Friday, May 31, 2013

നൂറു കോടി എന്തു ചെയ്യും?


''ഹാ! വരും വരും നൂന-
മദ്ദിന,മെന്‍നാടിന്റെ
നാവനങ്ങിയാല്‍ ലോകം
ശ്രദ്ധിക്കും കാലം വരും!'' എന്നു പാടിയ മഹാകവിയുടെ വാക്കുകള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നു. തുഞ്ചന്റെ പൈങ്കിളി തത്ത പാടിപ്പതിപ്പിച്ച ഭാഷയ്ക്ക് ശ്രേഷ്ഠ പദവി ലഭിക്കുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ അഭിമാനിതരാകുന്നു. എന്നാല്‍, മലയാളമെന്നു കേട്ടാല്‍ ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് മലയാള ഭഷയും സാഹിത്യവും വളരാന്‍ തുടങ്ങിയത് ഇപ്പോഴല്ല. ഇന്ത്യയിലെ ഇതരഭാഷകളെ അപേക്ഷിച്ച് മഹത്തരമായ സംസ്‌കാരത്തിനും സാഹിത്യത്തിനും ഉടമകളാണ് മലയാള ദേശം. മലയാളനാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വരുമെന്ന് ജി.ശങ്കരക്കുരിപ്പ് പ്രവചനരൂപേണ പറഞ്ഞ കാലത്തു തന്നെ മലയാളഭാഷയും സാഹിത്യവും ആദരിക്കപ്പെട്ടിരുന്നു. ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി ജി. ശങ്കരക്കുറുപ്പിനെ തന്നെ തേടിവന്നതു വലിയ ആദരവായിരുന്നു.
ഇന്നിപ്പോള്‍ മലയാളത്തിനുവേണ്ടിയുള്ള മുറവിളികളാണ് എവിടെയും. മലയാളം നശിക്കുന്നെന്നും, മലയാള ഭാഷ പഠിക്കാത്ത, പഠിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സമൂഹം വളര്‍ന്നുവരുന്നെന്നും വിലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ വിലാപത്തില്‍ കഴമ്പില്ലാതെയുമില്ല. എനിക്കു മലയാളമറിയില്ലെന്ന് അഭിമാനത്തോടെ പറയുന്ന കുഞ്ഞുങ്ങളും മലയാളം കുറച്ചു കുറച്ചുമാത്രം അറിയാമെന്ന് പറയുന്ന യുവാക്കളും ഇക്കാലത്തിന്റെ അടയാളങ്ങളാകുന്നു. മാതൃഭാഷ പഠിക്കാത്ത സമൂഹവും പഠിപ്പിക്കാത്ത വിദ്യാഭ്യാസ രീതിയും തനതായ ഒരു സംസ്‌കാരത്തെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് തിരിച്ചറിയണം. ആ തിരിച്ചറിവ് സൃഷ്ടിക്കലാണ് ഭാഷയ്ക്കു വേണ്ടി വിലപിച്ചവരുടെ ലക്ഷ്യം. മലയാള ഭാഷയെയും സാഹിത്യത്തെയും നിലനിര്‍ത്താനും പ്രചരിപ്പിക്കാനും നിരവധി പദ്ധതികള്‍ അവര്‍ തയ്യാറാക്കിയിട്ടുണ്ട്. അതെല്ലാം സര്‍ക്കാരിനു കൊടുത്തിട്ടുമുണ്ട്. അവയില്‍ ചിലതെല്ലാം നടപ്പിലാക്കുന്ന ഘട്ടത്തിലുമാണ്.
ഏറെ നാളായി ഭാഷാസ്‌നേഹികള്‍ ഉയര്‍ത്തുന്ന ആവശ്യമാണ് മലയാളത്തെ ശ്രേഷ്ഠ പദവി നല്‍കി ആദരിക്കണമെന്നത്. നമ്മുടെ ഭാഷയ്ക്ക് അത്തരമൊരു പദവി ലഭിച്ചതുകൊണ്ട് പ്രത്യേകിച്ചെന്താണ് പ്രയോജനം എന്നു ചോദിക്കുന്നവരുണ്ട്.പ്രയോജനം ഒന്നേയുള്ളൂ. നൂറുകോടി കിട്ടും. മലയാളത്തിന്റെ ഉന്നതിക്കായി പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നൂറുകോടി രൂപ നല്‍കും. വേറെയും നിരവധി സഹായങ്ങള്‍ ലഭിക്കും.
2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ശ്രേഷ്ഠപദവി ലഭിച്ചിരുന്നു. മലയാളത്തിനും ആ പദവി ലഭിക്കുന്നതോടെ ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യാനുസരണം കേന്ദ്രസഹായം ലഭിക്കും. മലയാളം ശ്രേഷ്ഠഭാഷയായി ഉയര്‍ത്തപ്പെടുന്നതോടെ  ഭാഷയുടെ വികാസത്തിന് നവചൈതന്യം ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഭാഷാ സ്‌നേഹികളും അതുശരിവയ്ക്കുന്നു.  മലയാളത്തിന് ശ്രേഷ്ഠ പദവി നല്‍കണമെന്നത് കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളം നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനു സര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാംസ്‌കാരിക വകുപ്പ് നിയമിച്ച ഭാഷാ പണ്ഡിതന്‍മാരുടെ പ്രത്യേക സംഘത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണു ശ്രേഷ്ഠഭാഷാ പ്രഖ്യാപനം നടത്തുന്നത്. പദവി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 1500-2000 വര്‍ഷംവരെ പഴക്കമുള്ള ചരിത്ര രേഖകളോ, സാഹിത്യ കൃതികളോ ക്ലാസിക്കല്‍ ഭാഷയായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കുന്ന ഭാഷയിലുണ്ടാകണം, ഈ ഭാഷ സംസാരിക്കുന്നവര്‍ക്കു പാരമ്പര്യമായി ലഭിച്ച ഒരുകൂട്ടം അമൂല്യ കൃതികളോ പുസ്തകങ്ങളോ ഉണ്ടാകണം, മറ്റൊരുഭാഷയില്‍ നിന്ന് സ്വീകരിച്ചിട്ടില്ലാത്തതും തനതെന്നു  അവകാശപ്പെടാവുന്നതുമായ  സാഹിത്യ പാരമ്പര്യമുണ്ടായിരിക്കണം,  ഭാഷയില്‍ നിന്നു പരിവര്‍ത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതന ഭാഷയില്‍ നിന്നു പ്രകടമായ വ്യത്യാസമുണ്ടാകണം തുടങ്ങിയവയാണു കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങളിലെല്ലാം മലയാളത്തിന് യോഗ്യതയുണ്ടെന്ന് ആധികാരികമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളം സമര്‍ഥിച്ചത്. ഡോ.എം.ജി.എസ്.നാരായണനെപ്പോലുള്ളവരുടെ കണ്ടെത്തലുകളും വിശദീകരണങ്ങളുമെല്ലാം അതിനു സഹായകരമായി.
ഐക്യരാഷ്ട്രസഭയുടെ ലോകഭാഷാപട്ടികയില്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത് ആറുഭാഷകളെയാണ്. ഇംഗ്ലീഷ്, സ്പാനിഷ്, മണ്ഡാരിന്‍(ചൈനീസ്), അറബിക്, റഷ്യന്‍, ഫ്രഞ്ച് എന്നിവയാണവ. സ്‌പെയിനിലെയും ലാറ്റിനമേരിക്കയിലെയും ഭാഷയായ സ്പാനിഷ് 50കോടി ജനങ്ങള്‍ ഉപയോഗിക്കുന്നു. ചൈനയിലെ മണ്ഡാരിന്‍ ഭാഷ ഉപയോഗിക്കുന്നവര്‍ 90കോടി. 25കോടി പേര്‍ അറബിയും 21കോടി പേര്‍ റഷ്യന്‍ ഭാഷയും ഉപയോഗിക്കുന്നു. ലോകത്തൊട്ടാകെ ഉപയോഗിക്കുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഒരുലക്ഷത്തിലധികംപേര്‍ സംസാരിക്കുന്ന  33ഭാഷകളും ഒരുകോടിയിലേറെപ്പേര്‍ ഉപയോഗിക്കുന്ന 16ഭാഷകളും ഇന്ത്യയിലുണ്ട്. വാമൊഴിയിലും വരമൊഴിയിലും നിലനില്‍ക്കുന്ന ലോകഭാഷകളില്‍ ആദ്യ മുപ്പതിലാണ്  മലയാളത്തിന്റെ സ്ഥാനം. 2009ല്‍ യുനെസ്‌കോ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 196 ഭാഷകളും അവയുടെ ഭാഷാഭേദങ്ങളും ഉന്‍മൂലനത്തിന്റെ വക്കിലാണെന്ന് വെളിവാക്കിയിരുന്നു. ഈയൊരു ഭാഷാപരിസരത്തിലാണ് മലയാള ഭാഷയും പ്രസക്തമാകുന്നത്. ലോകഭാഷകളില്‍  സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട് മുപ്പതാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. പോകെപ്പോകെ, കാലം ചെല്ലുമ്പോള്‍ ആ സ്ഥാനം താഴേക്കു പോകുമെന്നതില്‍ സംശയം വേണ്ട. അത്തരം ആശങ്കകള്‍ക്കു പരിഹാരമായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രേഷ്ഠഭാഷാ പദവി പ്രയോജനകരമാകും.
കേന്ദ്രത്തില്‍ നിന്ന് നൂറുകോടി കിട്ടുന്നതു കൂടാതെ നിരവധി സഹായങ്ങളും പദ്ധതികളുമാണ് അതോടൊപ്പം വരുന്നത്. ഭാഷാ വികാസത്തിനും ഗവേഷണത്തിനുമായാണ് നൂറുകോടി. ഓരോ വര്‍ഷവും രണ്ടു ഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കാം. ഭാഷയ്ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിക്കപ്പെടും. ഇതെല്ലാം കേരളം എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നതാണ് പ്രസക്തം. നൂറുകോടിയില്‍ രാഷ്ട്രീയക്കാര്‍ കയ്യിട്ടുവാരുമെന്നും അതല്ല, നൂറുകോടിയും മറ്റു പദവികളും മുന്നില്‍ കണ്ട് ഭാഷാസ്‌നേഹികളായി ചിലര്‍ രംഗത്തു വന്നിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ദില്ലിയില്‍ നിന്ന് കിട്ടുന്ന പണം ധൂര്‍ത്തടിച്ചു നശിപ്പിക്കരുതെന്ന് കവി ഒ.എന്‍.വി.കുറുപ്പു തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് പണം ചെലവിടുന്നതെങ്ങനെയാകുമെന്ന ആശങ്കകള്‍ ഉള്ളതിനാലാണ്.
മലയാള സര്‍വ്വകലാശാല സ്ഥാപിച്ചു കഴിഞ്ഞെങ്കിലും അതിനു സ്ഥലമോ മറ്റ് സംവിധാനങ്ങളോ ഇതുവരെ ഒരുക്കിയിട്ടില്ല. ഈ പണം ഉപയോഗിച്ച് അതെല്ലാം സാധിച്ചു കളയാമെന്ന വ്യാമോഹത്തിലാണ് വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍. ശ്രേഷ്ഠഭാഷയുടെ പേരില്‍ കിട്ടുന്ന പണം മലപ്പുറം ജില്ലിയിലേക്ക് ഒഴുക്കാനുള്ള നീക്കത്തെ മുന്‍കൂട്ടി കാണാതിരിക്കരുത്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ മലയാള ഭാഷയുടെ വിപുലീകരണത്തിന് സമഗ്രമായ കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്. കര്‍മ്മ പദ്ധതി തയ്യാറാക്കിയ ശേഷം ചിങ്ങം ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിളംബരദിനമായി പ്രഖ്യാപിച്ച് അവതരിപ്പിക്കും. പണം എങ്ങനെ ചിലവാക്കുമെന്ന് ആലോചിക്കാനും പദ്ധതികളെങ്ങനെ ആവിഷ്‌കരിക്കണമെന്ന് ചിന്തിക്കാനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഒരു 'അവൈലബിള്‍' യോഗം എന്നു മാത്രമേ അതിനെ പറയാന്‍ കഴിയൂ. തിരുവനന്തപുരത്ത് ലഭ്യമായവരെ ഉള്‍പ്പെടുത്തി ഒരു യോഗം. കാര്യമായ പ്രയോജനമൊന്നും ആ യോഗം കൊണ്ടുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെടുത്തി വിപുലമായ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രീയ കക്ഷികളെയും പ്രധാനപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരെയും സംഘടനകളെയുമെല്ലാം യോഗത്തില്‍ പങ്കെടുപ്പിക്കണം.
ശ്രേഷ്ഠഭാഷാപദവിയിലൂടെ ലഭ്യമാകുന്ന പണം ഉപയോഗിച്ച് ഭാഷാ ഉന്നമനത്തിനായി തിരുവനന്തപുരത്ത് ഏതെങ്കിലും കേന്ദ്രം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികളുണ്ട്. അവരുടെയും ചിന്ത പണം ചെലവഴിക്കുന്നതിന്റെ വഴികളെക്കുറിച്ചാണ്. പണം ചെലവഴിക്കുന്നതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറായി പലരും മുന്നോട്ടു വരുന്നത് ഭാഷാ സ്‌നേഹംകൊണ്ടാണെന്ന് പറയാന്‍ വയ്യ. കിട്ടുന്ന നൂറുകോടി എന്തു ചെയ്തു, ഏതു തരത്തില്‍ ചെലവിട്ടു എന്ന് ജനം പിന്നീട് ചോദിക്കുമെന്ന ബോധം ഭരണക്കാര്‍ക്കുണ്ടാകണം. പണം ചെലവിട്ടുകഴിയുമ്പോള്‍ അഴിമതിക്കഥകള്‍ നിരവധി പുറത്തുവരാനുള്ള സാഹചര്യമുണ്ടാകരുത്. അങ്ങനെയുണ്ടായാല്‍ ഭാഷ മാത്രമല്ല, മലയാളദേശം ഒന്നടങ്കം നശിച്ചുപോകും. മുഖ്യമന്ത്രിയുടെ വാഗ്ദാനം പോലെ സുതാര്യമായ കര്‍മ്മ പദ്ധതിയിലൂടെ മലയാള ഭാഷയെ ഉന്നതിയിലെത്തിക്കണം. മലയാളിയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണത്. ഇപ്പോള്‍ അഭിമാനം മുറിവേറ്റ ജനതയാണ് മലയാളികള്‍. തുഞ്ചന്റെ മണ്ണായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമപോലും സ്ഥാപിക്കാന്‍ നമുക്കായില്ല. മതഭ്രാന്തന്മാരുടെ എതിര്‍പ്പിനുമുന്നില്‍ പ്രതിമയ്ക്കും പിന്‍വാങ്ങേണ്ടി വന്നു. തിരൂരില്‍ ആ പ്രതിമ സ്ഥാപിച്ചുകൊണ്ടാകണം തുടക്കം. മലയാള ഭാഷയെന്നു കേട്ടാല്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ അതിലൂടെ കഴിയണം.
''മലയാളമെന്നു കേട്ടാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വരുക തന്നെ വേണം!''

