എനിക്കു ചിലതു നിങ്ങളോടു തുറന്നു പറയാനുണ്ട്. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായി ഉള്ളുതുറന്നൊരു സംസാരം...അതിനാണിത്...
Saturday, February 5, 2011
ടി ഡി ദാസനും സുവര്‍ണ ചകോരവും
‘ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി എന്ന മലയാള ചലച്ചിത്രം ചലച്ചിത്ര വ്യവസായ കമ്പോളത്തില്‍ ചലനങ്ങളൊന്നുമുണ്ടാക്കിയ സിനിമയല്ല. എന്നാല്‍ മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ ചലച്ചിത്രങ്ങളില്‍ ഏറ്റവും നല്ലതെന്ന് പറയാന്‍ കഴിയുന്ന സിനിമകളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനത്ത് ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി യെ കാണാന്‍ സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന പ്രേക്ഷകര്‍ക്കു കഴിയും. തിയറ്ററുകളില്‍ ഈ ചലച്ചിത്രം വന്നെങ്കിലും കൂടുതല്‍ പ്രദര്‍ശനങ്ങളും ഒഴിഞ്ഞ കസേരകള്‍ക്കു മുന്നിലായിരുന്നു. നല്ല സിനിമകള്‍ തീയറ്ററിലെത്തിയാല്‍ പ്രേക്ഷകരും തീയറ്ററിലെത്തുമെന്ന വാദത്തിനൊരുപവാദമാണ് ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി. നല്ല ചലച്ചിത്രം തീയറ്ററിലെത്തിയാല്‍ അതുകാണുന്ന പ്രേക്ഷകരിലൂടെയാണ് മറ്റുള്ളവരും ചിത്രത്തെ തിരിച്ചറിയുന്നത്. പല ചിത്രങ്ങളുടെയും വിജയത്തിനു പിന്നിലെ രഹസ്യവും അതാണ്. എന്നാല്‍ മാഹന്‍രാഘവന്‍ സംവിധാനം ചെയ്ത ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബിയെ അത്തരം പ്രചരണങ്ങളും തുണച്ചില്ല. സാമ്പത്തികമായി വന്‍പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. കണ്ടവര്‍ പലരും പറഞ്ഞു, ഗംഭീര ചിത്രമെന്ന്. പക്ഷെ, അതു കേട്ട് തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ടായില്ല. അടുത്തകാലത്തെങ്ങും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ലാത്ത പുതുമയുള്ളൊരു വിഷയമായിരുന്നു ചലച്ചിത്രത്തിന്റെ പ്രമേയം. അച്ഛനില്ലാതെ വളര്‍ന്ന ദാസനെന്ന കുട്ടി അച്ഛന്റ സാമീപ്യത്തിനു വേണ്ടി കൊതിക്കുന്നതും അതിനുവേണ്ടി അവന്‍ നടത്തുന്ന ശ്രമങ്ങളും. എന്നാല്‍ ഇത്ര ലളിതമായി പറഞ്ഞാല്‍ സിനിമയുടെ പൂര്‍ണ്ണത വായനക്കാരനു ലഭിക്കില്ല. കാഴ്ചയുടെ വിശാലമായ ക്യാന്‍വാസില്‍ കഥപറയുന്നതിന് വളരെക്കൂടുതല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സിനിമ കണ്ടിറങ്ങിയവരുടെ മനസ് കൂടുതല്‍ ആദ്രമാകുകയും കണ്ണുകളില്‍ നനവു പടരുകയും ചെയ്തു. എന്നാല്‍ ഈ സിനിമ പ്രേക്ഷകനെ കരയിപ്പിക്കുന്ന ചിത്രമല്ല. കാരുണ്യവും സഹാനുഭൂതിയും ശുഭാപ്തി വിശ്വാസവും ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നു. തന്നെയും മകനെയും ഉപേക്ഷിച്ചുപോകുന്ന ഭര്‍ത്താവിനോട് കടുത്ത പകയും ദേഷ്യവും വച്ചുപുലര്‍ത്തുകയാണ് ദാസന്റെ അമ്മ. അച്ഛനെക്കുറിച്ചുള്ള ദാസന്റെ ചോദ്യങ്ങള്‍ക്കെല്ലാം അതിനാല്‍ അവര്‍ തല്ലിലൂടെയാണ് മറുപടി നല്‍കുന്നത്. അച്ഛനെ കുറിച്ചുള്ള വിവരങ്ങള്‍ ദാസന് അമ്മയില്‍ നിന്നു കിട്ടാതെയായപ്പോഴാണ് അച്ഛനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് അവന് ആഗ്രഹമുണ്ടായത്. കൂടാതെ സ്‌കൂളിലെ കുട്ടികള്‍ അച്ഛനില്ലാത്തവനെന്ന് ആക്ഷേപിച്ചപ്പോള്‍ അച്ഛനെക്കണ്ടെത്താനുള്ള വാശിയിലുമായി. അമ്മയുടെ പഴയ പെട്ടി പരതിയപ്പോള്‍ ലഭിച്ച വിലാസത്തിലേക്ക് ദാസന്‍ അവന്റെ അച്ഛന് കത്തെഴുതുകയാണ്.....''