''ഹാ! വരും വരും നൂന-
മദ്ദിന,മെന്‍നാടിന്റെ
നാവനങ്ങിയാല്‍ ലോകം
ശ്രദ്ധിക്കും കാലം വരും!'' എന്നു പാടിയ മഹാകവിയുടെ വാക്കുകള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നു. തുഞ്ചന്റെ പൈങ്കിളി തത്ത പാടിപ്പതിപ്പിച്ച ഭാഷയ്ക്ക് ശ്രേഷ്ഠ പദവി ലഭിക്കുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ അഭിമാനിതരാകുന്നു. എന്നാല്‍, മലയാളമെന്നു കേട്ടാല്‍ ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് മലയാള ഭഷയും സാഹിത്യവും വളരാന്‍ തുടങ്ങിയത് ഇപ്പോഴല്ല. ഇന്ത്യയിലെ ഇതരഭാഷകളെ അപേക്ഷിച്ച് മഹത്തരമായ സംസ്‌കാരത്തിനും സാഹിത്യത്തിനും ഉടമകളാണ് മലയാള ദേശം. മലയാളനാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വരുമെന്ന് ജി.ശങ്കരക്കുരിപ്പ് പ്രവചനരൂപേണ പറഞ്ഞ കാലത്തു തന്നെ മലയാളഭാഷയും സാഹിത്യവും ആദരിക്കപ്പെട്ടിരുന്നു. ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി ജി. ശങ്കരക്കുറുപ്പിനെ തന്നെ തേടിവന്നതു വലിയ ആദരവായിരുന്നു.
ഇന്നിപ്പോള്‍ മലയാളത്തിനുവേണ്ടിയുള്ള മുറവിളികളാണ് എവിടെയും. മലയാളം നശിക്കുന്നെന്നും, മലയാള ഭാഷ പഠിക്കാത്ത, പഠിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സമൂഹം വളര്‍ന്നുവരുന്നെന്നും വിലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ വിലാപത്തില്‍ കഴമ്പില്ലാതെയുമില്ല. എനിക്കു മലയാളമറിയില്ലെന്ന് അഭിമാനത്തോടെ പറയുന്ന കുഞ്ഞുങ്ങളും മലയാളം കുറച്ചു കുറച്ചുമാത്രം അറിയാമെന്ന് പറയുന്ന യുവാക്കളും ഇക്കാലത്തിന്റെ അടയാളങ്ങളാകുന്നു. മാതൃഭാഷ പഠിക്കാത്ത സമൂഹവും പഠിപ്പിക്കാത്ത വിദ്യാഭ്യാസ രീതിയും തനതായ ഒരു സംസ്‌കാരത്തെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് തിരിച്ചറിയണം. ആ തിരിച്ചറിവ് സൃഷ്ടിക്കലാണ് ഭാഷയ്ക്കു വേണ്ടി വിലപിച്ചവരുടെ ലക്ഷ്യം. മലയാള ഭാഷയെയും സാഹിത്യത്തെയും നിലനിര്‍ത്താനും പ്രചരിപ്പിക്കാനും നിരവധി പദ്ധതികള്‍ അവര്‍ തയ്യാറാക്കിയിട്ടുണ്ട്. അതെല്ലാം സര്‍ക്കാരിനു കൊടുത്തിട്ടുമുണ്ട്. അവയില്‍ ചിലതെല്ലാം നടപ്പിലാക്കുന്ന ഘട്ടത്തിലുമാണ്.ഏറെ നാളായി ഭാഷാസ്‌നേഹികള്‍ ഉയര്‍ത്തുന്ന ആവശ്യമാണ് മലയാളത്തെ ശ്രേഷ്ഠ പദവി നല്‍കി ആദരിക്കണമെന്നത്. നമ്മുടെ ഭാഷയ്ക്ക് അത്തരമൊരു പദവി ലഭിച്ചതുകൊണ്ട് പ്രത്യേകിച്ചെന്താണ് പ്രയോജനം എന്നു ചോദിക്കുന്നവരുണ്ട്.പ്രയോജനം ഒന്നേയുള്ളൂ. നൂറുകോടി കിട്ടും. മലയാളത്തിന്റെ ഉന്നതിക്കായി പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നൂറുകോടി രൂപ നല്‍കും. വേറെയും നിരവധി സഹായങ്ങള്‍ ലഭിക്കും.
