് ഇതിന് നേതൃത്വം വഹിച്ചത്. ഭാരതത്തിന്റെ സ്വന്തം കോമിക് കഥാപാത്രങ്ങളുമായി 'ട്വിങ്കിള്‍' ചിത്രകഥാ പ്രസിദ്ധീകരണവും അനന്തപൈ പുറത്തിറക്കി. അമര്‍ചിത്രകഥയുടെ വിജയമാണ് 'ട്വിങ്കിളി'ലേക്ക് പൈയുടെ ശ്രദ്ധതിരിച്ചത്. 'രംഗ്‌രേഖ ഫീച്ചേഴ്‌സി'ന്റെ ബാനറില്‍ തുടങ്ങിയ ട്വിങ്കിളാണ് ഇന്ത്യയിലെ ആദ്യത്തെ കോമിക് കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ്. 1998വരെ ട്വിങ്കിളിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. എക്കാലത്തും കുട്ടികളുടെ മനം കവര്‍ന്ന 'കപീഷ്' എന്ന അത്ഭുതവാലുള്ള കുരങ്ങനെയും അദ്ദേഹം സൃഷ്ടിച്ചു. കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പൂമ്പാറ്റ ദൈ്വവാരികയും പൈകോക്ലാസിക്‌സും അനന്തപൈയുടെ സര്‍ഗ്ഗാത്മകതയില്‍ ജനിച്ചവയാണ്. 1937ല്‍ കര്‍ണ്ണാടകയിലെ മംഗലാപുരത്ത് കര്‍ക്കലയിലാണ് അനന്തപൈ ജനിച്ചത്. ശാസ്ത്രവിഷയങ്ങളാണ് പഠിച്ചതെങ്കിലും താല്‍പര്യം മുഴുവന്‍ കോമിക്‌സുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിലായിരുന്നു. 1954ലാണ് എഡിറ്റിംഗിലേക്കും പ്രസാധനത്തിലേക്കും പൈ ഇറങ്ങിത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ പുസ്‌കവിഭാഗത്തിന്റെ ജൂനിയര്‍ എക്‌സിക്യൂട്ടിവ് ആയി. അവിടെ വച്ചാണ് 'ഇന്‍ക്രാജല്‍' എന്ന കോമിക്പുസ്തകം പുറത്തിറക്കിയത്.പണ്ടു 'പൂമ്പാറ്റ'യും പിന്നീട് 'ബാലരമ'യും ആദ്യം കയ്യില്‍ കിട്ടിയാല്‍ കുട്ടികള്‍ വായിച്ചിരുന്നത് കപീഷിനെയാണ്. കപീഷിന് ഹനുമാന്‍ അറിഞ്ഞു നല്‍കിയ വരമായിരുന്നു നീട്ടാന്‍ കഴിയുന്ന മാന്ത്രികവാല്‍. ആ വാലിന്റെ മാന്ത്രികതയില്‍ ശത്രുക്കളെ തോല്‍പ്പിച്ച നിരവധി കഥകള്‍. നല്ലവരായ പിന്റുവും മോട്ടുവും ബന്ദിരയും....ക്രൂരന്മാരായ സിഗാളും പീലുവും ദൊപ്പയ്യയും...പിന്നെ കാട്ടിലെ നിയമങ്ങളും. എല്ലാം കുട്ടികള്‍ വളരെക്കൂടുതല്‍ ഇഷ്ടപ്പെട്ടു. കഥകളുടെ വിസ്മയപ്പെട്ടി തുറന്നുവയ്ക്കാന്‍ ഇനി അങ്കിള്‍പൈ എന്ന കുട്ടികളുടെ പൈമാം ഇല്ല. വര്‍ഷങ്ങളോളം എണ്ണമറ്റ കുട്ടികളെ കഥകളുടെ മഹാസാഗരത്തിലേക്ക് ആനയിച്ച 'അമര്‍ ചിത്രകഥ'യുടെ പിതാവ് അനന്ത്‌പൈ കഥകളുടെ വിസ്മയക്കൂട് നമ്മുടെ കുട്ടികള്‍ക്കായി, ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി നല്‍കിയിട്ടാണ് മരണത്തിന് കീഴടങ്ങിയത്. അവയെല്ലാം കുഞ്ഞുങ്ങളെക്കൊണ്ട് നമുക്കു വായിപ്പിക്കാം. അനന്തപൈയെ എക്കാലത്തും ഓര്‍ത്തു വയ്ക്കാന്‍ അതുപകരിക്കും. അദ്ദേഹത്തിനു നല്‍കുന്ന ശ്രദ്ധാഞ്ജലിയാണത്.
No comments:
Post a Comment