.....പ്രിയപ്പെട്ട അച്ഛാ, അച്ഛനെന്നെ അറിയുമോ എന്നറിയില്ല. ഞാനച്ഛന്റെ മകന്‍ ദാസനാണ്. അച്ഛനോട് എനിക്കൊരു വിരോധവുമില്ല. അച്ഛനെന്നോടും വിരോധമില്ലെന്ന് കരുതുന്നു. അച്ഛനെനിക്കൊരു കത്തെഴുതുമോ. വിട്ടിലേക്ക് അയക്കേണ്ട. അമ്മ അറിഞ്ഞാല്‍ തല്ലും. സ്‌കൂളിലേക്ക് അയച്ചാല്‍ മതി....''ദാസന്‍ കത്തെഴുതിയ വിലാസത്തില്‍ അവന്റെ അച്ഛനുണ്ടായിരുന്നില്ല. അച്ഛന്‍ അവിടെ നിന്നു മാറിയിരുന്നു. കത്തു കിട്ടിയത് മറ്റൊരു വീട്ടില്‍. ആ വീട്ടിലെ പെണ്‍കുട്ടി കത്തിനു മറുപടിയെഴുതി തുടങ്ങുന്നു. ദാസന്റെ അച്ഛനായി....ആ കുട്ടി ദാസന് സമ്മാനങ്ങള്‍ അയയ്ക്കുന്നു...ദാസന്റെ അച്ഛനുവേണ്ടി....നിരവധി കത്തുകള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്നു. തുടര്‍ന്ന് ദാസന്റെയും പെണ്‍കുട്ടിയുടെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും സംഭവങ്ങളുമാണ് ചിത്രം പറഞ്ഞു തരുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. രണ്ടു ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്കം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മറ്റൊന്ന്. അര്‍ജന്റീന, ചിലി, കൊളംബിയ, വെനിസേ്വല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ചതും അല്ലാത്തതുമായ ചിത്രങ്ങള്‍ മേളയില്‍ മത്സരിക്കാനുണ്ടായിരുന്നു. മത്സരവിഭാഗം ചിത്രങ്ങളുടെ വിധി നിര്‍ണ്ണയിച്ചത് ആഫ്രോ-അമേരിക്കന്‍ സംവിധായികയായ ജൂലി ഡാഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ്. ആധുനിക കസാക്ക് സിനിമയുടെ മുന്‍നിരക്കാരന്‍ എര്‍മെക് ഷിനര്‍ബയേഫ്, മെക്‌സിക്കന്‍ വനിതാ സംവിധായിക മറിയ നൊവാരോ, തായ് സംവിധായകന്‍ അപിചാറ്റ്‌പോങ് വീരസേത്തകുള്‍, മുംബൈയില്‍ നിന്നുമുള്ള തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറുമായ സൂനി തരപൂര്‍വാല എന്നിവര്‍ ജൂറി അംഗങ്ങളായി മത്സവിഭാഗം ചിത്രങ്ങള്‍ കണ്ടു. സിനിമകള്‍ കണ്ട വിദേശത്തു നിന്നുവന്ന ജൂറി അംഗങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടത് ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി എന്ന മലയാള ചലച്ചിത്രമായിരുന്നു. ചിത്രത്തിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്ത ശേഷം, വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയ ശേഷം അവര്‍ തീരുമാനിച്ചു ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി ക്ക് ചലച്ചിത്രോത്സവത്തിലെ സുവര്‍ണ്ണചകോരം പുരസ്‌കാരം നല്‍കാന്‍. ഈ വിവരം അവര്‍ ചലച്ചിത്രോത്സവ സംഘാടക സമിതിയെ അറിയിക്കുകയും ചെയ്തു. ജൂറിയുടെ തീരുമാനം എഴുതിയാണവര്‍ ചലച്ചിത്രോത്സവ സംഘാടക സമിതിയെ അറിയിച്ചത്. ജൂറി തീരുമാനം അറിഞ്ഞ സംഘാടകര്‍ പലരും ഞെട്ടി. ഒരു മലയാള ചലച്ചിത്രത്തിനെങ്ങനെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നല്‍കുമെന്ന ചോദ്യമാണവര്‍ ഉന്നയിച്ചത്. നല്ല സിനിമയ്ക്ക് പുരസ്‌കാരം നല്‍കുക എന്ന തത്വത്തെ ആകെമറന്ന്, ജൂറി തീരുമാനം അട്ടിമറിക്കാന്‍ ചലച്ചിത്ര അക്കദമിയും മന്ത്രി എം.എ.