എനിക്കു ചിലതു നിങ്ങളോടു തുറന്നു പറയാനുണ്ട്. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായി ഉള്ളുതുറന്നൊരു സംസാരം...അതിനാണിത്...
Thursday, December 29, 2011
ഒരേയൊരു ഗന്ധര്‍വ്വന്‍
Tuesday, June 7, 2011
മഴ പെയ്യുന്നു....മഴ പെയ്യുന്നു....
കോഫീ ഷോപ്പിലെ വെയിറ്റര്‍മാര്‍ ആഹ്ലാദം അടക്കാനാകാതെ മഴ എന്നുറക്കെ വിളിച്ച് ജനാലക്കരികിലേക്ക് ഓടി. ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെപ്പോലും ഓര്‍ക്കാതെ മഴയെക്കണ്ട് അവര്‍തുള്ളിച്ചാടി. പുറത്ത് നിരത്തില്‍ മഴ വീഴുന്നത് കണ്ട് ചിലര്‍ ആകാശത്തേക്ക് നോക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവര്‍ക്കും സന്തോഷം. ചിലര്‍പൊട്ടിച്ചിരിച്ചു. മറ്റു ചിലര്‍ മഴവെള്ളത്തെ കൈക്കുമ്പിളിലാക്കി സന്തോഷിച്ചു.
കോഫീ ഷോപ്പിന്റെ അടുക്കളവാതില്‍ തുറന്ന് ഒരാള്‍ ചായയുമായി പ്രത്യക്ഷപ്പെട്ടു. മഴ പെയ്തു തുടങ്ങിയത് അയാള്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ചായപ്പാത്രം മേശമേല്‍ വച്ച് എല്ലാം മറന്ന് അയാള്‍ ജനാലക്കരികിലേക്ക് ഓടി. കൈനീട്ടി മഴത്തുള്ളികളെ തന്നിലേക്കടിപ്പിച്ചു. കോഫീ ഷോപ്പിന്റെ വാതിലുകള്‍ ജോലിക്കാര്‍ തുറന്നു പിടിച്ചിരിക്കുകയാണ്. ഒരു വലിയ കൂട്ടം ജനങ്ങള്‍ അതിലൂടെ മഴയിലേക്കിറങ്ങി നനഞ്ഞു കുതിര്‍ന്നു.കോട്ടും സ്യൂട്ടുമിട്ട പുരുഷന്മാര്‍, സില്‍ക്ക് സാരിചുറ്റിയ സ്ത്രീകള്‍, സ്‌കൂള്‍ യൂണിഫോം ഇട്ട കുട്ടികള്‍. അവര്‍ മഴയെ സ്വീകരിക്കാനായി കൈകളും മുഖങ്ങളും ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു.....
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ആകാശത്തിനു കീഴെ മഴപെയ്യുന്നതിന്റെ രസകരമായ വിവരണമാണിത്. എംജി റോഡിലെ ഒരു കോഫീഷോപ്പിലിരുന്ന് ഒരു വലിയ മനുഷ്യന്‍ മഴകണ്ട വിവരണം. വെറും മഴയല്ല, മണ്‍സൂണ്‍ മഴത്തുള്ളികള്‍ കടുത്ത വേനലിന് വിരാമമിട്ട് ഒരു ജൂണ്‍മാസത്തില്‍ കൊച്ചിയില്‍ പതിച്ചതിന്റെ വിവരണം. ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ മഴയെയും പ്രത്യേകിച്ച് മണ്‍സൂണ്‍ മഴയെയും അത്രകണ്ട് സ്‌നേഹിച്ചു. മണ്‍സൂണ്‍ പെയ്തു തുടങ്ങുന്നത് കാണാന്‍ അദ്ദേഹം ഒരിക്കല്‍ കേരളത്തിലെത്തി. കേരളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യ മുഴുവന്‍ പെയ്ത് പിന്നീട് ഉത്തരേന്ത്യയെ തണുപ്പിക്കുന്ന മണ്‍സൂണിനൊപ്പം അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍ യാത്ര ചെയ്തു. മണ്‍സൂണിനെക്കുറിച്ചും അതൊപ്പം കേരളത്തിലെ പ്രകൃതിയെക്കുറിച്ചും രസകരമായ വിവരങ്ങളടങ്ങിയ പുസ്തകമാണ് ഫ്രേറ്ററുടെ ചേസിംഗ് ദ മണ്‍സൂണ്‍. ഇന്നു വരെ ഇറങ്ങിയതില്‍ ഏറ്റവും നല്ല മഴപ്പുസ്തകം.