Sunday, June 24, 2012

ചിരിയുടെ ശതാഭിഷേകം

ടോംസ് എന്ന പേരുകേള്‍ക്കുമ്പോഴെ മനസ്സിലേക്ക് ഓടിക്കേറുന്ന രണ്ടു മുഖങ്ങളുണ്ട്. ബോബനും മോളിയും. മലയാളിയുടെ ഗൃഹാതുര സ്മരണകളില്‍ ഓര്‍ത്തോത്തു ചിരിക്കാന്‍ വക നല്‍കുന്ന രണ്ട് ഹാസ്യചിത്രകഥാ കഥാപാത്രങ്ങള്‍. മലയാളിയെ ആഴത്തില്‍ സ്വാധീനിച്ച ഹാസ്യ ചിത്രകഥയാണ് ബോബനും മോളിയും. 
അനശ്വര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ 'ബോബനും മോളിക്കും' ജന്മം നല്‍കിയ ടോംസ് എന്ന വി.ടി.തോമസ് ശതാഭിഷേകത്തിന്റെ നിറവിലാണ്. ടോംസിന് എണ്‍പത്തിനാലു വയസ്സാകുമ്പോഴും ബോബനും മോളിക്കും വയസ്സാകുന്നില്ല. ഇപ്പോഴും അവര്‍ക്ക് പത്തുവയസ്സിന്റെ കുട്ടിത്തം. കാലമെത്ര കഴിഞ്ഞിട്ടും ആസ്വാദക മനസ്സുകളില്‍ ഇന്നും 'കുസൃതിക്കുട്ടികളായി' ജീവിക്കുന്ന ബോബനെയും മോളിയെയും പോലെ 84 കാരനായ ടോംസിന്റെ മുന്നിലും പ്രായം തോല്‍വി സമ്മതിക്കുന്നു. ഇപ്പോഴും സര്‍ഗാത്മകത കൈവിടാതെ വരയും വായനയും സുഹൃദ്ബന്ധങ്ങളുമൊക്കെയായി സജീവമാണ് ടോംസ്.
എണ്‍പത്തിന്നാലിലെത്തിയെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളാണ് അതോര്‍മ്മിപ്പിച്ചത്. ആഘോഷങ്ങളോട് ടോംസിന് താല്പര്യമുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെറിയ ആഘോഷം. കേരളാകാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ക്കൊപ്പമാണ് ടോംസ് എണ്‍പത്തിന്നാലാം പിറന്നാള്‍ ആഘോഷമാക്കിയത്. വളരെ ലളിതമായി.
തലമുറകള്‍ക്ക് ചിരിയും ചിന്തയും സമ്മാനിച്ച 'ബോബനും മോളിയും' കാര്‍ട്ടൂണ്‍ പരമ്പരയിലെ മറ്റു കഥാപാത്രങ്ങളും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. കഥാപാത്രങ്ങള്‍ക്കൊപ്പം ടോംസും പ്രശസ്തിയിലേക്കുയര്‍ന്നു. മലയാളത്തിലെ ഏറ്റവും ജനപ്രിയ കാര്‍ട്ടൂണിസ്‌റ്റെന്ന ബഹുമതി ഇപ്പോഴും ടോംസിന് സ്വന്തം. മലയാളികള്‍ ബോബനെയും മോളിയെയും ഓര്‍ക്കുന്നത് നിറഞ്ഞ ചിരിയോടെ മാത്രമാണ്. ചിത്രകഥയിലെ സന്ദര്‍ഭങ്ങളും സംസാരങ്ങളും ഓര്‍ത്തോത്തു ചിരിക്കാത്ത മലയാളികളുമുണ്ടാകില്ല. 
1929ല്‍ കുട്ടനാട്ടില്‍ വി.ടി.കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ടോംസ് എന്ന തൂലികാ നാമം സ്വീകരിച്ച വി.ടി.തോമസ് ജനിച്ചത്. തെരീസാക്കുട്ടിയാണു ഭാര്യ. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിക്കുന്നതുവരെ മനോരമയില്‍ തുടര്‍ന്നു. മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. മലയാളി വായനക്കാരെ അവസാന പേജില്‍ നിന്നു പിറകോട്ടുള്ള വായനയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു മനോരമയിലെ ബോബനും മോളിയും. അത്തരത്തിലൊരു വായനാസംസ്‌കാരം വളര്‍ത്തിയെടുത്തതിന്റെ ക്രഡിറ്റ് ടോംസിനുള്ളതാണ്. മലയാളമനോരമ വാരിക കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക ഏറ്റവും പിറകിലെ പേജിലുള്ള ബോബനും മോളിയുമായിരുന്നു.
തന്റെ അയല്‍പക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ് തന്റെ കഥാപാത്രങ്ങള്‍ക്കു നല്‍കിയത്. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ടോംസിനോട് ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികള്‍ക്കും അദ്ദേഹം കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ നല്‍കി. ബോബനും മോളിയുമെന്ന്. 
അയല്‍പക്കത്തെ കുട്ടികള്‍ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്‌കൂളില്‍ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചു. ടോംസിന്റെ മക്കളായ ബോബനും മോളിക്കും പ്രായമായി മക്കളും മക്കളുടെ മക്കളുമായെങ്കിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല.  പ്രായം ചെന്ന രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വികൃതികള്‍ ആരും ആസ്വദിക്കില്ലെന്നതിനാലാണ് തന്റെ കഥാപാത്രങ്ങള്‍ വളരാത്തതെന്നാണ് ടോംസിന്റെ പക്ഷം. അതുകൊണ്ട് ബോബനും മോളിക്കും ഒരിക്കലും പ്രായം കൂടില്ല. പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയെയും കൂടാതെ അവരുടെ അച്ഛനായ കേസില്ലാ വക്കീല്‍ പോത്തന്‍, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്തു പ്രസിഡന്റ് ചേട്ടനെന്നു വിളിക്കുന്ന ഇട്ടുണ്ണന്‍, ചേട്ടന്റെ ഭാര്യ ചേടത്തി, നേതാവ്, തുടങ്ങിയവര്‍ മലയാളി സമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവരാണ്. ബോബനും മോളിയും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും അവരുടെ കുടുംബം സ്‌കൂള്‍, നാട്, കൂട്ടുകാര്‍ എന്നിവരിലൂടെയാണ് കഥയുടെ സഞ്ചാരം. 
കീഴ്ക്കാംതൂക്ക് എന്ന സാങ്കല്‍പിക പഞ്ചായത്തിലാണ് ബോബന്റെയും മോളിയുടെയും കഥ നടക്കുന്നത്. കേരളത്തിലെ മദ്ധ്യവര്‍ഗ കുടുംബങ്ങളിലെ ജീവിതത്തെ ഹാസ്യാത്മകമായ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതത്. രാഷ്ട്രീയസാമൂഹിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ടോംസ് ബോബനെയും മോളിയെയും ആവിഷ്‌ക്കരിച്ചത്. ആ പശ്ചാത്തലം കോട്ടയത്തും കുട്ടനാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു.
സത്യദീപം മാസികയിലാണ് ബോബനും മോളിയും കാര്‍ട്ടൂണ്‍ ആദ്യം വരയ്ക്കുന്നത്. പിന്നീടാണ് മനോരമയിലേക്ക് മാറുന്നത്. 1950കളിലാണ് മനോരമയിലൂടെ ടോംസ് ബോബനും മോളിയും വരയ്ക്കുന്നത്. പിന്നീട് അദ്ദേഹം മനോരമയിലെ ജീവനക്കാരനായി. എന്നാല്‍ 1987ല്‍ മനോരമയില്‍ നിന്ന് രാജിവെച്ച ടോംസ് ബോബനും മോളിയും കലാകൗമുദിയിലൂടെ വരയ്ക്കാന്‍ ശ്രമിച്ചു.  എന്നാല്‍ കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി മനോരമ കേസ് കൊടുക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ ബോബനും മോളിയും വരയ്ക്കുന്നത് കോടതി വിലക്കി. വളരെ നാള്‍ നീണ്ട നിയമയുദ്ധമാണ് ടോംസ് മനോരമയുമായി നടത്തിയത്. പിതൃത്വം നല്‍കിയ കാര്‍ട്ടൂണിസ്റ്റിനാണോ, പ്രസിദ്ധീകരിച്ച വാരികയ്ക്കാണോ അവകാശം എന്നൊരു തര്‍ക്കമാണ് മനോരമയും ടോംസും തമ്മിലുണ്ടായിരുന്നത്. ബൗദ്ധികാവകാശത്തെച്ചൊല്ലി മലയാളത്തിലെ ആദ്യത്തെ തര്‍ക്കങ്ങളില്‍ ഒന്നായിരിക്കണമത്. മറ്റൊരു ആര്‍ട്ടിസ്റ്റിനെ ഉപയോഗിച്ച് മനോരമ ബോബനും മോളിയും തുടര്‍ന്നും വരപ്പിച്ചെങ്കിലും ടോംസിന്റെ വരയ്ക്കും ചിന്തയ്ക്കുമൊപ്പം നില്‍ക്കാനതിനായില്ല. പിന്നീട് ബോബനും മോളിയും എന്ന കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശം ടോംസിന് തന്നെ മനോരമ തിരിച്ചുനല്‍കുകയായിരുന്നു. അതേത്തുടര്‍ന്നാണ് ടോംസ് കോമിക്‌സ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത്.
1970-80 കാലഘട്ടങ്ങളാണ് ബോബനും മോളിയുടെയും സുവര്‍ണ്ണ കാലമെന്നു പറയാം. അക്കാലത്തു വരച്ച കാര്‍ട്ടൂണുകള്‍ ഇന്നു വായിക്കുമ്പോഴും ഓര്‍ത്തോത്തു ചിരിക്കാനുള്ള വകനല്‍കുന്നു. ഒരു തലമുറയ്ക്കു മുഴുവന്‍ ഗൃഹാതുരമായ അനുഭവങ്ങള്‍ അതു സമ്മാനിച്ചു. അന്നത്തെ ജീവിത, സാമൂഹ്യാവസ്ഥകളുടെ പ്രതിഫലനമായിരുന്നു ബോബനും മോളിയിലും ടോംസ് വരച്ചു കാട്ടിയത്.  70-80 കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യാവസ്ഥ പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ബോബനും മോളിയും വളരെ സഹായകരമാകുക തന്നെ ചെയ്യും. 
ബോബന്റെയും മോളിയുടെയും ഒപ്പം നടക്കുന്ന പട്ടിയും കഥാസന്ദര്‍ഭത്തിനനുസരിച്ച് പ്രകടിപ്പിക്കുന്ന ഭാവങ്ങള്‍ പ്രധാനമാണ്. കഥാപാത്രങ്ങളുടെ വികാരം പട്ടിയിലും പ്രതിഫലിക്കുന്നു. ചിത്രകഥയുടെ എല്ലാരംഗത്തിലും ബോബന്റെയും മോളിക്കുമൊപ്പം പട്ടിയുമുണ്ടാകും. അതു പട്ടിയാണോ പൂച്ചയാണോ എന്നതരത്തിലുള്ള ചര്‍ച്ചകളും ഒരു കാലത്ത് സജീവമായിരുന്നു. തന്റെ കഥാപാത്രം പട്ടിയാണെന്ന് സ്രഷ്ടാവുതന്നെ വ്യക്തമാക്കുകയായിരുന്നു. കഥയിലെ അപ്പിഹിപ്പി എന്ന കഥാപാത്രത്തെപ്പോലൊരാള്‍ ഇന്നു നമ്മുടെ സമൂഹത്തില്‍ വിരളമാകും. പ്രേമിക്കാനും സ്ത്രീകളെ പാട്ടിലാക്കാനും ഇന്ന് ഹൈടെക് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ റോഡു വക്കില്‍ പൂവാലന്മാരായി നില്‍ക്കാന്‍ ചെറുപ്പക്കാര്‍ക്ക് നേരമില്ല. എഴുപതുകളിലാണ് കേരളത്തില്‍ ഹിപ്പി തരംഗം ഉണ്ടായത്.
കീഴ്ക്കാംതൂക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഇട്ടുണ്ണാന്‍. അദ്ദേഹത്തിന്റെ ഭാര്യയെ ചേട്ടത്തിയെന്നാണ് കാര്‍ട്ടൂണുകളിലുടനീളം വിളിക്കുന്നത്. എന്നാല്‍ അവരുടെ പേര് മജിസ്‌ട്രേറ്റ് മറിയാമ്മ എന്നാണെന്ന് ടോംസ് വ്യക്തമാക്കിയിട്ടുണ്ട്. ചേട്ടന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ് പോത്തന്‍ വക്കീലിന്റെ കുടുംബം. ബോബനും മോളിയും ഇരട്ടക്കുട്ടികള്‍. കേസില്ലാ വക്കീലായതിനാല്‍ വാടകക്കാശ് പോലും കൊടുക്കാന്‍ കഴിയുന്നില്ല. അതിനാല്‍ എപ്പോഴും ചേടത്തിയുമായി കലഹത്തിലാണ് ബോബന്റെയും മോളിയുടെയും കുടുംബം. മണ്ടനായ ഇട്ടുണ്ണാന്‍ ചേട്ടന് ബുദ്ധി ഉപദേശിക്കുന്നത് ബോബനും മോളിയുമാണ്. എപ്പോഴും അബദ്ധത്തില്‍ ചാടുന്ന ചേട്ടന്‍ എന്നും ചേടത്തിയുടെ തല്ലുവാങ്ങുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അക്കാലത്തെ സാമൂഹ്യാവസ്ഥയെ ടോംസ് വിവരിക്കുന്നത്.
ബോബനും മോളിയും 1971 ല്‍ സിനിമയാക്കി. ശശികുമാര്‍ സംവിധാനം ചെയ്ത് മധുവും അടൂര്‍ഭാസിയുമൊക്കെ അഭിനയിച്ച സിനിമ ജനങ്ങള്‍ അത്രകണ്ട് സ്വീകരിച്ചില്ല. കാര്‍ട്ടൂണ്‍ കഥയിലെ കഥാപാത്രങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും വേഗതയായിരുന്നു പ്രത്യേകത. അതു സിനിമയില്‍ പ്രതിഫലിപ്പിക്കാനായില്ലെന്നതായിരുന്നു സിനിമ വേണ്ടത്ര സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമായത്. 2006 ല്‍ ക്യാറ്റ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ ആനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മ്മിച്ചിരുന്നു.
ഇത്രയേറെ ജനപ്രിയ കാര്‍ട്ടൂണുകള്‍ക്ക് ജീവന്‍ നല്‍കിയിട്ടും ടോംസിനെത്തേടി ഇതുവരെ അംഗീകാരങ്ങളൊന്നും വന്നില്ല. ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ പുരസ്‌കാരങ്ങള്‍ നല്‍കേണ്ടവര്‍ കണ്ണടച്ചു. പക്ഷേ, എണ്‍പത്തിനാലാം വയസ്സിലും അദ്ദേഹം കര്‍മ്മ നിരതനാണ്. ഇപ്പോഴും വരച്ചുകൊണ്ടേയിരിക്കുന്നു. അവസാന ശ്വാസം വരെ വരയിലൂടെ മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ടോംസിന്റെ ആത്മകഥ അടുത്തു തന്നെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസീദ്ധീകരിക്കും.