2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ശ്രേഷ്ഠപദവി ലഭിച്ചിരുന്നു. മലയാളത്തിനും ആ പദവി ലഭിക്കുന്നതോടെ ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യാനുസരണം കേന്ദ്രസഹായം ലഭിക്കും. മലയാളം ശ്രേഷ്ഠഭാഷയായി ഉയര്‍ത്തപ്പെടുന്നതോടെ ഭാഷയുടെ വികാസത്തിന് നവചൈതന്യം ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഭാഷാ സ്‌നേഹികളും അതുശരിവയ്ക്കുന്നു. മലയാളത്തിന് ശ്രേഷ്ഠ പദവി നല്‍കണമെന്നത് കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളം നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനു സര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാംസ്‌കാരിക വകുപ്പ് നിയമിച്ച ഭാഷാ പണ്ഡിതന്‍മാരുടെ പ്രത്യേക സംഘത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണു ശ്രേഷ്ഠഭാഷാ പ്രഖ്യാപനം നടത്തുന്നത്. പദവി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 1500-2000 വര്‍ഷംവരെ പഴക്കമുള്ള ചരിത്ര രേഖകളോ, സാഹിത്യ കൃതികളോ ക്ലാസിക്കല്‍ ഭാഷയായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കുന്ന ഭാഷയിലുണ്ടാകണം, ഈ ഭാഷ സംസാരിക്കുന്നവര്‍ക്കു പാരമ്പര്യമായി ലഭിച്ച ഒരുകൂട്ടം അമൂല്യ കൃതികളോ പുസ്തകങ്ങളോ ഉണ്ടാകണം, മറ്റൊരുഭാഷയില്‍ നിന്ന് സ്വീകരിച്ചിട്ടില്ലാത്തതും തനതെന്നു അവകാശപ്പെടാവുന്നതുമായ സാഹിത്യ പാരമ്പര്യമുണ്ടായിരിക്കണം, ഭാഷയില്‍ നിന്നു പരിവര്‍ത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതന ഭാഷയില്‍ നിന്നു പ്രകടമായ വ്യത്യാസമുണ്ടാകണം തുടങ്ങിയവയാണു കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങളിലെല്ലാം മലയാളത്തിന് യോഗ്യതയുണ്ടെന്ന് ആധികാരികമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളം സമര്‍ഥിച്ചത്. ഡോ.എം.ജി.എസ്.നാരായണനെപ്പോലുള്ളവരുടെ കണ്ടെത്തലുകളും വിശദീകരണങ്ങളുമെല്ലാം അതിനു സഹായകരമായി.
ഐക്യരാഷ്ട്രസഭയുടെ ലോകഭാഷാപട്ടികയില്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത് ആറുഭാഷകളെയാണ്. ഇംഗ്ലീഷ്, സ്പാനിഷ്, മണ്ഡാരിന്‍(ചൈനീസ്), അറബിക്, റഷ്യന്‍, ഫ്രഞ്ച് എന്നിവയാണവ. സ്‌പെയിനിലെയും ലാറ്റിനമേരിക്കയിലെയും ഭാഷയായ സ്പാനിഷ് 50കോടി ജനങ്ങള്‍ ഉപയോഗിക്കുന്നു. ചൈനയിലെ മണ്ഡാരിന്‍ ഭാഷ ഉപയോഗിക്കുന്നവര്‍ 90കോടി. 25കോടി പേര്‍ അറബിയും 21കോടി പേര്‍ റഷ്യന്‍ ഭാഷയും ഉപയോഗിക്കുന്നു. ലോകത്തൊട്ടാകെ ഉപയോഗിക്കുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഒരുലക്ഷത്തിലധികംപേര്‍ സംസാരിക്കുന്ന 33ഭാഷകളും ഒരുകോടിയിലേറെപ്പേര്‍ ഉപയോഗിക്കുന്ന 16ഭാഷകളും ഇന്ത്യയിലുണ്ട്. വാമൊഴിയിലും വരമൊഴിയിലും നിലനില്‍ക്കുന്ന ലോകഭാഷകളില്‍ ആദ്യ മുപ്പതിലാണ് മലയാളത്തിന്റെ സ്ഥാനം. 2009ല്‍ യുനെസ്‌കോ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 196 ഭാഷകളും അവയുടെ ഭാഷാഭേദങ്ങളും ഉന്‍മൂലനത്തിന്റെ വക്കിലാണെന്ന് വെളിവാക്കിയിരുന്നു. ഈയൊരു ഭാഷാപരിസരത്തിലാണ് മലയാള ഭാഷയും പ്രസക്തമാകുന്നത്. ലോകഭാഷകളില്‍ സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട് മുപ്പതാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. പോകെപ്പോകെ, കാലം ചെല്ലുമ്പോള്‍ ആ സ്ഥാനം താഴേക്കു പോകുമെന്നതില്‍ സംശയം വേണ്ട. അത്തരം ആശങ്കകള്‍ക്കു പരിഹാരമായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രേഷ്ഠഭാഷാ പദവി പ്രയോജനകരമാകും.
കേന്ദ്രത്തില്‍ നിന്ന് നൂറുകോടി കിട്ടുന്നതു കൂടാതെ നിരവധി സഹായങ്ങളും പദ്ധതികളുമാണ് അതോടൊപ്പം വരുന്നത്. ഭാഷാ വികാസത്തിനും ഗവേഷണത്തിനുമായാണ് നൂറുകോടി. ഓരോ വര്‍ഷവും രണ്ടു ഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കാം. ഭാഷയ്ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിക്കപ്പെടും. ഇതെല്ലാം കേരളം എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നതാണ് പ്രസക്തം. നൂറുകോടിയില്‍ രാഷ്ട്രീയക്കാര്‍ കയ്യിട്ടുവാരുമെന്നും അതല്ല, നൂറുകോടിയും മറ്റു പദവികളും മുന്നില്‍ കണ്ട് ഭാഷാസ്‌നേഹികളായി ചിലര്‍ രംഗത്തു വന്നിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ദില്ലിയില്‍ നിന്ന് കിട്ടുന്ന പണം ധൂര്‍ത്തടിച്ചു നശിപ്പിക്കരുതെന്ന് കവി ഒ.എന്‍.വി.കുറുപ്പു തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് പണം ചെലവിടുന്നതെങ്ങനെയാകുമെന്ന ആശങ്കകള്‍ ഉള്ളതിനാലാണ്.
മലയാള സര്‍വ്വകലാശാല സ്ഥാപിച്ചു കഴിഞ്ഞെങ്കിലും അതിനു സ്ഥലമോ മറ്റ് സംവിധാനങ്ങളോ ഇതുവരെ ഒരുക്കിയിട്ടില്ല. ഈ പണം ഉപയോഗിച്ച് അതെല്ലാം സാധിച്ചു കളയാമെന്ന വ്യാമോഹത്തിലാണ് വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍. ശ്രേഷ്ഠഭാഷയുടെ പേരില്‍ കിട്ടുന്ന പണം മലപ്പുറം ജില്ലിയിലേക്ക് ഒഴുക്കാനുള്ള നീക്കത്തെ മുന്‍കൂട്ടി കാണാതിരിക്കരുത്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ മലയാള ഭാഷയുടെ വിപുലീകരണത്തിന് സമഗ്രമായ കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്. കര്‍മ്മ പദ്ധതി തയ്യാറാക്കിയ ശേഷം ചിങ്ങം ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിളംബരദിനമായി പ്രഖ്യാപിച്ച് അവതരിപ്പിക്കും. പണം എങ്ങനെ ചിലവാക്കുമെന്ന് ആലോചിക്കാനും പദ്ധതികളെങ്ങനെ ആവിഷ്‌കരിക്കണമെന്ന് ചിന്തിക്കാനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഒരു 'അവൈലബിള്‍' യോഗം എന്നു മാത്രമേ അതിനെ പറയാന്‍ കഴിയൂ. തിരുവനന്തപുരത്ത് ലഭ്യമായവരെ ഉള്‍പ്പെടുത്തി ഒരു യോഗം. കാര്യമായ പ്രയോജനമൊന്നും ആ യോഗം കൊണ്ടുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെടുത്തി വിപുലമായ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രീയ കക്ഷികളെയും പ്രധാനപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരെയും സംഘടനകളെയുമെല്ലാം യോഗത്തില്‍ പങ്കെടുപ്പിക്കണം.
ശ്രേഷ്ഠഭാഷാപദവിയിലൂടെ ലഭ്യമാകുന്ന പണം ഉപയോഗിച്ച് ഭാഷാ ഉന്നമനത്തിനായി തിരുവനന്തപുരത്ത് ഏതെങ്കിലും കേന്ദ്രം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികളുണ്ട്. അവരുടെയും ചിന്ത പണം ചെലവഴിക്കുന്നതിന്റെ വഴികളെക്കുറിച്ചാണ്. പണം ചെലവഴിക്കുന്നതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറായി പലരും മുന്നോട്ടു വരുന്നത് ഭാഷാ സ്‌നേഹംകൊണ്ടാണെന്ന് പറയാന്‍ വയ്യ. കിട്ടുന്ന നൂറുകോടി എന്തു ചെയ്തു, ഏതു തരത്തില്‍ ചെലവിട്ടു എന്ന് ജനം പിന്നീട് ചോദിക്കുമെന്ന ബോധം ഭരണക്കാര്‍ക്കുണ്ടാകണം. പണം ചെലവിട്ടുകഴിയുമ്പോള്‍ അഴിമതിക്കഥകള്‍ നിരവധി പുറത്തുവരാനുള്ള സാഹചര്യമുണ്ടാകരുത്. അങ്ങനെയുണ്ടായാല്‍ ഭാഷ മാത്രമല്ല, മലയാളദേശം ഒന്നടങ്കം നശിച്ചുപോകും. മുഖ്യമന്ത്രിയുടെ വാഗ്ദാനം പോലെ സുതാര്യമായ കര്‍മ്മ പദ്ധതിയിലൂടെ മലയാള ഭാഷയെ ഉന്നതിയിലെത്തിക്കണം. മലയാളിയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണത്. ഇപ്പോള്‍ അഭിമാനം മുറിവേറ്റ ജനതയാണ് മലയാളികള്‍. തുഞ്ചന്റെ മണ്ണായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമപോലും സ്ഥാപിക്കാന്‍ നമുക്കായില്ല. മതഭ്രാന്തന്മാരുടെ എതിര്‍പ്പിനുമുന്നില്‍ പ്രതിമയ്ക്കും പിന്‍വാങ്ങേണ്ടി വന്നു. തിരൂരില്‍ ആ പ്രതിമ സ്ഥാപിച്ചുകൊണ്ടാകണം തുടക്കം. മലയാള ഭാഷയെന്നു കേട്ടാല്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ അതിലൂടെ കഴിയണം.
''മലയാളമെന്നു കേട്ടാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വരുക തന്നെ വേണം!''
No comments:
Post a Comment