ബേബിയും കൂട്ടു നിന്നെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂറി തീരുമാനം എഴുതി നല്‍കിയത് നേരില്‍ കാണാനിടയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് പരിചയമുള്ള ചില സിനിമാ പ്രവര്‍ത്തകരോടു വിവരം പറഞ്ഞത്. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേ ദിവസം ജൂറി തീരുമാനമറിഞ്ഞ് സന്തോഷിച്ച മാധ്യമപ്രവര്‍ത്തകന്‍ ചില സുഹൃത്തുക്കളോടും ഈ വിവരം പറയുകയും അവരെല്ലാം സന്തോഷിക്കുകയും ചെയ്തു. ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബിക്ക് സുവര്‍ണ്ണചകോരം എന്ന വാര്‍ത്ത പരക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ സത്യമറിയാവുന്നവരെല്ലാം അദ്ഭുതപ്പെട്ടു. മലയാള ചിത്രത്തിന് സുവര്‍ണ്ണചകോരം നല്‍കിയാല്‍ വിദേശത്തു നിന്നെത്തിയിട്ടുള്ള സിനിമാക്കാര്‍ക്ക് അതിഷ്ടമാകില്ലെന്നും അടുത്ത ഫെസ്റ്റുവലുകളില്‍ അവര്‍ സിനിമ നല്‍കില്ലെന്നുമുള്ള ന്യായം നിരത്തി അവര്‍ ജൂറിയെക്കൊണ്ട് ഫലം തിരുത്തിക്കുകയായിരുന്നു. ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബിക്ക് ഒരു പുരസ്‌കാരവും നല്‍കാതെ പുറത്താക്കിയ അവര്‍ സ്പാനിഷ് ചിത്രം പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസിന് സുവര്‍ണ്ണ ചകോരം നല്‍കി. ആ ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ലോസ് ഗവേരിയ പതിനഞ്ച് ലക്ഷം രൂപയുടെ സുവര്‍ണ്ണചകോരം സന്തോഷത്തോടെ വാങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബിയുടെ സംവിധായകന്‍ മോഹന്‍രാഘവനും കയ്യടിച്ചിരുന്നിരിക്കണം. അട്ടിമറികളും കള്ളക്കളികളുമൊന്നും അദ്ദേഹം അത്തരുണത്തില്‍ അറിഞ്ഞിരുന്നില്ല. പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസ് എന്ന ചിത്രത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതായിരുന്നു ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി. അതു മനസ്സിലാക്കാന്‍ ചിത്രം കണ്ടിട്ടുള്ള വിദേശികള്‍ക്ക് കഴിയും. പക്ഷേ, നമ്മുടെ ചലച്ചിത്രഅക്കാദമി പ്രഭൃതികള്‍ക്ക് അതിനു കഴിഞ്ഞില്ലന്നതാണ് നാണക്കേടും ദുഃഖവും. സുവര്‍ണ്ണചകോരത്തിന്റെ പതിനഞ്ച് ലക്ഷം രൂപ കിട്ടിയിരുന്നെങ്കില്‍ സിനിമയെടുത്തുണ്ടായ നഷ്ടത്തിന്റെ ചെറിയൊരുപങ്കെങ്കിലും നികത്താന്‍ ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബിയുടെ നിര്‍മ്മാതാവിന് കഴിയുമായിരുന്നു. ആ പുരസ്‌കാരം അവരര്‍ഹിക്കുന്നതാകുമ്പോള്‍ നല്‍കുന്നതില്‍ എന്തായിരുന്നു തെറ്റ്. മലയാള സിനിമയെ രക്ഷിക്കാനും ഉന്നതിയിലേക്ക് നയിക്കാനുമാണല്ലോ ചലച്ചിത്രഅക്കാദമി എന്ന സംരംഭം സൃഷ്ടിച്ചിരിക്കുന്നത്. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന സ്ഥിതിയിലെത്തുമ്പോള്‍ സിനിമാ വ്യവസായം തകരുകയല്ലേ ചെയ്യുക.ഇനിയും ചലച്ചിത്രമേളകള്‍ വരും. മലയാളത്തില്‍ നിന്നാരും സിനിമയുമായി മത്സരിക്കാന്‍ വരേണ്ടതില്ലെന്ന സന്ദേശം കൂടിയാണ് മോഹന്‍രാഘവനുണ്ടായ അനുഭവം നല്‍കുന്നത്. ജൂറി സമ്മാനം തരാന്‍ തീരുമാനിച്ചാല്‍ പോലും അക്കാദമിയും 'സംസ്‌കാരമുള്ള' മന്ത്രിയും അതിനു സമ്മതിക്കില്ല. പിന്നെന്തിനുവെറുതേ ഇളിഭ്യരാകണം?
Subscribe to:
Post Comments (Atom)
No comments:
Post a Comment