എനിക്കു ചിലതു നിങ്ങളോടു തുറന്നു പറയാനുണ്ട്. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായി ഉള്ളുതുറന്നൊരു സംസാരം...അതിനാണിത്...
Saturday, March 12, 2011
വടക്ക് കിഴക്കന്‍ സാഹിത്യം
കേരളത്തിലെ എഴുത്തുകാര്‍ ഭാഗ്യശാലികളാണെന്ന് പറയാറുണ്ട്. സാഹിത്യത്തിന് വേണ്ടത്ര സ്വീകാര്യതയുള്ള സമൂഹത്തിലാണ് മലയാള ഭാഷയിലെഴുതുന്ന സാഹിത്യപ്രവര്‍ത്തകര്‍ ജീവിക്കുന്നത് എന്നതാണതിനു കാരണം. എഴുത്തുകാര്‍ക്ക് വലിയതോതില്‍ ബഹുമാനം നല്‍കുന്നവരാണ് മലയാളികള്‍. പുസ്തകങ്ങള്‍ വായിക്കുന്നവരാണെങ്കിലും അല്ലെങ്കിലും ഒരാള്‍ എഴുത്തുകാരനാണെന്നറിഞ്ഞാല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പുസ്തകം വാങ്ങുന്ന ശീലമുള്ള വലിയ സമൂഹം കേരളത്തിലുണ്ട്. അവരെല്ലാം പുസ്തകം വായിക്കുന്നവരാണെന്ന് പറയാന്‍ കഴിയില്ല. തങ്ങളുടെ വീട്ടിലെ മുറിഅലമാരകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പുസ്തകം വാങ്ങിക്കൂട്ടുന്നവരില്‍ കൂടുതലും. വായിക്കുന്നില്ലെങ്കിലും പുസ്തകങ്ങളെ കുറിച്ചുള്ള അറിവ് ഇത്തരക്കാര്‍ക്ക് കൂടുതലാണ്. നല്ല പുസ്തകങ്ങളും മോശം പുസ്തകങ്ങളും അവര്‍ പെട്ടന്നു തിരിച്ചറിയുന്നു. പുസ്തകം വായിക്കാനായോ അല്ലാതെയോ വാങ്ങിക്കൂട്ടുന്നവരാണ് എഴുത്തുകാര്‍ക്ക് പണം സമ്പാദിച്ചു നല്‍കുന്നത്. പുസ്തകങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നാല്ലാതെയും എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗ്ഗശേഷി വിറ്റ് കാശാക്കുന്നുണ്ട് കേരളത്തില്‍. അത് പ്രസംഗത്തിലൂടെയും കഥപറച്ചിലിലൂടെയും കവിതചൊല്ലലിലൂടെയുമൊക്കെയാണ്. കൂടാതെ പലതരത്തിലുള്ള പുരസ്‌കാരങ്ങളിലൂടെയും നല്ലൊരു തുക സാഹിത്യകാരന്മാരുടെ കയ്യിലെത്തുന്നുണ്ട്. ആകെക്കൂടി കണക്കു കൂട്ടുമ്പോള്‍ കേരളത്തിലെ എഴുത്തുകാര്‍ എന്തുകൊണ്ടും ഭാഗ്യം ചെയ്തവരാണ്. നല്ല പണം, ആദരവ്, അന്തസ്...എല്ലാം അവര്‍ക്ക് കിട്ടുന്നു. ഭാരതത്തിന്റെ തെക്കേഅറ്റത്തുള്ള ചെറിയ സംസ്ഥാനത്തിരുന്ന്, ഒരു കുഞ്ഞുഭാഷയില്‍ എഴുതുന്നവരുടെ കാര്യമാണ് മേല്‍വിവരിച്ചത്. ഒന്നോ രണ്ടോ കവിത പ്രസിദ്ധപ്പെടുത്തിയാല്‍, മാസികയിലോ വാരികയിലോ കഥ അച്ചടിച്ചു വന്നാല്‍, ഒരു പുരസ്‌കാരം ലഭിച്ചാല്‍ കേരളത്തില്‍ ഏതൊരാളും സാഹിത്യകാരനാകും. മറ്റു സംസ്ഥാനങ്ങളില്‍ ഈ പ്രവണത ഇല്ലെന്നു തന്നെ പറയാം. കേരളത്തില്‍ ആരുടെയും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പര്യാപ്തമായത്ര പ്രസിദ്ധീകരണങ്ങളുണ്ട്.