മഴ ഒരു വികാരമാണ്. സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരം.എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണം മഴക്കുണ്ട്.പ്രത്യേകിച്ച് മണ്‍സൂണിന് ആകര്‍ഷകത്വം കൂടും. കടുത്തവേനലില്‍ ഇറ്റു മഴക്കായി ദാഹിച്ചിരിക്കുമ്പോഴാണ് മണ്‍സൂണ്‍ വരുന്നത്. എല്ലാത്തിനെയും തണുപ്പിക്കുന്ന, ആഹ്ലാദിപ്പിക്കുന്ന മാസ്മര ശക്തിയുമായി..
മണ്‍സൂണ്‍ മഴയല്ല. കാറ്റാണ്. മഴ കൊണ്ടുവരുന്ന കാറ്റ്. ലോകത്തിന്റെ പലഭാഗങ്ങളിലും മണ്‍സൂണ്‍ ഉണ്ട്. പക്ഷെ ഇന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍കാറ്റാണ് കൃത്യതയുള്ളതും ശക്തമായതും. അതിലൊക്കെ ഉപരി ഇന്ത്യയിലെ മണ്‍സൂണിന് സൗന്ദര്യവും ഉണ്ട്.
മണ്‍സൂണിന് ഒരു നാട്ടുപേരുണ്ട്. ഇടവപ്പാതി. ഇടവപ്പാതിക്ക് ഇടമുറിയാതെ മഴ എന്നൊരു ചൊല്ലുതന്നെ ഉണ്ട്. കാലങ്ങളായി ഇടവപ്പാതിക്ക് മഴ പെയ്യുന്നുണ്ടെങ്കിലും അതിന്റെ രഹസ്യം മലയാളിക്ക് പറഞ്ഞു തന്നത് അറബികളാണ്. ഒരു പ്രത്യേക കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാറ്റു കൃത്യമായി വീശുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. അവര്‍ അതിന് മൗസം എന്നു പേരിട്ടു. പിന്നീട് ഇംഗ്ലീഷുകാരാണ് അത് മണ്‍സൂണ്‍ ആക്കി പരിഷ്‌കരിച്ചത്.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടാണ് മണ്‍സൂണിന് ജന്മം നല്‍കുന്നത്.ചൂടു പിടിച്ച വായു അന്തരീക്ഷത്തിലേക്കുയര്‍ന്ന് ന്യൂനമര്‍ദ്ദമായി രൂപപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കടുത്ത ചൂടാണ് കേരളത്തില്‍ മഴ പെയ്യിക്കുന്നത്. വളരെ ദൂരം കടലിലൂടെയാണ് മണ്‍സൂണ്‍കാറ്റ് വരുന്നത്. കോടിക്കണക്കിന് ടണ്‍ ജലത്തെ ബാഷ്പരൂപത്തില്‍ ഒപ്പിയെടുത്തുകൊണ്ടാണ് യാത്ര. അത് അറബിക്കടലിലൂടെ വന്ന് ആദ്യം തിരുവനന്തപുരത്ത് മഴയായി പെയ്യുന്നു.