Thursday, December 29, 2011

ഒരേയൊരു ഗന്ധര്‍വ്വന്‍

ഗാനഗന്ധര്‍വ്വന്‍ എന്നു മലയാളി വിളിക്കുന്നത് ഒരാളെ മാത്രമാണ്. ആ വിളിപ്പേരു കേള്‍ക്കുമ്പോഴേ ലോകമെങ്ങുമുള്ള മലയാളിയുടെ മനസ്സില്‍ ആ മുഖവും തെളിഞ്ഞു വരും. കാട്ടാശ്ശേരി ജോസഫ് യേശുദാസെന്ന കെ.ജെ.യോശുദാസ്. മലയാളി ദിവസവും ഒരുനേരമെങ്കിലും ആ സ്വരം കേള്‍ക്കാറുണ്ട്. കേള്‍ക്കാതിരിക്കാന്‍ കഴിയാത്ത ശബ്ദമായി, ഓരോ മലയാളിയുടെയും ജീവതത്തിന്റെ ഭാഗമായി യേശുദാസ് എന്ന ഗായകന്‍ മാറി എന്നതാണ് സത്യം.
യേശുദാസിനെക്കുറിച്ച് മുമ്പും ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണത്. അദ്ദേഹത്തിന് എഴുപതു വയസ്സു തികഞ്ഞ സമയത്ത്, മാധ്യമങ്ങള്‍ അതാഘോഷമാക്കിയപ്പോള്‍ മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. മാറി നില്‍ക്കുന്നത് ഉചിതവുമായിരുന്നില്ല. 'ആശ്ചര്യചൂഡാമണി' എന്നപേരിലൊരു ലേഖനം ഈ പംക്തിയില്‍ ഇടംപിടിച്ചു. വരുന്ന ജനുവരി 10ന് യേശുദാസിന് എഴുപത്തിയൊന്ന് വയസ്സാകുകയാണ്. എഴുപത്തിയൊന്നിന്റെ ആഘോഷത്തിനല്ല വീണ്ടും അദ്ദേഹത്തെക്കുറിച്ച് എഴുതുന്നത്. ഇനിയും ആഘോഷിക്കാന്‍ അദ്ദേഹത്തിന് എത്രയോ പിറന്നാളുകള്‍ ബാക്കിയുണ്ട്. കേരള സര്‍ക്കാര്‍ അദ്ദേഹത്തിനെ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതാണ് ഈ കുറിപ്പിന് വീണ്ടും വഴിവച്ചത്. ചലച്ചിത്ര പിന്നണിഗാന രംഗത്തും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അദ്ദേഹത്തിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചലച്ചിത്ര പിന്നണിഗാന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മഹാപ്രതിഭയാണ് അദ്ദേഹമെന്നതും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനു യേശുദാസ് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയുമാണ് ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പ്രത്യേക അവാര്‍ഡ് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചത്.
യേശുദാസിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു കാലത്ത് നല്ല ഗായകനുള്ള സംസ്ഥാന പുരസ്‌കാരം തുടര്‍ച്ചയായി എല്ലാ വര്‍ഷവും അദ്ദേഹം നേടിക്കൊണ്ടിരുന്നു. കൂടാതെ ദേശീയ പുരസ്‌കാരങ്ങളും. ഒരു ഘട്ടത്തില്‍ തനിക്ക് ഇനി പുരസ്‌കാരം തരരുതെന്നും അത് പുതിയ പാട്ടുകാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയ കേരള സര്‍ക്കാരിന്റെ സമഗ്രസംഭാവനാ പുരസ്‌കാരം പാട്ടിനുവേണ്ടി മാത്രമുള്ളതല്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. സാമൂഹ്യ സാസ്‌കാരിക മേഖലകളിലും മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതിനും അദ്ദേഹം വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും നടത്തിവരുന്ന ജീവിതത്തിനു കൂടിയുള്ളതാണീ പുരസ്‌കാരം. യേശുദാസ് അതിനര്‍ഹനാണെന്നത് ഒട്ടും സംശയമില്ലാത്ത വസ്തുതയാണ്.
1961ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്' എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് യേശുദാസെന്ന ഗായകന്‍ ചലചിത്രലോകത്തേക്കെത്തുന്നത്. ആ വരികളിലെ അര്‍ത്ഥം ജീവിതത്തില്‍ പകര്‍ത്തിയാണ് ഇക്കാലമത്രെയും അദ്ദേഹം മുന്നോട്ടുപോയത്.
വെള്ളിത്തിരയില്‍ പ്രേംനസീര്‍. പിന്നണിയില്‍ വയലാര്‍-ദേവരാജന്‍-യേശുദാസ്. അറുപതുകളില്‍ മലയാളം സിനിമയുടെ സൂത്രവാക്യം ഇങ്ങനെയായിരുന്നു. 1962ല്‍ ഭാഗ്യജാതകത്തിനു വേണ്ടി പി.ലീലയ്‌ക്കൊപ്പം യേശുദാസ് പാടിയ 'ആദ്യത്തെ കണ്‍മണി'എന്ന ഗാനം ശ്രദ്ധേയമായി. പിന്നണിയില്‍ ബാബുരാജ്-ഭാസ്‌കരന്‍ ടീമായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ പി.ഭാസ്‌കരന്‍-ബാബുരാജ് ടീമിന്റെ വലിയ ഹിറ്റുകളിലൊന്നായ ഭാര്‍ഗവിനിലയത്തിലെ 'താമസമെന്തേ വരുവാന്‍' യേശുദാസിനെ ഗായകനെന്ന നിലയില്‍ പ്രശസ്തനാക്കി. അതേ വര്‍ഷം തന്നെയാണ് പഴശിരാജയില്‍ ആര്‍.കെ.ശേഖറിനു വേണ്ടി 'ചൊട്ട മുതല്‍ ചുടല വരെ' അദ്ദേഹം പാടിയത്.
വയലാര്‍-ദേവരാജന്‍ ടീമിന്റെ നിരവിധി ഹിറ്റ് ഗാനങ്ങള്‍ അക്കാലത്ത് യേശുദാസിന്റെ ശബ്ദത്തിലൂടെ പുറത്തു വന്നു. അറുപതുകളില്‍ അത്തരം ഗാനങ്ങളുടെ വേലിയേറ്റമായിരുന്നു. എഴുപതുകള്‍ മലയാള സിനിമയില്‍ പാട്ടിന്റെ വസന്തകാലമായിരുന്നു. ഇന്നും മലയാളികളുടെ ചുണ്ടില്‍ മൂളിക്കളിക്കുന്ന നിരവധി ഈണങ്ങളും വരികളും അക്കാലത്തിന്റെതാണ്. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ.രാഘവന്‍ തുടങ്ങിയവര്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ തന്നെ എം.കെ.അര്‍ജുനന്‍, എ.ടി.ഉമ്മര്‍, രവീന്ദ്രന്‍, കെ.ജെ.ജോയ്, എം.ജി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അക്കാലത്ത് സജീവമായി. എം.എസ്.വിശ്വനാഥന്‍, കെ.വി.മഹാദേവന്‍, വേദ്പാല്‍ വര്‍മ, രവീന്ദ്ര ജെയിന്‍, ഉഷാഖന്ന, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നിവര്‍ മലയാളത്തിനുപുറത്തു നിന്ന് മലയാള സിനിമാപ്പാട്ടു ശാഖയെ സമ്പന്നമാക്കാനെത്തിയതും ആ ദശകത്തിലാണ്. എഴുപതുകള്‍ മുതല്‍ എണ്‍പതിന്റെ പകുതിവരെയായിരുന്നു യേശുദാസിന്റെ പാട്ടുകളുടെ സുവര്‍ണ്ണകാലം എന്നു പറയാം. വലിയൊരു നിര സംഗീത സംവിധായകരുടെ ഈണങ്ങളും വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചുതിരുമല, ഓ.എന്‍.വി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ അര്‍ത്ഥമുള്ള വരികളും യേശുദാസിന്റെ ശബ്ദത്തിനൊപ്പം ചേര്‍ന്നപ്പോള്‍ നിരവധി ഹിറ്റുപാട്ടുകള്‍ മലയാളിക്കു ലഭിച്ചു. പാടിയാലും പറഞ്ഞാലും തീരാത്ത എത്രയോ പാട്ടുകള്‍.
ഈശ്വരന്റെ ശ്രീകോവില്‍ തുറക്കുന്നതും അടയ്ക്കുന്നതും യേശുദാസിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ്. കഴിഞ്ഞ അന്‍പതിലേറെ വര്‍ഷങ്ങളായി നമ്മള്‍ ആ ശബ്ദം കേള്‍ക്കുന്നു. നല്ല ഈണങ്ങളെ ശബ്ദത്തിന്റെ സൗരഭ്യത്താല്‍ സുഗന്ധവത്കരിച്ച യേശുദാസ് എന്ന ഗാനഗന്ധര്‍വ്വനെ പുരസ്‌കാരങ്ങള്‍ ഭ്രേമിപ്പിക്കുന്നില്ല. പാട്ടുകളിലൂടെ അദ്ദേഹം ഓരോ മലയാളിയുടെയും മനസ്സിനുള്ളില്‍ ഇറങ്ങിയിരുന്നു. മനുഷ്യ മനസ്സിന്റെ വൈകല്യങ്ങളെ ഇല്ലാതാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഭക്തിയാണ്. കറയില്ലാത്ത, അസൂയ ഇല്ലാത്ത, സത്യസന്ധമായ ഭക്തി. അതു തന്നെയാണ് ഇപ്പോഴത്തെ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതും.
എത്ര കണ്ടാലും മതിവരാത്ത കടലലകള്‍ പോലെ, എത്ര കണ്ടാലും കൊതിതീരാത്ത ഗജവീരനെ പോലെ, മലയാളിക്ക് എത്ര കേട്ടാലും മതിയാകില്ല, ഗാനഗന്ധര്‍വ്വന്റെ സ്വരം. അത്രയ്ക്ക് ഇഴുകി ചേര്‍ന്നിരിക്കുന്നു യേശുദാസെന്ന ഗായകന്‍ നമ്മുടെ ജീവിതവുമായി. ഭക്തിയും പ്രണയവും സങ്കടവും സന്തോഷവും എല്ലാം ഇടകലര്‍ന്ന ജീവിതത്തില്‍ യേശുദാസ് ഒഴിച്ചു കൂടാനാകാത്ത വ്യക്തിയാകുന്നു. കടുത്ത ദുഃഖം വന്നു പൊതിയുമ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നമ്മുടെ മനസ്സിലേക്ക് കയറിക്കൂടുന്ന എത്രയോ പാട്ടുകളുണ്ട്. അവയെല്ലാം മനസ്സിനെ ശാന്തതയുടെ തീരത്തെത്തിക്കുന്നു. ആഹ്ലാദത്തിന്റെ കൊടുമുടി കയറുമ്പോള്‍ യേശുദാസ് പാടിയ പാട്ടുകള്‍ തുള്ളിക്കളിച്ചു പാടാന്‍ നമുക്കു കൊതിയാകുന്നു. പ്രണയപരവശനായിരിക്കുമ്പോഴും വിരഹത്താല്‍ നീറുമ്പോഴും മനസ്സിലേക്ക് ഒഴുകിയെത്തണമെന്ന് കൊതിക്കുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സ്വരത്തിലൂടെ നമ്മുടെ ഹൃദയത്തില്‍ കുടിയിരിക്കുന്നുണ്ട്.
ഗുരുവായൂരപ്പന്റെ തിരുനട തുറക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദമാണ് മനസ്സിലേക്ക് പ്രവഹിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന് ഗുരുവായൂരപ്പനു മുന്നിലെത്താന്‍ ചിലര്‍ വിലക്കുകല്പിച്ചു. ഗന്ധര്‍വ്വനെ പുറത്തു നിറുത്തിയ യാഥാസ്ഥിതിക സമൂഹം ഈശ്വരനെ തിരിച്ചറിയുന്നില്ലെന്നു വേണം കരുതാന്‍. സംഗീതത്തെ ക്ഷേത്രത്തില്‍ കയറ്റി സംഗീതജ്ഞനെ പുറത്തു നിറുത്തിയപ്പോള്‍ പുറത്തു നിന്നദ്ദേഹം പാടുന്നു.
ഗുരുവായൂരമ്പല നടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും ഞാന്‍
ഗോപകുമാരനെ കാണും....
എല്ലാ ജന്മദിനത്തിനും മൂകാംബികാ ദേവിക്കു മുന്നില്‍ ഭക്തിയോടെ അദ്ദേഹം പാടുന്നു. സൗപര്‍ണ്ണികാ തീര്‍ഥം ശരീരത്തിലും കുടജാദ്രിയിലെ ഔഷധക്കാറ്റിനെ ഹൃദയത്തിലും നിറച്ച് മൂകാംബികാദേവിക്കു മുന്നില്‍ നില്‍ക്കുന്നു. ദേവിക്കു മുന്നില്‍ വിലക്കുകളില്ലാതെ പാട്ടിന്റെ പാലാഴി തീര്‍ക്കുമ്പോള്‍ ദേവീ ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേക്കു കയറുന്നു. ആ കാറ്റില്‍ ഒരു പാട്ട് ഒഴുകിയെത്തുന്നു. ഈശ്വരന്‍ മനുഷ്യനായി അവതരിച്ചു.....
പ്രായം എഴുപത്തിയൊന്നിലെത്തുമ്പോഴും സപ്തസ്വരങ്ങളുടെ ഗന്ധര്‍വ്വന്‍ വൃദ്ധനാകുന്നില്ല. ജനലക്ഷങ്ങളുടെ പ്രര്‍ഥനകള്‍ അദ്ദേഹത്തിനു കൂട്ടുണ്ട്. കാടും മലയും താണ്ടി, കല്ലും മുള്ളും ചവിട്ടി ശബരീശ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന അയ്യപ്പഭക്തന്റെ ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്നത് ഒരു ഗാനം.
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരി വിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ...
ഭക്തി ലഹരിയില്‍ പൂങ്കാവനത്തില്‍ സൗരഭ്യം പരക്കുമ്പോള്‍ ഭക്തിയുടെ ഒരു പങ്ക് ഗാനഗന്ധര്‍വ്വനായി മാറ്റി വയ്ക്കുന്നു. കോടി ജനങ്ങളുടെ പുണ്യം അദ്ദേഹത്തിനു കൂടി പകുത്തു നല്‍കുന്നു. കേരള സര്‍ക്കാര്‍ ആദരിച്ചു നല്‍കുന്ന ഈ പുരസ്‌കാരവും അത്തരത്തിലൊന്നാണ്. ആ ശബ്ദം കേള്‍ക്കാതെ ജീവിക്കാനാകാത്ത, കേള്‍ക്കാതെ ഉറങ്ങാനാകാത്ത ഓരോ മലയാളിയുടെയും ആദരവനാണ് അതില്‍ നിറച്ചു വച്ചിരിക്കുന്നത്.

Tuesday, June 7, 2011

മഴ പെയ്യുന്നു....മഴ പെയ്യുന്നു....

സമയം വൈകുന്നേരം 4.50. നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഴ തുടങ്ങുകയായി. മണ്‍സൂണ്‍!, കാത്തിരുന്ന മഴ. മരങ്ങള്‍ക്കിടയിലൂടെ വളരെ വേഗത്തില്‍ മേഘങ്ങള്‍ പാഞ്ഞു പോകുന്നു.പെട്ടന്നൊരു മിന്നല്‍, കാതടപ്പിക്കുന്ന ഇടിമുഴക്കം. മണ്‍സൂണിന്റെ ആദ്യമഴത്തുള്ളികള്‍ക്ക് അകമ്പടിയായി മിന്നലും. മണ്‍സൂണ്‍ കൊച്ചി നഗരത്തിലേക്ക് കടന്നു വരികയാണ്.
കോഫീ ഷോപ്പിലെ വെയിറ്റര്‍മാര്‍ ആഹ്ലാദം അടക്കാനാകാതെ മഴ എന്നുറക്കെ വിളിച്ച് ജനാലക്കരികിലേക്ക് ഓടി. ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെപ്പോലും ഓര്‍ക്കാതെ മഴയെക്കണ്ട് അവര്‍തുള്ളിച്ചാടി. പുറത്ത് നിരത്തില്‍ മഴ വീഴുന്നത് കണ്ട് ചിലര്‍ ആകാശത്തേക്ക് നോക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവര്‍ക്കും സന്തോഷം. ചിലര്‍പൊട്ടിച്ചിരിച്ചു. മറ്റു ചിലര്‍ മഴവെള്ളത്തെ കൈക്കുമ്പിളിലാക്കി സന്തോഷിച്ചു.
കോഫീ ഷോപ്പിന്റെ അടുക്കളവാതില്‍ തുറന്ന് ഒരാള്‍ ചായയുമായി പ്രത്യക്ഷപ്പെട്ടു. മഴ പെയ്തു തുടങ്ങിയത് അയാള്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ചായപ്പാത്രം മേശമേല്‍ വച്ച് എല്ലാം മറന്ന് അയാള്‍ ജനാലക്കരികിലേക്ക് ഓടി. കൈനീട്ടി മഴത്തുള്ളികളെ തന്നിലേക്കടിപ്പിച്ചു. കോഫീ ഷോപ്പിന്റെ വാതിലുകള്‍ ജോലിക്കാര്‍ തുറന്നു പിടിച്ചിരിക്കുകയാണ്. ഒരു വലിയ കൂട്ടം ജനങ്ങള്‍ അതിലൂടെ മഴയിലേക്കിറങ്ങി നനഞ്ഞു കുതിര്‍ന്നു.കോട്ടും സ്യൂട്ടുമിട്ട പുരുഷന്മാര്‍, സില്‍ക്ക് സാരിചുറ്റിയ സ്ത്രീകള്‍, സ്‌കൂള്‍ യൂണിഫോം ഇട്ട കുട്ടികള്‍. അവര്‍ മഴയെ സ്വീകരിക്കാനായി കൈകളും മുഖങ്ങളും ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു.....

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ആകാശത്തിനു കീഴെ മഴപെയ്യുന്നതിന്റെ രസകരമായ വിവരണമാണിത്. എംജി റോഡിലെ ഒരു കോഫീഷോപ്പിലിരുന്ന് ഒരു വലിയ മനുഷ്യന്‍ മഴകണ്ട വിവരണം. വെറും മഴയല്ല, മണ്‍സൂണ്‍ മഴത്തുള്ളികള്‍ കടുത്ത വേനലിന് വിരാമമിട്ട് ഒരു ജൂണ്‍മാസത്തില്‍ കൊച്ചിയില്‍ പതിച്ചതിന്റെ വിവരണം. ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ മഴയെയും പ്രത്യേകിച്ച് മണ്‍സൂണ്‍ മഴയെയും അത്രകണ്ട് സ്‌നേഹിച്ചു. മണ്‍സൂണ്‍ പെയ്തു തുടങ്ങുന്നത് കാണാന്‍ അദ്ദേഹം ഒരിക്കല്‍ കേരളത്തിലെത്തി. കേരളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യ മുഴുവന്‍ പെയ്ത് പിന്നീട് ഉത്തരേന്ത്യയെ തണുപ്പിക്കുന്ന മണ്‍സൂണിനൊപ്പം അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍ യാത്ര ചെയ്തു. മണ്‍സൂണിനെക്കുറിച്ചും അതൊപ്പം കേരളത്തിലെ പ്രകൃതിയെക്കുറിച്ചും രസകരമായ വിവരങ്ങളടങ്ങിയ പുസ്തകമാണ് ഫ്രേറ്ററുടെ ചേസിംഗ് ദ മണ്‍സൂണ്‍. ഇന്നു വരെ ഇറങ്ങിയതില്‍ ഏറ്റവും നല്ല മഴപ്പുസ്തകം.

മഴ ഒരു വികാരമാണ്. സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരം.എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണം മഴക്കുണ്ട്.പ്രത്യേകിച്ച് മണ്‍സൂണിന് ആകര്‍ഷകത്വം കൂടും. കടുത്തവേനലില്‍ ഇറ്റു മഴക്കായി ദാഹിച്ചിരിക്കുമ്പോഴാണ് മണ്‍സൂണ്‍ വരുന്നത്. എല്ലാത്തിനെയും തണുപ്പിക്കുന്ന, ആഹ്ലാദിപ്പിക്കുന്ന മാസ്മര ശക്തിയുമായി..
മണ്‍സൂണ്‍ മഴയല്ല. കാറ്റാണ്. മഴ കൊണ്ടുവരുന്ന കാറ്റ്. ലോകത്തിന്റെ പലഭാഗങ്ങളിലും മണ്‍സൂണ്‍ ഉണ്ട്. പക്ഷെ ഇന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍കാറ്റാണ് കൃത്യതയുള്ളതും ശക്തമായതും. അതിലൊക്കെ ഉപരി ഇന്ത്യയിലെ മണ്‍സൂണിന് സൗന്ദര്യവും ഉണ്ട്.
മണ്‍സൂണിന് ഒരു നാട്ടുപേരുണ്ട്. ഇടവപ്പാതി. ഇടവപ്പാതിക്ക് ഇടമുറിയാതെ മഴ എന്നൊരു ചൊല്ലുതന്നെ ഉണ്ട്. കാലങ്ങളായി ഇടവപ്പാതിക്ക് മഴ പെയ്യുന്നുണ്ടെങ്കിലും അതിന്റെ രഹസ്യം മലയാളിക്ക് പറഞ്ഞു തന്നത് അറബികളാണ്. ഒരു പ്രത്യേക കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാറ്റു കൃത്യമായി വീശുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. അവര്‍ അതിന് മൗസം എന്നു പേരിട്ടു. പിന്നീട് ഇംഗ്ലീഷുകാരാണ് അത് മണ്‍സൂണ്‍ ആക്കി പരിഷ്‌കരിച്ചത്.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടാണ് മണ്‍സൂണിന് ജന്മം നല്‍കുന്നത്.ചൂടു പിടിച്ച വായു അന്തരീക്ഷത്തിലേക്കുയര്‍ന്ന് ന്യൂനമര്‍ദ്ദമായി രൂപപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കടുത്ത ചൂടാണ് കേരളത്തില്‍ മഴ പെയ്യിക്കുന്നത്. വളരെ ദൂരം കടലിലൂടെയാണ് മണ്‍സൂണ്‍കാറ്റ് വരുന്നത്. കോടിക്കണക്കിന് ടണ്‍ ജലത്തെ ബാഷ്പരൂപത്തില്‍ ഒപ്പിയെടുത്തുകൊണ്ടാണ് യാത്ര. അത് അറബിക്കടലിലൂടെ വന്ന് ആദ്യം തിരുവനന്തപുരത്ത് മഴയായി പെയ്യുന്നു.

സമയം രാവിലെ 9.30. തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നില്‍ മാധവരായര്‍ പ്രതിമക്കു താഴെ നില്‍ക്കുമ്പോഴായിരുന്നു മഴ വന്നത്. ആദ്യം രണ്ടുതുള്ളികള്‍ കയ്യില്‍ വീണു. പിന്നീട് കവിളിലും. പുതു മഴയുടെ മണം. ആകാശത്തേക്ക് നോക്കി. സെക്രട്ടറിയേറ്റിനു മുകളില്‍ ആകാശം കറുത്തിരിക്കുന്നു. മേഘങ്ങള്‍ സെക്രട്ടറിയെറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കുന്നു. മണ്‍സൂണ്‍ വരവായി. തിരുവനന്തപുരത്തെ ആദ്യ മഴ.
സെക്രട്ടറിയേറ്റിനു മുന്നിലൂടെ കൊടികള്‍ ഉയര്‍ത്തിപ്പിടിച്ച്, ആകാശത്തേക്ക് മുഷ്ടി ചുഴറ്റിയെറിഞ്ഞ് ഒരു സമരം നീങ്ങുകയാണ്. മഴ ഇപ്പോള്‍ സര്‍വ്വതും നനക്കും. സമരക്കാരെയും. മുഷ്ടി ചുഴറ്റിയെറിഞ്ഞ ആകാശത്തേക്ക് തല ഉയര്‍ത്തി അവര്‍ നോക്കുന്നു. എല്ലാവരുടെയും മുഖത്ത് പ്രകാശം. അവകാശ സമരത്തിന്റെ വേദനയില്‍ നിന്ന് തെല്ലു മോചനം പോലെ....
മഴ പെയ്തു തുടങ്ങി. ആദ്യം ചെറുതായി....പിന്നീട് വലിയ ഇരമ്പലോടെ. ഇരു ചക്രവാഹന യാത്രക്കാര്‍ വലിയൊരു പങ്ക് മാധവരായര്‍ പ്രതിമക്കു താഴെ വാഹനങങ്ങള്‍ വച്ച് കടത്തിണ്ണയിലേക്കു കയറി. പക്ഷെ എല്ലാവരുടെയും മുഖത്ത് പ്രകാശമുണ്ടായിരുന്നു. സമരക്കാര്‍ പ്രകടനം നടത്തിക്കഴിഞ്ഞിരുന്നില്ല. മഴയില്‍ നിര്‍ത്താത്ത പ്രതിഷേധം. മഴ അവര്‍ ഇഷ്ടപ്പെടുന്നു. മഴ പെയ്ത് വേഷവും കൊടിയും കുതിര്‍ന്നെങ്കിലും അതു വകവെക്കാതെ നേതാവിന്റെ പ്രസംഗത്തിന് അവര്‍ കാതു നല്‍കി. ഒരാള്‍ നേതാവിന് മഴ നനയാതിരിക്കാന്‍ കുട പിടിച്ചു നല്‍കാന്‍ശ്രമിച്ചു. പക്ഷെ നേതാവ് അതു തട്ടിമാറ്റി, മഴയെ അദ്ദേഹവും ഇഷ്ടപ്പെടുന്നു....
സെക്രട്ടറിയേറ്റ് എന്ന പ്രൗഢമായ കെട്ടിടത്തിനു മേലെ മഴ പെയ്തിറങ്ങുകയാണ്. എല്ലാം കഴുകിക്കളയുന്ന മഴ. മഴയില്‍ കുതിര്‍ന്ന് നില്‍ക്കുന്ന സെക്രട്ടറിയേറ്റ് മന്ദിരത്തിന് വല്ലാത്ത സൗന്ദര്യം.

അമ്മേ, വരൂ വരൂ വെക്കം വെളിയിലേ-
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!

ബാലാമണിയമ്മയുടെ പ്രശസ്തമായ മഴവെള്ളത്തില്‍ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മഴയെ സാഹിത്യത്തില്‍ കൊണ്ടുവരാത്ത ഒറ്റ സാഹിത്യകാരനും ഉണ്ടാകില്ല. അധവാ അങ്ങിനെ ഉണ്ടെങ്കില്‍ അത്തരം സാഹിത്യം ആസ്വാദ്യകരവുമാകില്ല. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ മുതല്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ വരെ മഴ കടന്നു വരുന്നു.
മലയാളത്തിന്റെ മഴ സാഹിത്യം സമ്പന്നമാണ്.മഴ ഇവിടെ എഴുത്തുകാരുടെ പ്രിയപ്പെട്ട വിഷയമാകുന്നു.മഴ വരുന്നത് മേഘത്തില്‍ നിന്നാണല്ലോ. സാഹിത്യത്തില്‍ മേഘത്തെ കൂട്ടു പിടിച്ച എഴുത്തുകാരും നമുക്കുണ്ട്. കാളിദാസന്‍ മേഘത്തെ കൂട്ടുപിടിച്ചാണ് മേഘദൂതം രചിച്ചത്. വിശ്വസാഹിത്യത്തിലെ അമൂല്യകൃതിയില്‍ മേഘത്തെക്കൊണ്ട് കവി ദൂതുചെയ്യിച്ചു.
കവിതയിലും കഥയിലും സിനിമയിലും എല്ലാം മഴയുണ്ട്. ഒരു പക്ഷെ കവിതയിലാകും മഴയെ കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുക. മലയാള ഭാഷയുടെ പിതാവായ എഴഉത്തച്ഛന്റെ കാലം മുതല്‍ക്കേ മഴയെ വര്‍ണ്ണിച്ചിരിക്കുന്നു. ഭാഗവതം ദശമ സ്‌കന്ദത്തിലെ ഋതു വര്‍ണ്ണനം തന്നെ എഴഉത്തച്ഛന്റെ ഏറ്റവും നല്ല മഴ വര്‍ണ്ണനകളിലൊന്നാണ്. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി കുചേല സദ്ഗതിയിലും കുമാരനാശാന്‍ പ്രരോദനത്തിലും മഴയെ വിസ്മയത്തോടെ നോക്കിക്കാണുന്നു.
പി.കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും സുഗതകുമാരിയും എല്ലാം മഴയുമായി പ്രണയം കൂടിയവരാണ്. തകഴിയും എംടിയും ടി.പത്മനാഭനും മുതല്‍ പുതു തലമുറയിലെ കഥാകൃത്തുക്കള്‍ വരെ മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു.
മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി....
പ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ അവസാനിക്കുന്നതിങ്ങനെയാണ്.
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ..
എന്നു സുഗതകുമാരി എഴുതിയിരിക്കുന്നു.
മഴ ചിലര്‍ക്ക് പ്രണയവും വികാരവും ആകുമ്പോല്‍ മറ്റു ചിലര്‍ക്കത് പേമഴയികും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിത...
പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ-
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.
മഴയെ അത്യധികം പ്രളയിച്ച ആളാണ് നന്തനാര്‍. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയില്‍ മുറിയിടച്ച്, മഴയുടെ ശബ്ദം കേട്ടുകൊണ്ട് ആത്മഹത്യ ചെയ്ത നന്തനാരുടെ കഥകളിലെല്ലാം മഴയുണ്ട്.
തിരുവാതിര ഞാറ്റു വേലയിലെ തോരാമഴയത്ത് ഭാര്യയോടൊത്ത് കഴിയാന്‍ അന്യനാട്ടില്‍ നിന്നും എത്തുന്ന ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ മഴയില്ല. നിരാശനായി അയാള്‍ തിരികെപ്പോകാനൊരുങ്ങുമ്പോള്‍ തിമിര്‍ത്തുപെയ്യാനുള്ള കരുത്തുമായി മഴ വരുന്നു.പ്രകൃതിക്ക് നന്ദി പറഞ്ഞ അയാള്‍ ഭാര്യയുമായി ശുഭരാത്രി പങ്കിടുമ്പോള്‍ പുറത്ത് മഴയുടെ ഇരമ്പല്‍ ശക്തി പ്രാപിച്ചു വരുന്നു.... നന്തനാരുടെ പ്രശസ്തമായ കഥ ഒരു വര്‍ഷകാല രാത്രി കഥാപ്രേമികളെയും മഴയെപ്രണയിക്കുന്നവരെയും ആനന്ദത്തിലാറാടിക്കും.
തൊണ്ണൂറ്റൊമ്പതിലെ രൂക്ഷമായ വെള്ളപ്പൊക്കമാണ് കേരളം കണ്ട ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും. അതിനെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള എഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ പ്രശസ്തമാണ്.
നാട്ടിലെപ്പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിനൊരാള്‍,വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറികളുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആടുകള്‍,പട്ടി, പൂച്ച, ആട്, കോഴി, മുതലായ വളര്‍ത്തു മൃഗങ്ങളും. എല്ലാം ഐക്യമത്യമായിക്കഴിയുന്നു, ഒരു ശണ്ഠയുമില്ലാതെ.
വെള്ളപ്പൊക്കത്തില്‍ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. 1099 കര്‍ക്കിടക മാസം ഒന്നിനു തുടങ്ങിയ മഴയെക്കുറിച്ചാണ് കഥ. മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കേരളം വെള്ളത്തിനടിയിലായി. താഴ്ന്ന ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി മുങ്ങിപ്പോയി. സമുദ്ര നിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളം കയറി. മരിച്ചവര്‍ എത്രയെന്നു കണക്കില്ല. ഇന്നത്തെ പോലെ അതിനുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു.

അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു.
കാറ്റ് മൂളിക്കൊണ്ടിരുന്നു.മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ.....
ടി.പത്മനാഭന്റെ മഴ, ഒടുവിലത്തെ മഴ എന്ന കഥയില്‍നിന്നാണിത്.
സ്‌കൂള്‍ തുറക്കുന്നതോടെ കാലവര്‍ഷവും തുടങ്ങും. മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ എത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കും. നാലു മണിക്ക് സ്‌കൂള്‍ വിടുമ്പോഴാണ് മഴ ഘോഷം കൂട്ടി പെയ്യുന്നത്. പറക്കുളം കുന്നു കഴിഞ്ഞ് മലമക്കാവിലെ മേച്ചില്‍പ്പുറത്തെത്തുമ്പോഴാണ് രാവിലെ കളിയായി വെള്ളം കുടഞ്ഞുപോയ കാലവര്‍ഷം ഈറയോടെ ശരിക്കും നനക്കുന്നത്. കുട ചെരിച്ച് പിടിക്കാന്‍ കൂടെ വരുന്ന കാറ്റ് സമ്മതിക്കില്ലല്ലോ.
എം.ടി വാസുദേവന്‍ നായരുടെ മഴ ഓര്‍മ്മക്കുറിപ്പുകള്‍ ആരംഭിക്കുന്നതിത്തരത്തിലാണ്.

മഴയുടെ അത്ര സിനിമയിലഭിനയിച്ച ആരും ഉണ്ടാകില്ല. മഴ സിനിമക്ക് ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു.മഴയുടെ കാല്പനിക ഭംഗി നാം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സിനിമയിലാണ്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ഒറ്റ സിനിമ മതി മഴയും പ്രണയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍.
കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ...
തൂവാനത്തുമ്പികള്‍ക്ക് ആധാരമായ ഉദകപ്പോള എന്ന നോവലില്‍ പത്മരാജന്‍ ഇങ്ങനെ എഴുതി വെക്കുമ്പോള്‍ സിനിമ മഴകൊണ്ടു നിറയുകയായിരുന്നു.
മഴ ഒരു കഥാ പാത്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ വേറെയുമുണ്ട്. ഷാജി. എന്‍. കരുണിന്റെ പിറവിയില്‍ മഴ കഥാപാത്രമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്നൊരു സിനിമയുമുണ്ട്. കമലിന്റെ പെരുമഴക്കാലം എന്ന സിനിമയില്‍ മഴദുഖവും ഒപ്പം സന്തോഷവുമാണ്. മഴ അഭിനയിക്കാത്ത സിനിമകള്‍ അന്വേഷിക്കുന്നതാകും എളുപ്പം. സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മഴതന്നെ.

മലയാളത്തിലെ മഴകാണാന്‍ നിരവധി സഞ്ചാരികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ മഴകാണാനെത്തിയ അറബി സഞ്ചാരികള്‍ മുതല്‍ 1987 ല്‍ വന്ന അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ വരെ. എന്നാല്‍ വന്ന സഞ്ചാരികളാരും ഫ്രേറ്ററെപ്പോലെ ഗുണം ചെയ്തില്ല. ഫ്രേറ്റര്‍ മഴയെ അറിയുകയും അറിയിക്കുകയുമായിരുന്നു. ലോകത്തിന് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു, ഇവിടെ, ഈ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു മഴ ഉണ്ടെന്ന്.
ദക്ഷിണ ശാന്ത സമുദ്രത്തിലെ വന്വാട്ടു എന്ന ദ്വീപില്‍ നിന്നാണ് ഫ്രേറ്റര്‍ വന്നത്. മലയാളത്തിലെ മഴതേടി. വളരെ യാദൃശ്ചികമായിരുന്നു എല്ലാം. ഒരിക്കല്‍ ലണ്ടനിലെ ഒരാശുപത്രിയില്‍ രോഗികള്‍ക്കിടയില്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുമ്പോള്‍ ഫ്രേറ്റര്‍ക്ക് ഒരു സുഹൃത്തിനെക്കിട്ടി. മുബൈ സ്വദേശിയായ റീത്ത. അവരോട് ചങ്ങാത്തം കൂടിയ അദ്ദേഹം ഇന്ത്യയെക്കുറിച്ച് ചോദിച്ചു. റീത്ത പറഞ്ഞ കഥകളില്‍ ഫ്രേറ്ററുടെ മനസ്സില്‍ തങ്ങിനിന്നത് മഴയാണ്. കേരളത്തില്‍ തുടങ്ങി ഉത്തരേന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍ മഴ. മണ്‍സൂണ്‍ ഗോവയിലെത്തുമ്പോള്‍ അവിടെ മഴ ആഘോഷമുണ്ടെന്നതും അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചു. ഒടുവില്‍ അദ്ദേഹം കേരളത്തിലേക്ക് പറന്നു. മഴകാണാന്‍, മഴക്കൊപ്പം സഞ്ചരിക്കാന്‍.
ഫ്രേറ്റര്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍ മഴ വന്നിരുന്നില്ല. ആര്‍ത്തിരമ്പി വന്ന മഴയെ സ്വീകരിക്കാന്‍ 1987 ലെ മണ്‍സൂണ്‍ കാലത്ത് കോവളം കടല്‍തീരത്ത് നിന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പുതുമഴ നനഞ്ഞ് കോവളം തീരത്ത് നൃത്തം വച്ചത് പുസ്തകത്തില്‍ ഫ്രേറ്റര്‍ വര്‍ണ്ണിച്ചിട്ടുണ്ട്. മണ്‍സൂണ്‍ മഴക്കൊപ്പം അദ്ദേഹം യാത്ര ചെയ്തു. കൊല്ലത്തും കൊച്ചിയിലും മഴ എത്തിയപ്പോള്‍ ഫ്രേറ്ററും ഉണ്ടായിരുന്നു സ്വീകരിക്കാന്‍. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടും അവിടെനിന്ന് ഗോവയിലും മഴക്കൊപ്പം ഫ്രേറ്റര്‍ എത്തി. ലോകത്തേറ്റവും കൂടുതല്‍ മഴ പെയ്യുന്ന ചിറാപൂഞ്ചിയിലും അദ്ദേഹമെത്തി.
ലണ്ടനിലെ ഒബ്‌സര്‍വര്‍ പത്രത്തിന്റെ ചീഫ് ട്രാവല്‍ കറസ്‌പോണ്ടന്റായിരുന്നു അലക്‌സാണ്ടര്‍ ഫ്രേറ്റര്‍. അദ്ദേഹം കേരളത്തിലെ മഴ കണ്ടപ്പോള്‍ നമുക്ക് മഹത്തായ ഒരു പുസ്തകം കിട്ടി. മണ്‍സൂണ്‍ നാളെ ഇല്ലാതായാല്‍, വരും തലമുറക്ക് മണ്‍സൂണിനെ അറിയാന്‍ ഒരു പുസ്തകം.

ഒടുവില്‍ മഴയുടെ കുഞ്ഞുണ്ണി വരികളിതാ..

കാറ്റിന്റെ കൂട്ടില്ലാതെയിടിയില്ലാതെ തനി
ച്ചങ്ങനെ പെയ്തീടണം താമര നൂലുപോലെ
തൂവെള്ളിക്കമ്പിപോലെ
തുമ്പിക്കൈവണ്ണം പോലെ
ഒടുക്കം കുടം കൊണ്ടു ചൊരിയുന്നതുപോലെ
എന്തൊരു രസമതുകാണുവാ,
നതിന്‍ ഗാനം കേള്‍ക്കുവാന്‍!
മേടച്ചൂടിലതിനു കൊതിച്ചൂ ഞാന്‍
മഴ, വന്നപ്പോഴാകട്ടെ,പൈങ്കിളിപ്പെണ്‍ നോവലിന്‍
മാറത്തു കേറിക്കണ്ണുമടച്ചു കിടന്നൂ ഞാ...

Sunday, May 8, 2011

മറന്നുവോ നിങ്ങളീ അവധിക്കാലം....

വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന കുഞ്ഞിന് ചാഞ്ഞു നിന്നിരുന്ന തെങ്ങോലയില്‍ നിന്ന് രണ്ടുഓലക്കാലുകള്‍ ചീന്തിയെടുത്ത് കൈകൊണ്ടു മെടഞ്ഞ് പന്തുണ്ടാക്കിക്കൊടുത്തത് ഓര്‍ക്കുന്നുണ്ടോ.....ഓലപ്പന്ത്.
തൊടിയില്‍ കളിച്ചു നടന്ന കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ ഓലക്കാലും ഈര്‍ക്കിലിയും ഉപയോഗിച്ച് പമ്പരം ഉണ്ടാക്കിയത് മറന്നു പോയോ....ഓലപമ്പരം.
ഈര്‍ക്കിലി കളഞ്ഞ ഓലക്കാലുകള്‍ ചുറ്റിക്കെട്ടി പീ...പീ...പീ...എന്നു ശബ്ദമുണ്ടാക്കുന്ന പീപ്പി പെട്ടന്നുണ്ടാക്കിയതും മറന്നോ....ഓലപ്പീപ്പി.
കുഞ്ഞുങ്ങളെ രസിപ്പിക്കാന്‍ ഓലക്കാല്‍ ഈര്‍ക്കിലി ഊരി പ്രത്യേകതരത്തില്‍ ചുറ്റിക്കെട്ടിയുണ്ടാക്കിയ പാമ്പിനെയും ഓര്‍ക്കുന്നില്ലേ......ഓലപ്പാമ്പ്.
കൈത്തണ്ടയില്‍ ഓലവാച്ചും കെട്ടി, തലയില്‍ പ്ലാവില തൊപ്പിയും കാല്‍ത്തണ്ടയില്‍ പ്ലാവില ശീലയുമായി കള്ളനും പോലീസും കളിച്ചതും മറന്നു പോയി.....
എത്രയെത്ര കളിപ്പാട്ടങ്ങളായിരുന്നു...വെള്ളയ്ക്കയും പ്ലാവിലയും ചേര്‍ത്ത് വാളവണ്ടി ഉണ്ടാക്കി കളിച്ചിട്ടില്ലെ.... രണ്ടുവെള്ളയ്ക്ക(വെള്ളയ്ക്കയ്ക്ക് മച്ചിങ്ങയെന്നും വിളിപ്പേരുണ്ട്.)ക്കിടയില്‍ ഈര്‍ക്കില്‍ കുത്തിവച്ച് പ്ലാവില ഇടയിലൂടെ കയറ്റി, മുകള്‍ ഭാഗത്തിനും പ്ലാവില കൊണ്ട് മറയുണ്ടാക്കി....എത്രപെട്ടെന്നാണ് കാളവണ്ടി ഉണ്ടാക്കിയിരുന്നത്. തൊടിയിലൂടെ, വീട്ടിനുള്ളിലൂടെ...വള്ളിയില്‍ പിടിച്ച് വലിച്ചു നടക്കുന്ന കാളവണ്ടി.
കുഞ്ഞുങ്ങളെ കവുങ്ങിന്‍ പാളയില്‍ കയറ്റി ഇരുത്തി ഏലേസാ...എലേസാ...വിളിച്ച് വലിച്ചു കൊണ്ടുപോയിരുന്നത് എത്ര രസകരമായിരുന്നു....
മധ്യവേനലവധി പഴയകാലത്ത് കളിക്കാന്‍ മാത്രമുള്ളതായിരുന്നു. തൊടിയിലെ മാവില്‍ മൂഴുവന്‍ പഴുത്തതും പഴുക്കാത്തതുമായ മാങ്ങകള്‍. കാഴ്ചയില്‍ തന്നെ വായില്‍ വെള്ളമൂറുന്ന കര്‍പ്പൂരമാങ്ങ മുതല്‍ ഒറ്റനോട്ടത്തില്‍ വായില്‍ പുളിരസം നിറയ്ക്കുന്ന മൂവാണ്ടന്‍ വരെ.
തെക്കേ തൊടിയില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വലിയ മാവ് നാട്ടുമാവാണ്. നിറയെ കുലച്ചു നില്‍ക്കുന്ന ചെറിയ മാങ്ങകള്‍. ചെറിയ കാറ്റുവന്നാല്‍ ചറപറാ കൊഴിഞ്ഞു വീഴുന്ന പഴുത്തമാങ്ങകള്‍. ഒരു കാറ്റിന് ഒരു കുട്ടമാങ്ങ എന്നാണ് കണക്ക്. നാട്ടുമാവിന്റെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പില്‍ വലിയ ഊഞ്ഞാല്‍ കെട്ടും. ഓരോ ആട്ടത്തിനും മാവ് ഉലയും. പിന്നീട് പഴുത്ത മാങ്ങയുടെ പെരുമഴയാണ്. അവധിക്കാല കളികള്‍ എപ്പോഴും ഈ മാവിന്‍ ചുവട്ടിലാകും. വീഴുന്ന മാങ്ങകളൊക്കെ ചപ്പി തിന്നാം. കളിയും നടക്കും.
മാവിന്‍ ചുവട്ടില്‍ ഓലകുത്തിച്ചാരി വീടുകളിക്കും. ചെറിയകല്ലുകൊണ്ട് അടുപ്പുണ്ടാക്കി അതില്‍ ചിരട്ട മണ്‍കലമാക്കി ചോറും കറിയും വയ്ക്കും. കളിയിലെ വീട്ടില്‍ അച്ഛനും അമ്മയും കുഞ്ഞുങ്ങളുമുണ്ടാകും.
അതിരാവിലെ എഴുന്നേറ്റ് മാവിന്‍ ചുവട്ടിലേക്ക് ഓടും. ആരും എത്തുന്നതിനു മുമ്പ് മാങ്ങാ മുഴുവന്‍ പെറുക്കിയെടുക്കാന്‍. ഓരോ ദിവസവും കൂടുതല്‍ മാങ്ങ കിട്ടുന്നവരാണ് അന്നത്തെ നേതാക്കള്‍. കിട്ടിയ മാങ്ങയുടെ എണ്ണം പറഞ്ഞ് കൂട്ടുകാരോട് വീരസ്യം കാട്ടുന്നവര്‍....
പറങ്കിമാവാണ് മറ്റൊരു ആകര്‍ഷണം. പറങ്കിമാവില്‍ കയറി പറങ്കിയണ്ടി പഴത്തോടെ പറിച്ചെടുക്കും. പഴം തിന്ന ശേഷം പറങ്കിയണ്ടി നിക്കറിന്റെ പോക്കറ്റിലിടും വൈകുന്നേരം വീട്ടില്‍ ചെയ്യുമ്പോള്‍ അത് വീട്ടില്‍ കൊടുക്കും. അവധിക്കാലത്ത് സിനിമയ്ക്ക് പോകാനുള്ള പണം സ്വരൂപിക്കാനാണ് പറങ്കിയണ്ടി ശേഖരിച്ചു വയ്ക്കുന്നത്.
പിന്നെ ചക്ക, ആഞ്ഞിലിച്ചക്ക....എല്ലാം. മുതിര്‍ന്നവരാണ് ആഞ്ഞിലിയില്‍ കയറുന്നത്. പഴുത്ത ആഞ്ഞിലിച്ചക്ക പറിച്ച് താഴേക്കിട്ടു തരും. വലിയ കുട്ടയില്‍ വൈക്കോല്‍ നിറച്ച് അതിലാണ് ആഞ്ഞിലിച്ചക്ക പിടിക്കുന്നത്. തോലുരുഞ്ഞ് ഓരോ ചുളയും രുചിയോടെ തിന്നും. ആഞ്ഞിലിച്ചുവട്ടില്‍ നടന്ന് ആഞ്ഞിലിക്കുരു ശേഖരിച്ച് വീട്ടില്‍ കൊടുക്കും. കുരു മണ്‍കലത്തിലിട്ട് വറുത്ത് ശര്‍ക്കരയും കൂട്ടി ഇടിച്ച് തിന്നും....എന്തുരുചിയാണെന്നോ....
അവധിക്കാലത്തെ പ്രധാന കളി കുട്ടിയുംകോലുമാണ്. പിന്നെ വട്ടു കളി, കള്ളനും പോലീസും കളി. കൂടാതെ എള്ളു വിളഞ്ഞു കിടക്കുന്ന പാടത്ത് എള്ളിന്റെ ഇടയിലെ വഴികളിലൂടെ ഓടിക്കൊണ്ട് പട്ടം പറത്തുകയും ചെയ്യും. കബഡി, കിളിത്തട്ട് തുടങ്ങിയവയുമുണ്ട്....
കള്ളനും പോലീസും കളിക്കുമ്പോഴാണ് പ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുന്നത്. ഇന്‍സ്പക്ടര്‍ക്കും പോലീസുകാരനുമുള്ള തൊപ്പികള്‍ പ്രത്യേകമായി ഉണ്ടാക്കും. കൂടാതെ ഓലക്കാലുകൊണ്ട് കണ്ണട, വാച്ച് എല്ലാം ധരിച്ചാണ് പോലീസുകാരന്‍ വരുന്നത്. ഓളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് കള്ളനെ പോലീസുകാരന്‍ കണ്ടെത്തും.
രാവിലെ കളിക്കാനിറങ്ങിയാല്‍ ഉച്ചയ്ക്ക് ചോറുണ്ണാനൊന്നും വീട്ടിലെത്താറില്ല. മാങ്ങയും പറങ്കിമാങ്ങാ പഴവും ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെയാണ് ആഹാരം. കളികഴിഞ്ഞ് തളര്‍ന്ന് വൈകുന്നേരത്ത് കുളത്തിലേക്കൊരു ചാട്ടമാണ്. എല്ലാവരുംകൂടി കുളം അടിച്ചു കലക്കും. നീന്തിതുടിച്ചുള്ള കുളി. തോര്‍ത്തുമുണ്ടില്‍ മീന്‍ പിടിച്ചുകളിക്കും....
ആര്‍ക്കു മറക്കാനാവും ആ അവധിക്കാലം.....മനസ്സിലേക്ക് ഓടിയെത്തുന്ന നല്ല ഓര്‍മ്മകള്‍....
ഇപ്പോള്‍ അവധിക്കാലം ഇല്ലാത്ത കുട്ടികളാണ് വളര്‍ന്നു വരുന്നത്. അവര്‍ക്ക് പ്ലാവിലത്തൊപ്പിയും വെള്ളയ്ക്കാ വണ്ടിയും പാളയില്‍ കയറിയുള്ള യാത്രയും പരിചിതമല്ല. ഓലവാച്ചും ഓലപ്പന്തും ഓലപ്പമ്പരവും ഓലപ്പീപ്പിയും കണ്ടിട്ടുള്ള കുഞ്ഞുങ്ങളും വിരളം.
നഗരത്തില്‍ മാത്രമല്ല, നാട്ടിന്‍ പുറത്തും ഇപ്പോള്‍ അവധിക്കാല ക്ലാസ്സുകളുടെ മേളമാണ്. തുടര്‍ച്ചയായ പഠിത്തത്തിനിടയില്‍ രണ്ടു മാസം കളിക്കാന്‍ മാത്രമുള്ളതാണ് മധ്യവേനലവധി. പ്രകൃതിയുമായി ഇണങ്ങിയുള്ള കളികളിലൂടെ കുട്ടികള്‍ പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്തിരുന്നു. തൊടിയിലെ വൃക്ഷങ്ങളെ അടുത്തറിഞ്ഞിരുന്നു. പൂക്കളെയും ചിത്രശലഭങ്ങളെയും നിലിവിനെയും അറിയുകയും സ്‌നേഹിക്കുകയും ചെയ്തു.
അവധിക്കാലത്തും പഠിത്തം മാത്രമായതോടെ കുട്ടികള്‍ക്കെല്ലാം നഷ്ടപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിയ, പ്രകൃതിയില്‍ നിന്നുള്ള കളിപ്പാട്ടങ്ങളും ഇല്ലാതായി. പഴയ കളിപ്പാട്ടങ്ങളുടെ സ്ഥാനത്ത് ബാര്‍ബിസെറ്റും ബില്‍ഡിംഗ് ബ്ലോക്ക്‌സും ഡോളുകളും സ്ഥാനം പിടിച്ചു.
ചിരട്ട മണ്‍കലമാക്കി ചോറും കറിയും വച്ചു കളിക്കേണ്ടതില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്ക് കിച്ചണ്‍സെറ്റുകള്‍ ഇപ്പോള്‍ സുലഭം. വെള്ളയ്ക്കയും ഈര്‍ക്കിലിയും കൊണ്ട് സ്റ്റെതസ്‌കോപ്പുണ്ടാക്കി ഡോക്ടറും രോഗിയും കളിക്കേണ്ടതില്ല. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഡോക്ടര്‍ സെറ്റും റെഡി. കള്ളനും പോലീസും കളിക്കാന്‍ ആധുനിക മെഷീന്‍ഗണ്ണിന്റെ രൂപത്തിലുള്ള തോക്കുള്‍പ്പടെയുള്ള സന്നാഹങ്ങളും വിപണയില്‍ സുലഭം.....
കളികളെല്ലാം, വീട്ടിനുള്ളിലോ ഫ്‌ളാറ്റിന്റെ ഏകാന്തതയിലോ മാത്രമായി ചുരുങ്ങുകയും ചെയ്തു. തൊടികളിലെ കളികള്‍ ഇല്ലാതായി. അതുകൊണ്ട് എന്തു സംഭവിച്ചു...?
മാവിലയുടെയും മാവിന്റെയും മണം നോക്കി അതേതുതരം മാങ്ങയാണെന്ന് തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞുങ്ങള്‍ക്കില്ലാതായി. വരിക്കച്ചക്കയും കൂഴച്ചക്കയും വേര്‍തിരിച്ചറിയാന്‍ കഴിയാതെയായി. തൊടിയില്‍ വളരുന്ന ചെറുചെടികള്‍ പോലും കുട്ടികള്‍ക്ക് അന്യമായി. പൂക്കളും ചിത്രശലഭങ്ങളും വണ്ടും ഉറുമ്പും എല്ലാം അവര്‍ക്ക് അറിയാത്തവരായി.....
നഗരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് അവധിക്കാലത്ത് ഗ്രാമത്തിലെ ബന്ധുവീട്ടിലോ കുടുംബവീട്ടിലോ അവധി ആഘോഷിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു. ഇപ്പോള്‍ അതിനും കഴിയാതെയായി. അവധിക്കാല ക്ലാസ്സുകളുടെ ആധിക്യം തന്നെ കാരണം. പലതരത്തില്‍ അവധിക്കാല ക്ലാസ്സുകള്‍....ബുദ്ധിവികാസം..വ്യക്തിത്വ വികസനം....നൃത്തം...പാട്ട്....
നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പോയിട്ടും ഇപ്പോള്‍ കാര്യമില്ല. അവിടെയും അവധിക്കാല ക്ലാസ്സുകളുടെ ആധിക്യമാണിപ്പോള്‍. അതൊരു വ്യവസായമായി വളര്‍ന്ന് കുഞ്ഞുങ്ങളെ കാര്‍ന്നു തിന്നുന്നു...ഗ്രാമ, നഗര വ്യത്യാസമില്ലാതെ.....
പഴയെ ഓലപ്പീപ്പിയും ഓലപ്പന്തും ഓലപ്പമ്പരവും ഓലപാമ്പും മടങ്ങിയെത്തുന്നതെന്നാണ്......ആ നല്ല കാലം കുഞ്ഞുങ്ങള്‍ക്കായി പുനരവതരിച്ചെങ്കില്‍...