എന്നാല്‍ കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചാണ്. അവിടെ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് മാന്യത ലഭിക്കുന്നില്ലെന്നു മാത്രമല്ല, സാഹിത്യ പ്രവര്‍ത്തനം മാത്രം ചെയ്യുന്നയാള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയുമാണ്. കേരളത്തിലെ പോലെ പുസ്തകം വാങ്ങുന്നവരോ വായിക്കുന്നവരോ ഇല്ല. കേരളത്തിലെ പോലെ സാഹിത്യത്തിന് വലിയ സ്വാധീനം സമൂഹത്തില്‍ ചെലുത്താനുമായിട്ടില്ല. എന്നാല്‍ വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നല്ല സാഹിത്യം ജനിക്കുന്നുണ്ട്. നല്ല കവിതകളും നല്ല കഥകളും ഉണ്ടാകുന്നു. സാഹിത്യത്തെ പേരിനു വേണ്ടി മാത്രമല്ലാതെ ഗൗരവത്തോടെ കാണുന്നവരാണ് അവിടങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകര്‍. ഈയിടെ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. തെക്കന്‍ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും കൂട്ടായ്മയായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെങ്കിലും കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വേണ്ടത്ര പ്രാതിനിധ്യം പരിപാടിക്കില്ലായിരുന്നു. സാഹിത്യ അക്കാദമിയും സംസ്ഥാന സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഒരു മനസ്സോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കവികളും കഥാകൃത്തുക്കളും ഒത്തു കൂടിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും വേദനിക്കുന്നവനും വേണ്ടിയുള്ള എഴുത്തിന്റെ മനസ്സ് അവര്‍ തുറന്നു വയ്ക്കുകയും പങ്കു വയ്ക്കുകയും ചെയ്തു. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നായി നാല്പതോളം സാഹിത്യപ്രവര്‍ത്തകരാണ് പങ്കെടുത്തത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാഹിത്യത്തിനും സാഹിത്യകാര്‍ക്കും ലഭിക്കുന്ന സ്വീകാര്യത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കാത്തത് അതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെയും സാക്ഷരതയുടെയും കുറവാണെന്നാണ് വിലയിരുത്തുന്നത്. പരമ്പരാഗതമായി കേട്ടുവരുന്നതും പാടിവരുന്നതുമായ കഥകള്‍ക്കും കവിതകള്‍ക്കും അപ്പുറം പുതിയ കഥകളും കവിതകളും ഉണ്ടാകുന്നുണ്ടെന്ന് അറിയാത്തവരാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ കൂടുതലും. അത്തരം വേവലാതികളാണ് ആ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ധനദാ ദേവി(ആസാമിയ), ജോഗേശ്വര്‍ വൈഖ്യ(മണിപ്പൂരി), ആര്‍.എല്‍.തന്‍മാവിയ(മിസോ) എന്നിവര്‍ പങ്കുവച്ചത്. അക്ഷരം വായിക്കാനും അതാസ്വദിക്കാനും അറിയാത്തവരെങ്ങനെ കഥയുടെയും കവിതകളുടെയും വായനക്കാരാകും?.