സമയം രാവിലെ 9.30. തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നില്‍ മാധവരായര്‍ പ്രതിമക്കു താഴെ നില്‍ക്കുമ്പോഴായിരുന്നു മഴ വന്നത്. ആദ്യം രണ്ടുതുള്ളികള്‍ കയ്യില്‍ വീണു. പിന്നീട് കവിളിലും. പുതു മഴയുടെ മണം. ആകാശത്തേക്ക് നോക്കി. സെക്രട്ടറിയേറ്റിനു മുകളില്‍ ആകാശം കറുത്തിരിക്കുന്നു. മേഘങ്ങള്‍ സെക്രട്ടറിയെറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കുന്നു. മണ്‍സൂണ്‍ വരവായി. തിരുവനന്തപുരത്തെ ആദ്യ മഴ.
സെക്രട്ടറിയേറ്റിനു മുന്നിലൂടെ കൊടികള്‍ ഉയര്‍ത്തിപ്പിടിച്ച്, ആകാശത്തേക്ക് മുഷ്ടി ചുഴറ്റിയെറിഞ്ഞ് ഒരു സമരം നീങ്ങുകയാണ്. മഴ ഇപ്പോള്‍ സര്‍വ്വതും നനക്കും. സമരക്കാരെയും. മുഷ്ടി ചുഴറ്റിയെറിഞ്ഞ ആകാശത്തേക്ക് തല ഉയര്‍ത്തി അവര്‍ നോക്കുന്നു. എല്ലാവരുടെയും മുഖത്ത് പ്രകാശം. അവകാശ സമരത്തിന്റെ വേദനയില്‍ നിന്ന് തെല്ലു മോചനം പോലെ....
മഴ പെയ്തു തുടങ്ങി. ആദ്യം ചെറുതായി....പിന്നീട് വലിയ ഇരമ്പലോടെ. ഇരു ചക്രവാഹന യാത്രക്കാര്‍ വലിയൊരു പങ്ക് മാധവരായര്‍ പ്രതിമക്കു താഴെ വാഹനങങ്ങള്‍ വച്ച് കടത്തിണ്ണയിലേക്കു കയറി. പക്ഷെ എല്ലാവരുടെയും മുഖത്ത് പ്രകാശമുണ്ടായിരുന്നു. സമരക്കാര്‍ പ്രകടനം നടത്തിക്കഴിഞ്ഞിരുന്നില്ല. മഴയില്‍ നിര്‍ത്താത്ത പ്രതിഷേധം. മഴ അവര്‍ ഇഷ്ടപ്പെടുന്നു. മഴ പെയ്ത് വേഷവും കൊടിയും കുതിര്‍ന്നെങ്കിലും അതു വകവെക്കാതെ നേതാവിന്റെ പ്രസംഗത്തിന് അവര്‍ കാതു നല്‍കി. ഒരാള്‍ നേതാവിന് മഴ നനയാതിരിക്കാന്‍ കുട പിടിച്ചു നല്‍കാന്‍ശ്രമിച്ചു. പക്ഷെ നേതാവ് അതു തട്ടിമാറ്റി, മഴയെ അദ്ദേഹവും ഇഷ്ടപ്പെടുന്നു....
സെക്രട്ടറിയേറ്റ് എന്ന പ്രൗഢമായ കെട്ടിടത്തിനു മേലെ മഴ പെയ്തിറങ്ങുകയാണ്. എല്ലാം കഴുകിക്കളയുന്ന മഴ. മഴയില്‍ കുതിര്‍ന്ന് നില്‍ക്കുന്ന സെക്രട്ടറിയേറ്റ് മന്ദിരത്തിന് വല്ലാത്ത സൗന്ദര്യം.
അമ്മേ, വരൂ വരൂ വെക്കം വെളിയിലേ-
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!