Saturday, March 12, 2011

വടക്ക് കിഴക്കന്‍ സാഹിത്യം

കേരളത്തിലെ എഴുത്തുകാര്‍ ഭാഗ്യശാലികളാണെന്ന് പറയാറുണ്ട്. സാഹിത്യത്തിന് വേണ്ടത്ര സ്വീകാര്യതയുള്ള സമൂഹത്തിലാണ് മലയാള ഭാഷയിലെഴുതുന്ന സാഹിത്യപ്രവര്‍ത്തകര്‍ ജീവിക്കുന്നത് എന്നതാണതിനു കാരണം. എഴുത്തുകാര്‍ക്ക് വലിയതോതില്‍ ബഹുമാനം നല്‍കുന്നവരാണ് മലയാളികള്‍. പുസ്തകങ്ങള്‍ വായിക്കുന്നവരാണെങ്കിലും അല്ലെങ്കിലും ഒരാള്‍ എഴുത്തുകാരനാണെന്നറിഞ്ഞാല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പുസ്തകം വാങ്ങുന്ന ശീലമുള്ള വലിയ സമൂഹം കേരളത്തിലുണ്ട്. അവരെല്ലാം പുസ്തകം വായിക്കുന്നവരാണെന്ന് പറയാന്‍ കഴിയില്ല. തങ്ങളുടെ വീട്ടിലെ മുറിഅലമാരകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പുസ്തകം വാങ്ങിക്കൂട്ടുന്നവരില്‍ കൂടുതലും. വായിക്കുന്നില്ലെങ്കിലും പുസ്തകങ്ങളെ കുറിച്ചുള്ള അറിവ് ഇത്തരക്കാര്‍ക്ക് കൂടുതലാണ്. നല്ല പുസ്തകങ്ങളും മോശം പുസ്തകങ്ങളും അവര്‍ പെട്ടന്നു തിരിച്ചറിയുന്നു. പുസ്തകം വായിക്കാനായോ അല്ലാതെയോ വാങ്ങിക്കൂട്ടുന്നവരാണ് എഴുത്തുകാര്‍ക്ക് പണം സമ്പാദിച്ചു നല്‍കുന്നത്. പുസ്തകങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നാല്ലാതെയും എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗ്ഗശേഷി വിറ്റ് കാശാക്കുന്നുണ്ട് കേരളത്തില്‍. അത് പ്രസംഗത്തിലൂടെയും കഥപറച്ചിലിലൂടെയും കവിതചൊല്ലലിലൂടെയുമൊക്കെയാണ്. കൂടാതെ പലതരത്തിലുള്ള പുരസ്‌കാരങ്ങളിലൂടെയും നല്ലൊരു തുക സാഹിത്യകാരന്മാരുടെ കയ്യിലെത്തുന്നുണ്ട്. ആകെക്കൂടി കണക്കു കൂട്ടുമ്പോള്‍ കേരളത്തിലെ എഴുത്തുകാര്‍ എന്തുകൊണ്ടും ഭാഗ്യം ചെയ്തവരാണ്. നല്ല പണം, ആദരവ്, അന്തസ്...എല്ലാം അവര്‍ക്ക് കിട്ടുന്നു. ഭാരതത്തിന്റെ തെക്കേഅറ്റത്തുള്ള ചെറിയ സംസ്ഥാനത്തിരുന്ന്, ഒരു കുഞ്ഞുഭാഷയില്‍ എഴുതുന്നവരുടെ കാര്യമാണ് മേല്‍വിവരിച്ചത്. ഒന്നോ രണ്ടോ കവിത പ്രസിദ്ധപ്പെടുത്തിയാല്‍, മാസികയിലോ വാരികയിലോ കഥ അച്ചടിച്ചു വന്നാല്‍, ഒരു പുരസ്‌കാരം ലഭിച്ചാല്‍ കേരളത്തില്‍ ഏതൊരാളും സാഹിത്യകാരനാകും. മറ്റു സംസ്ഥാനങ്ങളില്‍ ഈ പ്രവണത ഇല്ലെന്നു തന്നെ പറയാം. കേരളത്തില്‍ ആരുടെയും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പര്യാപ്തമായത്ര പ്രസിദ്ധീകരണങ്ങളുണ്ട്.എന്നാല്‍ കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചാണ്. അവിടെ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് മാന്യത ലഭിക്കുന്നില്ലെന്നു മാത്രമല്ല, സാഹിത്യ പ്രവര്‍ത്തനം മാത്രം ചെയ്യുന്നയാള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയുമാണ്. കേരളത്തിലെ പോലെ പുസ്തകം വാങ്ങുന്നവരോ വായിക്കുന്നവരോ ഇല്ല. കേരളത്തിലെ പോലെ സാഹിത്യത്തിന് വലിയ സ്വാധീനം സമൂഹത്തില്‍ ചെലുത്താനുമായിട്ടില്ല. എന്നാല്‍ വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നല്ല സാഹിത്യം ജനിക്കുന്നുണ്ട്. നല്ല കവിതകളും നല്ല കഥകളും ഉണ്ടാകുന്നു. സാഹിത്യത്തെ പേരിനു വേണ്ടി മാത്രമല്ലാതെ ഗൗരവത്തോടെ കാണുന്നവരാണ് അവിടങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകര്‍. ഈയിടെ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. തെക്കന്‍ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും കൂട്ടായ്മയായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെങ്കിലും കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വേണ്ടത്ര പ്രാതിനിധ്യം പരിപാടിക്കില്ലായിരുന്നു. സാഹിത്യ അക്കാദമിയും സംസ്ഥാന സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഒരു മനസ്സോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കവികളും കഥാകൃത്തുക്കളും ഒത്തു കൂടിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും വേദനിക്കുന്നവനും വേണ്ടിയുള്ള എഴുത്തിന്റെ മനസ്സ് അവര്‍ തുറന്നു വയ്ക്കുകയും പങ്കു വയ്ക്കുകയും ചെയ്തു. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നായി നാല്പതോളം സാഹിത്യപ്രവര്‍ത്തകരാണ് പങ്കെടുത്തത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാഹിത്യത്തിനും സാഹിത്യകാര്‍ക്കും ലഭിക്കുന്ന സ്വീകാര്യത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കാത്തത് അതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെയും സാക്ഷരതയുടെയും കുറവാണെന്നാണ് വിലയിരുത്തുന്നത്. പരമ്പരാഗതമായി കേട്ടുവരുന്നതും പാടിവരുന്നതുമായ കഥകള്‍ക്കും കവിതകള്‍ക്കും അപ്പുറം പുതിയ കഥകളും കവിതകളും ഉണ്ടാകുന്നുണ്ടെന്ന് അറിയാത്തവരാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ കൂടുതലും. അത്തരം വേവലാതികളാണ് ആ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ധനദാ ദേവി(ആസാമിയ), ജോഗേശ്വര്‍ വൈഖ്യ(മണിപ്പൂരി), ആര്‍.എല്‍.തന്‍മാവിയ(മിസോ) എന്നിവര്‍ പങ്കുവച്ചത്. അക്ഷരം വായിക്കാനും അതാസ്വദിക്കാനും അറിയാത്തവരെങ്ങനെ കഥയുടെയും കവിതകളുടെയും വായനക്കാരാകും?.ഈ സംസ്ഥാനങ്ങളില്‍ സാഹിത്യ സാക്ഷരതയുണ്ടാക്കണമെന്നതാണ് അവിടെനിന്നുള്ള സാഹിത്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യം. ഒറിയയിലോ അസാമീസിലോ എഴുതപ്പെട്ടിട്ടുള്ള ഒരു നോവല്‍ ഭാഷമാറ്റി മലയാളത്തിലച്ചടിച്ചു വന്നാല്‍ അതിനു വായനക്കാരേറെയുണ്ടാകുന്നു. പക്ഷേ, അതേ ഭാഷ മാതൃഭാഷയായി സംസാരിക്കുന്നവരുടെ ഇടയില്‍ ആ നോവലിന് വേണ്ടത്ര സമ്മിതിയും പ്രചാരവും ലഭിക്കുന്നില്ല. ഈ പ്രവണതയ്ക്ക് ഉത്തരവാദി ആരാണെന്നതു കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. സാഹിത്യത്തിന്റെയും ഭാഷയുടെയും വളര്‍ച്ചയ്ക്ക് പിന്നാക്ക സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിനു ധനമാണ് കേന്ദ്രസര്‍ക്കാരും മറ്റ് ഏജന്‍സികളും ഒഴുക്കുന്നത്. എന്നാല്‍ അതൊന്നും കാര്യമായ പ്രയോജനം ചെയ്യുന്നില്ല. പ്രയോജനമുണ്ടാകാത്തതിനുള്ള കാരണമായി അവിടെ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത് ഒഴുകിയെത്തുന്ന പണത്തിന്റെ സിംഹഭാഗവും ഇടനിലക്കാരുടെ കൈകളിലാണ് എത്തുന്നത് എന്നതാണ്. ഈ സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കാനുള്ള കാരണമായും അവിടെ നിന്നുള്ള എഴുത്തുകാര്‍ എടുത്തുകാട്ടുന്നതും സാഹിത്യത്തിന്റെ പ്രചാരക്കുറവും അതില്‍ നിന്നുള്ള അനുഭവക്കുറവുമാണ്. നല്ല സാഹിത്യം വായിക്കുന്നവരുടെ മനസ്സില്‍ കരുണയും അനുകമ്പയും സഹാനുഭൂതിയുമെല്ലാം ഉയര്‍ന്ന അവസ്ഥയിലായിരിക്കുമെന്നും അവര്‍ പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫോക്‌ലോര്‍ കലകള്‍ക്ക് വളരെ പ്രചാരമുണ്ട്. അതില്‍ കൂടുതലും അവിടുത്തെ കാര്‍ഷിക സംസ്‌കൃതിയും ജീവിത രീതിയുമായി ബന്ധപ്പെട്ടതാണ്. അത്തരം കലകളെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആശയപ്രചരണത്തിനുള്ള മാര്‍ഗ്ഗങ്ങളാക്കി മാറ്റിയെന്നും അവിടെ നിന്നുള്ളവര്‍ വേവലാതിപ്പെടുന്നു. മലയാളത്തില്‍ നിന്നുള്ള മികച്ച കൃതികളൊന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. അവിടെ നിന്നുള്ള സാഹിത്യപ്രവര്‍ത്തകരില്‍ ചിലര്‍ ഒ.വി.വിജയന്റെയും എം.ടിയുടെയും മറ്റും കൃതികള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിച്ചവയാണ്. ഭരണകര്‍ത്താക്കള്‍ പിന്നാക്കമെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയിട്ടുള്ള ഇത്തരം സംസ്ഥാനങ്ങളില്‍ വലിയൊരു ജനസംസ്‌കാരമുണ്ടെന്നത് മറന്നുപോകുന്നത് അപകടകരമായിരിക്കുമെന്നാണ് മിസോറാമില്‍ നിന്നുള്ള കവി ആര്‍.എല്‍.തന്‍മാവിയ പറഞ്ഞത്. ഭാരതത്തിന്റെ തനതായ പാരമ്പര്യമാണ് അവിടെ നിലനില്‍ക്കുന്നത്. അതത്രയും ശരിയുമാണ്. ഭക്ഷണത്തോടൊപ്പം, തൊഴിലിനോടൊപ്പം...അല്പം സാഹിത്യം കൂടി നല്‍കിയാന്‍ സാംസ്‌കാരിക ബോധവും ദേശാഭിമാനവുമുള്ള വലിയൊരു ജനതയെ സൃഷ്ടിക്കാന്‍ കഴിയും. സര്‍ക്കാരുകള്‍ പണം ചെലവിടേണ്ടത് ആ ഉദ്ദേശ്യത്തോടെയായിരിക്കണം.