ഈ സംസ്ഥാനങ്ങളില്‍ സാഹിത്യ സാക്ഷരതയുണ്ടാക്കണമെന്നതാണ് അവിടെനിന്നുള്ള സാഹിത്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യം. ഒറിയയിലോ അസാമീസിലോ എഴുതപ്പെട്ടിട്ടുള്ള ഒരു നോവല്‍ ഭാഷമാറ്റി മലയാളത്തിലച്ചടിച്ചു വന്നാല്‍ അതിനു വായനക്കാരേറെയുണ്ടാകുന്നു. പക്ഷേ, അതേ ഭാഷ മാതൃഭാഷയായി സംസാരിക്കുന്നവരുടെ ഇടയില്‍ ആ നോവലിന് വേണ്ടത്ര സമ്മിതിയും പ്രചാരവും ലഭിക്കുന്നില്ല. ഈ പ്രവണതയ്ക്ക് ഉത്തരവാദി ആരാണെന്നതു കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. സാഹിത്യത്തിന്റെയും ഭാഷയുടെയും വളര്‍ച്ചയ്ക്ക് പിന്നാക്ക സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിനു ധനമാണ് കേന്ദ്രസര്‍ക്കാരും മറ്റ് ഏജന്‍സികളും ഒഴുക്കുന്നത്. എന്നാല്‍ അതൊന്നും കാര്യമായ പ്രയോജനം ചെയ്യുന്നില്ല. പ്രയോജനമുണ്ടാകാത്തതിനുള്ള കാരണമായി അവിടെ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത് ഒഴുകിയെത്തുന്ന പണത്തിന്റെ സിംഹഭാഗവും ഇടനിലക്കാരുടെ കൈകളിലാണ് എത്തുന്നത് എന്നതാണ്. ഈ സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കാനുള്ള കാരണമായും അവിടെ നിന്നുള്ള എഴുത്തുകാര്‍ എടുത്തുകാട്ടുന്നതും സാഹിത്യത്തിന്റെ പ്രചാരക്കുറവും അതില്‍ നിന്നുള്ള അനുഭവക്കുറവുമാണ്. നല്ല സാഹിത്യം വായിക്കുന്നവരുടെ മനസ്സില്‍ കരുണയും അനുകമ്പയും സഹാനുഭൂതിയുമെല്ലാം ഉയര്‍ന്ന അവസ്ഥയിലായിരിക്കുമെന്നും അവര്‍ പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫോക്‌ലോര്‍ കലകള്‍ക്ക് വളരെ പ്രചാരമുണ്ട്. അതില്‍ കൂടുതലും അവിടുത്തെ കാര്‍ഷിക സംസ്‌കൃതിയും ജീവിത രീതിയുമായി ബന്ധപ്പെട്ടതാണ്. അത്തരം കലകളെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആശയപ്രചരണത്തിനുള്ള മാര്‍ഗ്ഗങ്ങളാക്കി മാറ്റിയെന്നും അവിടെ നിന്നുള്ളവര്‍ വേവലാതിപ്പെടുന്നു. മലയാളത്തില്‍ നിന്നുള്ള മികച്ച കൃതികളൊന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. അവിടെ നിന്നുള്ള സാഹിത്യപ്രവര്‍ത്തകരില്‍ ചിലര്‍ ഒ.വി.വിജയന്റെയും എം.ടിയുടെയും മറ്റും കൃതികള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിച്ചവയാണ്. ഭരണകര്‍ത്താക്കള്‍ പിന്നാക്കമെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയിട്ടുള്ള ഇത്തരം സംസ്ഥാനങ്ങളില്‍ വലിയൊരു ജനസംസ്‌കാരമുണ്ടെന്നത് മറന്നുപോകുന്നത് അപകടകരമായിരിക്കുമെന്നാണ് മിസോറാമില്‍ നിന്നുള്ള കവി ആര്‍.എല്‍.തന്‍മാവിയ പറഞ്ഞത്. ഭാരതത്തിന്റെ തനതായ പാരമ്പര്യമാണ് അവിടെ നിലനില്‍ക്കുന്നത്. അതത്രയും ശരിയുമാണ്. ഭക്ഷണത്തോടൊപ്പം, തൊഴിലിനോടൊപ്പം...അല്പം സാഹിത്യം കൂടി നല്‍കിയാന്‍ സാംസ്‌കാരിക ബോധവും ദേശാഭിമാനവുമുള്ള വലിയൊരു ജനതയെ സൃഷ്ടിക്കാന്‍ കഴിയും. സര്‍ക്കാരുകള്‍ പണം ചെലവിടേണ്ടത് ആ ഉദ്ദേശ്യത്തോടെയായിരിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment