എനിക്കു ചിലതു നിങ്ങളോടു തുറന്നു പറയാനുണ്ട്. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായി ഉള്ളുതുറന്നൊരു സംസാരം...അതിനാണിത്...
Friday, January 28, 2011
സിനിമ തടവറയില്‍
സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയ്‌ക്കെല്ലാം വിലക്കുകളേര്‍പ്പെടുത്തിയിരിക്കുന്ന നിരവധി രാജ്യങ്ങളും ഭരണാധികാരികളും സംഘടനകളുമുണ്ട്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും കലാകാരന്മാരുമെല്ലാം ഇതിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. ഈ രാജ്യങ്ങളിലെ പല ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മറ്റുരാജ്യങ്ങളില്‍ ജീവിച്ചു കൊണ്ടാണ് തങ്ങളുടെ രാജ്യത്തെ കുറിച്ച് സിനിമ ഉണ്ടാക്കുന്നതും തങ്ങളുടെ രാജ്യത്തെ കുറിച്ച് എഴുതുന്നതും. ഇറാനില്‍ നിന്നുള്ള സിനിമകളെ കുറിച്ച് നമ്മുടെ സിനിമാആസ്വാദകരും നിരൂപകരുമെല്ലാം വാഴ്ത്തിപ്പറയാറുണ്ട്. ആ സിനിമ നിര്‍മ്മിക്കുന്നതിനു പിന്നില്‍ അവര്‍ അനുഭവിക്കുന്ന വളരെ വലിയ വിഷമങ്ങളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്. ഇറാനില്‍ ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന രാജ്യമാണ്. ജനങ്ങളുടെ അഭിപ്രായത്തിനും സ്വാതന്ത്ര്യത്തിനും മതഭരണകൂടം അവിടെ വലിയ വിലയൊന്നും കല്പിക്കുന്നില്ല. സിനിമ കാണുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും തെറ്റാണെന്നു കരുതുന്നൊരു മതസമൂഹത്തില്‍ എങ്ങിനെ സര്‍ഗ്ഗാത്മകമായി ജീവിക്കാനാകും. എങ്കിലും ഇറാനിലെ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് നല്ല സിനിമകളുണ്ടാകുന്നു. ലോക സിനിമയില്‍ ഇറാനിയന്‍ സിനിമയ്ക്ക് പ്രത്യേകസ്ഥാനം ഉണ്ടായത് എതിര്‍പ്പുകളെ അവഗണിച്ചും തങ്ങള്‍ക്ക് പറയാനുള്ളത് ധൈര്യത്തോടെ തുറന്നു പറയാന്‍ ഇറാനില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ തയ്യാറായതിനാലാണ്. അവര്‍ക്കു പറയാനുള്ളത് ഇസ്ലാമിക ഭരണത്തില്‍ ഇറാനിലെ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളും ദുരിതങ്ങളും അസ്വാതന്ത്ര്യവുമാണ്. കരിനിയമങ്ങള്‍ അടിച്ചേല്പിച്ചും തുറന്നു പറച്ചിലിന് വിലക്കേര്‍പ്പെടുത്തിയും ജനങ്ങളെ അസ്വാതന്ത്ര്യത്തിലിട്ട് കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധമാകുന്നു അത്തരം സിനിമകള്‍. അത്തരം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കൊന്നും സ്വന്തം രാജ്യത്ത് സൈ്വര്യമായി ജീവിക്കാനാകുന്നില്ല. അവരെല്ലാം സ്വന്തം നാടുവിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നു. സ്വാതന്ത്ര്യവും ഉള്ളുതുറന്ന് സംസാരിക്കാനുള്ള അനുവാദവും സത്യം വിളിച്ചുപറയാനും അസത്യത്തെ ചൂണ്ടിക്കാട്ടാനും സ്വാതന്ത്ര്യവുമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി, അവിടിരുന്ന് അവര്‍ സ്വന്തം രാജ്യത്തെക്കുറിച്ച് സിനിമകളിലൂടെ, സാഹിത്യത്തിലൂടെ സംസാരിക്കുന്നു. എന്നാല്‍ സ്വന്തം മണ്ണുവിട്ടുപോകാന്‍ മടിയുള്ളവരുമുണ്ട്. അവര്‍ ഭരണകൂട, മത ഭീകരതകള്‍ക്കെതിരെ പ്രതികരിച്ച് സ്വയം കുരിശില്‍ തറയ്ക്കപ്പെടുന്നു. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യത്തിനായി സംസാരിച്ചതിന് അത്തരക്കാര്‍ തുറുങ്കിലടയ്ക്കപ്പെടുന്നു. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂസിയാബോ അത്തരത്തില്‍ സ്വയം പീഡനമേറ്റുവാങ്ങിക്കുയായിരുന്നു. ഭരണകൂട ഭീകരതക്കെതിരെ സംസാരിച്ചതിന്, എഴുതിയതിന് അദ്ദേഹത്തെ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലടച്ചു. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചപ്പോഴാണ് ലിയൂസിയാബോ മാധ്യമശ്രദ്ധ നേടിയത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ നിരവധി സിനിമകളുണ്ട്. 2003 ല്‍പുറത്തിറങ്ങിയ ഒസാമ എന്ന ചലച്ചിത്രം അത്തരത്തിലൊന്നായിരുന്നു. താലിബാന്‍ ഭരണത്തില്‍ ജനസമൂഹം നേരിടുന്ന ദുരന്തങ്ങളെ വസ്തുതാപരമായി കാട്ടിത്തരുകയായിരുന്നു ഒസാമയിലൂടെ അഫ്ഗാന്‍ ചലച്ചിത്ര സംവിധായകനായ സിദ്ധിക്ക് ബര്‍മാര്‍ക്ക്. പക്ഷേ, അദ്ദേഹം സിനിമ ചെയ്തത് അഫ്ഗാനിലിരുന്നല്ല. അയര്‍ലണ്ട്, ജപ്പാന്‍, നെതര്‍ലണ്ട്‌സ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ സംയുക്തസംരംഭമായാണ് ഒസാമ പുറത്തിറങ്ങിയത്. സിനിമ രാജ്യാന്തര പ്രശസ്തി നേടുകയും നിരവധി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്‌തെങ്കിലും അഫ്ഗാന്‍ ജനതയ്ക്ക് സ്വസ്ഥമായി സിനിമകാണാനുള്ള ഭാഗ്യവും അവസരവുമുണ്ടായില്ല. താലിബാന്‍ ഭീഷണി തന്നെയായിരുന്നു കാരണം. താലിബാന്‍ നടപ്പിലാക്കിയ മതനിയമങ്ങളുടെ ദുരന്തം വളരെക്കൂടുതല്‍ അനുഭവിച്ച ജനതായാണ് അഫ്ഗാനിലേത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന തരത്തില്‍ വലിയതോതില്‍ കരിനിയമങ്ങള്‍ അവരടിച്ചേല്പിച്ചിരുന്നു. അത്തരം കരിനിയമങ്ങളുടെ ഇടയില്‍ ഒരു സ്ത്രീയും അവരുടെ മകളും അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ ഏതുമനുഷ്യന്റെയും മനസ്സിനെ ദുഃഖിപ്പിക്കുന്ന തരത്തില്‍ ഒസാമയില്‍ ആവിഷ്‌കരിക്കുന്നു. അത്തരം നിരവധി സിനിമകള്‍ താലിബാന്‍ ഫാസിസത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവസൃഷ്ടിച്ച സംവിധായകരും എഴുത്തുകാരുമെല്ലാം ആ രാജ്യങ്ങള്‍ക്കു പുറത്തു നിന്നാണ് തങ്ങളുടെ രാജ്യത്തെ കുറിച്ച് ലോകത്തോടു സംസാരിച്ചത്.എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് ഇറാന്‍ സംവിധായകനായ ജാഫര്‍പനാഹി. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂസിയാബോയെ പോലെ സ്വന്തം രാജ്യത്തു നിന്നുകൊണ്ടാണ് അദ്ദേഹവും സംസാരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ. അദ്ദേഹത്തിനും ചൈനയിലെ ലിയൂസിയാബോയുടെ അനുഭവം തന്നെ ഉണ്ടായിരിക്കുന്നു. ഇറാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ തുറുങ്കിലടച്ചു. ഇരുപതു വര്‍ഷത്തേക്ക് സിനിമ എടുക്കാനോ തിരക്കഥ എഴുതാനോ, എന്തിന് അഭിമുഖം നല്‍കാന്‍ പോലുമോ പാടില്ലെന്നാണ് സര്‍ക്കാരിന്റെ കല്പന. ആറുവര്‍ഷത്തേക്ക് അദ്ദേഹത്തെ ജയിലിലടച്ച സര്‍ക്കാര്‍ ഇനി സിനിമ എടുക്കരുതെന്ന് കൂടി കല്പിക്കുമ്പോള്‍ ഒരു പൗരന്റെ സ്വാതന്ത്ര്യം എത്രത്തോളം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് തിരിച്ചറിയപ്പെടുന്നു. ഇറാനിലെ മത ഭരണകൂടത്തിന് സിനിമയടക്കമുള്ള കലാപ്രവര്‍ത്തനത്തോട് അസഹിഷ്ണുതയാണെന്ന ആരോപണത്തെ ശരിവയ്ക്കുകയാണ് ജാഫര്‍പനാഹിക്കെതിരായ നടപടി. സെന്‍സര്‍ഷിപ്പ് അടക്കമുള്ള കടുത്ത നിബന്ധനകള്‍ അടിച്ചേല്പിച്ച് മതഭരണകൂടം ഇറാനില്‍ സിനിമാ പ്രവര്‍ത്തകരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. വനിതകളുടെ സ്വാതന്ത്ര്യത്തിനും അവരുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കും വേണ്ടി സംസാരിച്ചവയാണ് ജാഫര്‍പനാഹിയുടെ ചലച്ചിത്രങ്ങള്‍. ഇസ്ലമിക ഭരണത്തില്‍ ഏതു രാജ്യത്തും ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് വനിതകളാണ്. അവര്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന് വിലക്ക്, കലാപ്രവര്‍ത്തനത്തിന് വിലക്ക്, അഭിപ്രായം പറയാന്‍ അവകാശമില്ല, ജോലിയെടുക്കാന്‍ അവകാശമില്ല...ഇത്തരത്തില്‍ എല്ലാ മേഖലകളിലും അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഫുട്‌ബോള്‍ കളി കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ കഥപറഞ്ഞ ജാഫര്‍പനാഹിയുടെ ഓഫ് സൈഡെന്ന സിനിമ വളരെ പ്രശസ്തമാണ്. ആണ്‍വേഷം കെട്ടി സ്റ്റേഡിയത്തിലെത്തുന്ന പെണ്‍കുട്ടികള്‍ ഇറാനിയന്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കു നേരെയുള്ള വിരല്‍ ചൂണ്ടലാണ്. അഫ്ഗാനിലെ കഥ പറഞ്ഞ ഒസാമയിലും ജോലിചെയ്യാതെ ജീവിക്കാതിരിക്കാന്‍ കഴിയാത്ത പെണ്‍കുട്ടി, ജോലിചെയ്യാന്‍ വിലക്കുള്ള അഫ്ഗാനില്‍ ആണ്‍വേഷം കെട്ടി ജോലി ചെയ്യുന്നതും ക്രൂരമായ ഇസ്ലാമിക കരിനിയമത്തെ കാട്ടിത്തരലാണ്.ജാഫര്‍പനാഹിയെ ജയിലിലടച്ച ഇറാന്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇറാനിയന്‍ സിനിമയെ വളരെക്കൂടുതല്‍ സ്‌നേഹിക്കുന്ന സമൂഹമാണ് കേരളത്തിലേത്. എന്നാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പോലും അതു കണ്ടില്ലെന്നു നടിക്കുന്നു. ഇറാനിലേത് ഇസ്ലാമിക ഭീകരതയാണ്. അതിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വിരുദ്ധമാണെന്ന് ചിന്തിക്കുന്നവരുണ്ടാകാം. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പോള്‍ കേരളത്തില്‍ ഹര്‍ത്താലാചരിച്ചു. എന്നാല്‍ ജാഫര്‍പനാഹി എന്ന സര്‍ഗ്ഗാത്മക സിനിമാ സാഹിത്യ പ്രവര്‍ത്തകനു നേരെ മതഭീകരത ഫണം വിരിച്ചപ്പോള്‍ അതുണ്ടായില്ല. കാരണം, ഇറാന്‍ സര്‍ക്കാരാണല്ലോ അതു ചെയ്തത്. എങ്ങിനെ പ്രതികരിക്കാന്‍ കഴിയും. കഷ്ടം.
Subscribe to:
Post Comments (Atom)
No comments:
Post a Comment