ബാലാമണിയമ്മയുടെ പ്രശസ്തമായ മഴവെള്ളത്തില്‍ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മഴയെ സാഹിത്യത്തില്‍ കൊണ്ടുവരാത്ത ഒറ്റ സാഹിത്യകാരനും ഉണ്ടാകില്ല. അധവാ അങ്ങിനെ ഉണ്ടെങ്കില്‍ അത്തരം സാഹിത്യം ആസ്വാദ്യകരവുമാകില്ല. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ മുതല്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ വരെ മഴ കടന്നു വരുന്നു.
മലയാളത്തിന്റെ മഴ സാഹിത്യം സമ്പന്നമാണ്.മഴ ഇവിടെ എഴുത്തുകാരുടെ പ്രിയപ്പെട്ട വിഷയമാകുന്നു.മഴ വരുന്നത് മേഘത്തില്‍ നിന്നാണല്ലോ. സാഹിത്യത്തില്‍ മേഘത്തെ കൂട്ടു പിടിച്ച എഴുത്തുകാരും നമുക്കുണ്ട്. കാളിദാസന്‍ മേഘത്തെ കൂട്ടുപിടിച്ചാണ് മേഘദൂതം രചിച്ചത്. വിശ്വസാഹിത്യത്തിലെ അമൂല്യകൃതിയില്‍ മേഘത്തെക്കൊണ്ട് കവി ദൂതുചെയ്യിച്ചു.
കവിതയിലും കഥയിലും സിനിമയിലും എല്ലാം മഴയുണ്ട്. ഒരു പക്ഷെ കവിതയിലാകും മഴയെ കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുക. മലയാള ഭാഷയുടെ പിതാവായ എഴഉത്തച്ഛന്റെ കാലം മുതല്‍ക്കേ മഴയെ വര്‍ണ്ണിച്ചിരിക്കുന്നു. ഭാഗവതം ദശമ സ്‌കന്ദത്തിലെ ഋതു വര്‍ണ്ണനം തന്നെ എഴഉത്തച്ഛന്റെ ഏറ്റവും നല്ല മഴ വര്‍ണ്ണനകളിലൊന്നാണ്. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി കുചേല സദ്ഗതിയിലും കുമാരനാശാന്‍ പ്രരോദനത്തിലും മഴയെ വിസ്മയത്തോടെ നോക്കിക്കാണുന്നു.
പി.കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും സുഗതകുമാരിയും എല്ലാം മഴയുമായി പ്രണയം കൂടിയവരാണ്. തകഴിയും എംടിയും ടി.പത്മനാഭനും മുതല്‍ പുതു തലമുറയിലെ കഥാകൃത്തുക്കള്‍ വരെ മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു.
മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി....
പ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ അവസാനിക്കുന്നതിങ്ങനെയാണ്.
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ..
എന്നു സുഗതകുമാരി എഴുതിയിരിക്കുന്നു.
മഴ ചിലര്‍ക്ക് പ്രണയവും വികാരവും ആകുമ്പോല്‍ മറ്റു ചിലര്‍ക്കത് പേമഴയികും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിത...
പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ-
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.
മഴയെ അത്യധികം പ്രളയിച്ച ആളാണ് നന്തനാര്‍. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയില്‍ മുറിയിടച്ച്, മഴയുടെ ശബ്ദം കേട്ടുകൊണ്ട് ആത്മഹത്യ ചെയ്ത നന്തനാരുടെ കഥകളിലെല്ലാം മഴയുണ്ട്.
തിരുവാതിര ഞാറ്റു വേലയിലെ തോരാമഴയത്ത് ഭാര്യയോടൊത്ത് കഴിയാന്‍ അന്യനാട്ടില്‍ നിന്നും എത്തുന്ന ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ മഴയില്ല. നിരാശനായി അയാള്‍ തിരികെപ്പോകാനൊരുങ്ങുമ്പോള്‍ തിമിര്‍ത്തുപെയ്യാനുള്ള കരുത്തുമായി മഴ വരുന്നു.പ്രകൃതിക്ക് നന്ദി പറഞ്ഞ അയാള്‍ ഭാര്യയുമായി ശുഭരാത്രി പങ്കിടുമ്പോള്‍ പുറത്ത് മഴയുടെ ഇരമ്പല്‍ ശക്തി പ്രാപിച്ചു വരുന്നു.... നന്തനാരുടെ പ്രശസ്തമായ കഥ ഒരു വര്‍ഷകാല രാത്രി കഥാപ്രേമികളെയും മഴയെപ്രണയിക്കുന്നവരെയും ആനന്ദത്തിലാറാടിക്കും.
തൊണ്ണൂറ്റൊമ്പതിലെ രൂക്ഷമായ വെള്ളപ്പൊക്കമാണ് കേരളം കണ്ട ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും. അതിനെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള എഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ പ്രശസ്തമാണ്.
നാട്ടിലെപ്പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിനൊരാള്‍,വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറികളുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആടുകള്‍,പട്ടി, പൂച്ച, ആട്, കോഴി, മുതലായ വളര്‍ത്തു മൃഗങ്ങളും. എല്ലാം ഐക്യമത്യമായിക്കഴിയുന്നു, ഒരു ശണ്ഠയുമില്ലാതെ.
വെള്ളപ്പൊക്കത്തില്‍ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. 1099 കര്‍ക്കിടക മാസം ഒന്നിനു തുടങ്ങിയ മഴയെക്കുറിച്ചാണ് കഥ. മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കേരളം വെള്ളത്തിനടിയിലായി. താഴ്ന്ന ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി മുങ്ങിപ്പോയി. സമുദ്ര നിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളം കയറി. മരിച്ചവര്‍ എത്രയെന്നു കണക്കില്ല. ഇന്നത്തെ പോലെ അതിനുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു.
അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു.
കാറ്റ് മൂളിക്കൊണ്ടിരുന്നു.മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ.....
ടി.പത്മനാഭന്റെ മഴ, ഒടുവിലത്തെ മഴ എന്ന കഥയില്‍നിന്നാണിത്.
സ്‌കൂള്‍ തുറക്കുന്നതോടെ കാലവര്‍ഷവും തുടങ്ങും. മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ എത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കും. നാലു മണിക്ക് സ്‌കൂള്‍ വിടുമ്പോഴാണ് മഴ ഘോഷം കൂട്ടി പെയ്യുന്നത്. പറക്കുളം കുന്നു കഴിഞ്ഞ് മലമക്കാവിലെ മേച്ചില്‍പ്പുറത്തെത്തുമ്പോഴാണ് രാവിലെ കളിയായി വെള്ളം കുടഞ്ഞുപോയ കാലവര്‍ഷം ഈറയോടെ ശരിക്കും നനക്കുന്നത്. കുട ചെരിച്ച് പിടിക്കാന്‍ കൂടെ വരുന്ന കാറ്റ് സമ്മതിക്കില്ലല്ലോ.
എം.ടി വാസുദേവന്‍ നായരുടെ മഴ ഓര്‍മ്മക്കുറിപ്പുകള്‍ ആരംഭിക്കുന്നതിത്തരത്തിലാണ്.
മഴയുടെ അത്ര സിനിമയിലഭിനയിച്ച ആരും ഉണ്ടാകില്ല. മഴ സിനിമക്ക് ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു.മഴയുടെ കാല്പനിക ഭംഗി നാം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സിനിമയിലാണ്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ഒറ്റ സിനിമ മതി മഴയും പ്രണയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍.
കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ...
തൂവാനത്തുമ്പികള്‍ക്ക് ആധാരമായ ഉദകപ്പോള എന്ന നോവലില്‍ പത്മരാജന്‍ ഇങ്ങനെ എഴുതി വെക്കുമ്പോള്‍ സിനിമ മഴകൊണ്ടു നിറയുകയായിരുന്നു.
മഴ ഒരു കഥാ പാത്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ വേറെയുമുണ്ട്. ഷാജി. എന്‍. കരുണിന്റെ പിറവിയില്‍ മഴ കഥാപാത്രമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്നൊരു സിനിമയുമുണ്ട്. കമലിന്റെ പെരുമഴക്കാലം എന്ന സിനിമയില്‍ മഴദുഖവും ഒപ്പം സന്തോഷവുമാണ്. മഴ അഭിനയിക്കാത്ത സിനിമകള്‍ അന്വേഷിക്കുന്നതാകും എളുപ്പം. സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മഴതന്നെ.
മലയാളത്തിലെ മഴകാണാന്‍ നിരവധി സഞ്ചാരികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ മഴകാണാനെത്തിയ അറബി സഞ്ചാരികള്‍ മുതല്‍ 1987 ല്‍ വന്ന അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ വരെ. എന്നാല്‍ വന്ന സഞ്ചാരികളാരും ഫ്രേറ്ററെപ്പോലെ ഗുണം ചെയ്തില്ല. ഫ്രേറ്റര്‍ മഴയെ അറിയുകയും അറിയിക്കുകയുമായിരുന്നു. ലോകത്തിന് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു, ഇവിടെ, ഈ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു മഴ ഉണ്ടെന്ന്.
ദക്ഷിണ ശാന്ത സമുദ്രത്തിലെ വന്വാട്ടു എന്ന ദ്വീപില്‍ നിന്നാണ് ഫ്രേറ്റര്‍ വന്നത്. മലയാളത്തിലെ മഴതേടി. വളരെ യാദൃശ്ചികമായിരുന്നു എല്ലാം. ഒരിക്കല്‍ ലണ്ടനിലെ ഒരാശുപത്രിയില്‍ രോഗികള്‍ക്കിടയില്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുമ്പോള്‍ ഫ്രേറ്റര്‍ക്ക് ഒരു സുഹൃത്തിനെക്കിട്ടി. മുബൈ സ്വദേശിയായ റീത്ത. അവരോട് ചങ്ങാത്തം കൂടിയ അദ്ദേഹം ഇന്ത്യയെക്കുറിച്ച് ചോദിച്ചു. റീത്ത പറഞ്ഞ കഥകളില്‍ ഫ്രേറ്ററുടെ മനസ്സില്‍ തങ്ങിനിന്നത് മഴയാണ്. കേരളത്തില്‍ തുടങ്ങി ഉത്തരേന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍ മഴ. മണ്‍സൂണ്‍ ഗോവയിലെത്തുമ്പോള്‍ അവിടെ മഴ ആഘോഷമുണ്ടെന്നതും അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചു. ഒടുവില്‍ അദ്ദേഹം കേരളത്തിലേക്ക് പറന്നു. മഴകാണാന്‍, മഴക്കൊപ്പം സഞ്ചരിക്കാന്‍.
ഫ്രേറ്റര്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍ മഴ വന്നിരുന്നില്ല. ആര്‍ത്തിരമ്പി വന്ന മഴയെ സ്വീകരിക്കാന്‍ 1987 ലെ മണ്‍സൂണ്‍ കാലത്ത് കോവളം കടല്‍തീരത്ത് നിന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പുതുമഴ നനഞ്ഞ് കോവളം തീരത്ത് നൃത്തം വച്ചത് പുസ്തകത്തില്‍ ഫ്രേറ്റര്‍ വര്‍ണ്ണിച്ചിട്ടുണ്ട്. മണ്‍സൂണ്‍ മഴക്കൊപ്പം അദ്ദേഹം യാത്ര ചെയ്തു. കൊല്ലത്തും കൊച്ചിയിലും മഴ എത്തിയപ്പോള്‍ ഫ്രേറ്ററും ഉണ്ടായിരുന്നു സ്വീകരിക്കാന്‍. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടും അവിടെനിന്ന് ഗോവയിലും മഴക്കൊപ്പം ഫ്രേറ്റര്‍ എത്തി. ലോകത്തേറ്റവും കൂടുതല്‍ മഴ പെയ്യുന്ന ചിറാപൂഞ്ചിയിലും അദ്ദേഹമെത്തി.