Saturday, March 5, 2011

കുട്ടികളുടെ സ്വന്തം

അമര്‍ചിത്രകഥകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകുമോ? നമ്മുടെ പുരാണങ്ങളെ, ചരിത്ര വസ്തുതകളെ, ചരിത്ര പുരുഷന്മാരുടെ വീരകഥകളെ...എല്ലാം കുട്ടികളിലേക്കെത്തിച്ചത് അമര്‍ചിത്രകഥകളിലൂടെയാണ്. കുട്ടികളില്‍ വായനയെന്ന സ്വഭാവവും അറിവിന്റെ ബോധവും വളര്‍ത്താന്‍ അമര്‍ചിത്രകഥകള്‍ വളരെയധികം സഹായിച്ചു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ചിത്രകഥകളെ സ്‌നേഹിക്കുകയും അതിന്റെ വായനക്കാരാകുകയും ചെയ്തത് കഥപറയുന്നതിലും അത് വായനക്കാരെ മനസ്സിലാക്കിക്കുന്നതിലും ചിത്രകഥകള്‍ പുലര്‍ത്തി വന്ന പ്രത്യേകതകള്‍ കാരണമാണ്. അമര്‍ചിത്രകഥകള്‍ വായിച്ചിട്ടില്ലാത്ത കുട്ടികള്‍ ഇല്ലെന്നു പറയുന്നതിനൊപ്പം, അതു വായിച്ചിട്ടില്ലാത്ത മുതിര്‍ന്നവരും ഇല്ലെന്ന് പറയേണ്ടി വരും. കുഞ്ഞുമനസ്സുകളില്‍ ചിത്രകഥകള്‍ക്ക് ഇത്രയധികം സ്വാധീനം സൃഷ്ടിക്കാന്‍ മുഖ്യപങ്കു വഹിച്ച ഒരു വ്യക്തിയുണ്ട്. കഥകള്‍ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പറഞ്ഞ് കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ വിസ്മയിപ്പിച്ച ഒരാള്‍. അദ്ദേഹമാണ് കഴിഞ്ഞ ദിവസം കഥകളുടെ വലിയ കൂട്ടിലേക്ക് സ്വയം നടന്നുപോയ അനന്തപൈ. ആയിരക്കണക്കിന് പുരാണ കഥാപാത്രങ്ങളെ അദ്ദേഹം കുട്ടികള്‍ക്കു പരിചയപ്പെടുത്തി. മൃഗങ്ങളുടെ സംസാരിക്കുന്ന ലോകം സൃഷ്ടിച്ച് നിരവധി വിനോദകഥകള്‍ അദ്ദേഹം നമുക്കു പറഞ്ഞു തന്നു. കപീഷിനെയും സിഗാളിനെയും പീലുവിനെയുമൊക്കെ മറക്കാന്‍ കഴിയുന്ന കുട്ടികളുണ്ടാകില്ല.മരിച്ചയാള്‍ സമൂഹത്തിനു ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ മരണശേഷം വാഴ്ത്തപ്പെടുന്നത് നാട്ടു നടപ്പാണ്. മരിച്ച മഹാനെ ജനങ്ങള്‍ക്ക് അറിയാനും വീണ്ടുമോര്‍ക്കാനുമുള്ള വഴിയാണത്. എന്നാല്‍ അത്തരമൊരാനുകൂല്യം അനന്തപൈയ്ക്ക് മലയാള മാധ്യമങ്ങള്‍ വളരെയൊന്നും നല്‍കിയില്ല. മരണം തന്നെ പലരും അറിഞ്ഞില്ല. ഇത്രത്തോളം കുഞ്ഞുമനസ്സുകളെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച മറ്റൊരാളില്ലന്നിരിക്കെ അനന്തപൈയുടെ മരണത്തെ പ്രാധാന്യത്തോടെ കാണാന്‍ മാധ്യമങ്ങള്‍ക്കായില്ലെന്നത് പരിതാപകരമാണ്. ചിത്രകഥകളുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഓരോ കഥ പറയുമ്പോഴും അദ്ദേഹം കുട്ടികളുടെ മനസ്സിനെ അടുത്തു കണ്ടിരുന്നു. ചിത്രകഥകള്‍ വായിച്ച് കുട്ടികള്‍ വഴിതെറ്റില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ചിത്രകഥകളുടെ വായനയിലൂടെ കുട്ടികള്‍ കൂടുതല്‍ അറിവുള്ളവരായി വളരുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് പുരാണങ്ങളിലുള്ള അറിവ് കുറവാണെന്ന തിരിച്ചറിവാണ് അമര്‍ചിത്രകഥകളുമായി രംഗത്തു വരാന്‍ അനന്തപൈയെ പ്രേരിപ്പിച്ചത്. അതിനു പിന്നില്‍ അദ്ദേഹത്തെ ചിന്തിപ്പിച്ച ഒരു സംഭവവുമുണ്ട്. ഒരിക്കല്‍ ഒരു ക്വിസ് പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യന്‍ പുരാണങ്ങളും ഗ്രീക്ക് പുരാണങ്ങളുമായിരുന്നു ചോദ്യങ്ങള്‍. ഗ്രീക്ക് പുരാണ സംബന്ധമായ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറഞ്ഞ കുട്ടികള്‍ പക്ഷേ, ഭാരതീയ പുരാണങ്ങളില്‍ അറിവില്ലാത്തവരായിരുന്നു. നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള വഴിയായാണ് അദ്ദേഹം അമര്‍ചിത്രകഥ തുടങ്ങിയത്. 1965-70 കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ പാശ്ചാത്യ കോമിക്കുകളിലും ഫാന്റം, സൂപ്പര്‍മാന്‍ തുടങ്ങിയ ഇറക്കുമതിക്കഥകളിലും പെട്ടുകിടക്കുകയായിരുന്നു. അതിനു മാറ്റം വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. നമ്മുടെ സംസ്‌കാരത്തിലും പുരാണത്തിലുമൂന്നിയ കഥകളുടെ വലിയ സദ്യ അദ്ദേഹം കുഞ്ഞുങ്ങള്‍ക്കായി ഒരുക്കി. കഥ പറയുന്ന അമ്മൂമ്മമാര്‍ നഷ്ടമായിക്കൊണ്ടിരുന്ന സമൂഹത്തില്‍, കഥപറയാനറിയാത്തവരോ അതിനു സമയമില്ലാത്തവരോ ആയ രക്ഷിതാക്കളുള്ള കുടുബത്തില്‍ ആ കര്‍ത്തവ്യം അനന്തപൈയുടെ അമര്‍ചിത്രകഥകള്‍ ഏറ്റെടുത്തു. കുഞ്ഞുങ്ങളോട് വിവിധ ഭാരതീയ ഭാഷകളിലൂടെ കഥകള്‍ പറഞ്ഞു തുടങ്ങി. മഹാഭാരതത്തിലെ വിവിധങ്ങളായ കഥാപാത്രങ്ങളെ കുറിച്ച്, രാമായണത്തെ കുറിച്ച്, ചരിത്ര പുരുഷന്മാരെ കുറിച്ച്....1967ലാണ് അമര്‍ചിത്രകഥ പ്രസീദ്ധീകരണം ആരംഭിച്ചത്. 'അമര്‍ചിത്രകഥ'കളുടെ വിജയം നാളിതുവരെയുള്ള പ്രസിദ്ധീകരണ ചരിത്രത്തെ അതിശയിപ്പിക്കുന്നതായി വളര്‍ന്നത് കുറഞ്ഞകാലത്തിലാണ്. പുരാണകഥകളും ചരിത്രകഥകളുംഹൃദ്യമായ ചിത്രങ്ങളോടെ അവതരിപ്പിച്ചാണ് 'അമര്‍ചിത്രകഥ' കുട്ടികളെ എളുപ്പം വശീകരിച്ചത്. അനന്തപൈ തന്നെ അവയ്ക്ക് അക്ഷരരൂപം നല്കി. ചിത്രങ്ങളിലും എഴുത്തിലും തെല്ലും വിട്ടുവീഴ്ചചെയ്യാതെയാണ് അദ്ദേഹം വളരെക്കാലം 'അമര്‍ചിത്രകഥ' തുടര്‍ന്നുവന്നത്. അത്ഭുകരമായിരുന്നു അവയുടെ വില്‍പ്പനകണക്ക്. ഇംഗ്ലീഷിലും ഇരുപതിലേറെ ഭാരതീയ ഭാഷകളിലുമായി പ്രതിവര്‍ഷം മുപ്പതുലക്ഷം കോപ്പികളാണ് അമര്‍ചിത്രകഥ ചൂടപ്പംപോലെ വിറ്റത്. 2007ല്‍ എ.സി.കെ.മീഡിയ ഏറ്റെടുക്കുംവരെ അനന്തപൈ ആണ് ഇതിന് നേതൃത്വം വഹിച്ചത്. ഭാരതത്തിന്റെ സ്വന്തം കോമിക് കഥാപാത്രങ്ങളുമായി 'ട്വിങ്കിള്‍' ചിത്രകഥാ പ്രസിദ്ധീകരണവും അനന്തപൈ പുറത്തിറക്കി. അമര്‍ചിത്രകഥയുടെ വിജയമാണ് 'ട്വിങ്കിളി'ലേക്ക് പൈയുടെ ശ്രദ്ധതിരിച്ചത്. 'രംഗ്‌രേഖ ഫീച്ചേഴ്‌സി'ന്റെ ബാനറില്‍ തുടങ്ങിയ ട്വിങ്കിളാണ് ഇന്ത്യയിലെ ആദ്യത്തെ കോമിക് കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ്. 1998വരെ ട്വിങ്കിളിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. എക്കാലത്തും കുട്ടികളുടെ മനം കവര്‍ന്ന 'കപീഷ്' എന്ന അത്ഭുതവാലുള്ള കുരങ്ങനെയും അദ്ദേഹം സൃഷ്ടിച്ചു. കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പൂമ്പാറ്റ ദൈ്വവാരികയും പൈകോക്ലാസിക്‌സും അനന്തപൈയുടെ സര്‍ഗ്ഗാത്മകതയില്‍ ജനിച്ചവയാണ്. 1937ല്‍ കര്‍ണ്ണാടകയിലെ മംഗലാപുരത്ത് കര്‍ക്കലയിലാണ് അനന്തപൈ ജനിച്ചത്. ശാസ്ത്രവിഷയങ്ങളാണ് പഠിച്ചതെങ്കിലും താല്‍പര്യം മുഴുവന്‍ കോമിക്‌സുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിലായിരുന്നു. 1954ലാണ് എഡിറ്റിംഗിലേക്കും പ്രസാധനത്തിലേക്കും പൈ ഇറങ്ങിത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ പുസ്‌കവിഭാഗത്തിന്റെ ജൂനിയര്‍ എക്‌സിക്യൂട്ടിവ് ആയി. അവിടെ വച്ചാണ് 'ഇന്‍ക്രാജല്‍' എന്ന കോമിക്പുസ്തകം പുറത്തിറക്കിയത്.പണ്ടു 'പൂമ്പാറ്റ'യും പിന്നീട് 'ബാലരമ'യും ആദ്യം കയ്യില്‍ കിട്ടിയാല്‍ കുട്ടികള്‍ വായിച്ചിരുന്നത് കപീഷിനെയാണ്. കപീഷിന് ഹനുമാന്‍ അറിഞ്ഞു നല്‍കിയ വരമായിരുന്നു നീട്ടാന്‍ കഴിയുന്ന മാന്ത്രികവാല്‍. ആ വാലിന്റെ മാന്ത്രികതയില്‍ ശത്രുക്കളെ തോല്‍പ്പിച്ച നിരവധി കഥകള്‍. നല്ലവരായ പിന്റുവും മോട്ടുവും ബന്ദിരയും....ക്രൂരന്മാരായ സിഗാളും പീലുവും ദൊപ്പയ്യയും...പിന്നെ കാട്ടിലെ നിയമങ്ങളും. എല്ലാം കുട്ടികള്‍ വളരെക്കൂടുതല്‍ ഇഷ്ടപ്പെട്ടു. കഥകളുടെ വിസ്മയപ്പെട്ടി തുറന്നുവയ്ക്കാന്‍ ഇനി അങ്കിള്‍പൈ എന്ന കുട്ടികളുടെ പൈമാം ഇല്ല. വര്‍ഷങ്ങളോളം എണ്ണമറ്റ കുട്ടികളെ കഥകളുടെ മഹാസാഗരത്തിലേക്ക് ആനയിച്ച 'അമര്‍ ചിത്രകഥ'യുടെ പിതാവ് അനന്ത്‌പൈ കഥകളുടെ വിസ്മയക്കൂട് നമ്മുടെ കുട്ടികള്‍ക്കായി, ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി നല്‍കിയിട്ടാണ് മരണത്തിന് കീഴടങ്ങിയത്. അവയെല്ലാം കുഞ്ഞുങ്ങളെക്കൊണ്ട് നമുക്കു വായിപ്പിക്കാം. അനന്തപൈയെ എക്കാലത്തും ഓര്‍ത്തു വയ്ക്കാന്‍ അതുപകരിക്കും. അദ്ദേഹത്തിനു നല്‍കുന്ന ശ്രദ്ധാഞ്ജലിയാണത്.