ലണ്ടനിലെ ഒബ്‌സര്‍വര്‍ പത്രത്തിന്റെ ചീഫ് ട്രാവല്‍ കറസ്‌പോണ്ടന്റായിരുന്നു അലക്‌സാണ്ടര്‍ ഫ്രേറ്റര്‍. അദ്ദേഹം കേരളത്തിലെ മഴ കണ്ടപ്പോള്‍ നമുക്ക് മഹത്തായ ഒരു പുസ്തകം കിട്ടി. മണ്‍സൂണ്‍ നാളെ ഇല്ലാതായാല്‍, വരും തലമുറക്ക് മണ്‍സൂണിനെ അറിയാന്‍ ഒരു പുസ്തകം.
ഒടുവില്‍ മഴയുടെ കുഞ്ഞുണ്ണി വരികളിതാ..
കാറ്റിന്റെ കൂട്ടില്ലാതെയിടിയില്ലാതെ തനി
ച്ചങ്ങനെ പെയ്തീടണം താമര നൂലുപോലെ
തൂവെള്ളിക്കമ്പിപോലെ
തുമ്പിക്കൈവണ്ണം പോലെ
ഒടുക്കം കുടം കൊണ്ടു ചൊരിയുന്നതുപോലെ
എന്തൊരു രസമതുകാണുവാ,
നതിന്‍ ഗാനം കേള്‍ക്കുവാന്‍!
മേടച്ചൂടിലതിനു കൊതിച്ചൂ ഞാന്‍
മഴ, വന്നപ്പോഴാകട്ടെ,പൈങ്കിളിപ്പെണ്‍ നോവലിന്‍
മാറത്തു കേറിക്കണ്ണുമടച്ചു കിടന്നൂ ഞാ...
Sunday, May 8, 2011
മറന്നുവോ നിങ്ങളീ അവധിക്കാലം....
Saturday, March 12, 2011
വടക്ക് കിഴക്കന്‍ സാഹിത്യം
Saturday, March 5, 2011
കുട്ടികളുടെ സ്വന്തം
അമര്‍ചിത്രകഥകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകുമോ? നമ്മുടെ പുരാണങ്ങളെ, ചരിത്ര വസ്തുതകളെ, ചരിത്ര പുരുഷന്മാരുടെ വീരകഥകളെ...എല്ലാം കുട്ടികളിലേക്കെത്തിച്ചത് അമര്‍ചിത്രകഥകളിലൂടെയാണ്. കുട്ടികളില്‍ വായനയെന്ന സ്വഭാവവും അറിവിന്റെ ബോധവും വളര്‍ത്താന്‍ അമര്‍ചിത്രകഥകള്‍ വളരെയധികം സഹായിച്ചു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ചിത്രകഥകളെ സ്‌നേഹിക്കുകയും അതിന്റെ വായനക്കാരാകുകയും ചെയ്തത് കഥപറയുന്നതിലും അത് വായനക്കാരെ മനസ്സിലാക്കിക്കുന്നതിലും ചിത്രകഥകള്‍ പുലര്‍ത്തി വന്ന പ്രത്യേകതകള്‍ കാരണമാണ്. അമര്‍ചിത്രകഥകള്‍ വായിച്ചിട്ടില്ലാത്ത കുട്ടികള്‍ ഇല്ലെന്നു പറയുന്നതിനൊപ്പം, അതു വായിച്ചിട്ടില്ലാത്ത മുതിര്‍ന്നവരും ഇല്ലെന്ന് പറയേണ്ടി വരും. കുഞ്ഞുമനസ്സുകളില്‍ ചിത്രകഥകള്‍ക്ക് ഇത്രയധികം സ്വാധീനം സൃഷ്ടിക്കാന്‍ മുഖ്യപങ്കു വഹിച്ച ഒരു വ്യക്തിയുണ്ട്. കഥകള്‍ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പറഞ്ഞ് കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ വിസ്മയിപ്പിച്ച ഒരാള്‍. അദ്ദേഹമാണ് കഴിഞ്ഞ ദിവസം കഥകളുടെ വലിയ കൂട്ടിലേക്ക് സ്വയം നടന്നുപോയ അനന്തപൈ. ആയിരക്കണക്കിന് പുരാണ കഥാപാത്രങ്ങളെ അദ്ദേഹം കുട്ടികള്‍ക്കു പരിചയപ്പെടുത്തി. മൃഗങ്ങളുടെ സംസാരിക്കുന്ന ലോകം സൃഷ്ടിച്ച് നിരവധി വിനോദകഥകള്‍ അദ്ദേഹം നമുക്കു പറഞ്ഞു തന്നു. കപീഷിനെയും സിഗാളിനെയും പീലുവിനെയുമൊക്കെ മറക്കാന്‍ കഴിയുന്ന കുട്ടികളുണ്ടാകില്ല.മരിച്ചയാള്‍ സമൂഹത്തിനു ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ മരണശേഷം വാഴ്ത്തപ്പെടുന്നത് നാട്ടു നടപ്പാണ്. മരിച്ച മഹാനെ ജനങ്ങള്‍ക്ക് അറിയാനും വീണ്ടുമോര്‍ക്കാനുമുള്ള വഴിയാണത്. എന്നാല്‍ അത്തരമൊരാനുകൂല്യം അനന്തപൈയ്ക്ക് മലയാള മാധ്യമങ്ങള്‍ വളരെയൊന്നും നല്‍കിയില്ല. മരണം തന്നെ പലരും അറിഞ്ഞില്ല. ഇത്രത്തോളം കുഞ്ഞുമനസ്സുകളെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച മറ്റൊരാളില്ലന്നിരിക്കെ അനന്തപൈയുടെ മരണത്തെ പ്രാധാന്യത്തോടെ കാണാന്‍ മാധ്യമങ്ങള്‍ക്കായില്ലെന്നത് പരിതാപകരമാണ്. ചിത്രകഥകളുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഓരോ കഥ പറയുമ്പോഴും അദ്ദേഹം കുട്ടികളുടെ മനസ്സിനെ അടുത്തു കണ്ടിരുന്നു. ചിത്രകഥകള്‍ വായിച്ച് കുട്ടികള്‍ വഴിതെറ്റില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ചിത്രകഥകളുടെ വായനയിലൂടെ കുട്ടികള്‍ കൂടുതല്‍ അറിവുള്ളവരായി വളരുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് പുരാണങ്ങളിലുള്ള അറിവ് കുറവാണെന്ന തിരിച്ചറിവാണ് അമര്‍ചിത്രകഥകളുമായി രംഗത്തു വരാന്‍ അനന്തപൈയെ പ്രേരിപ്പിച്ചത്. അതിനു പിന്നില്‍ അദ്ദേഹത്തെ ചിന്തിപ്പിച്ച ഒരു സംഭവവുമുണ്ട്. ഒരിക്കല്‍ ഒരു ക്വിസ് പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യന്‍ പുരാണങ്ങളും ഗ്രീക്ക് പുരാണങ്ങളുമായിരുന്നു ചോദ്യങ്ങള്‍. ഗ്രീക്ക് പുരാണ സംബന്ധമായ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറഞ്ഞ കുട്ടികള്‍ പക്ഷേ, ഭാരതീയ പുരാണങ്ങളില്‍ അറിവില്ലാത്തവരായിരുന്നു. നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള വഴിയായാണ് അദ്ദേഹം അമര്‍ചിത്രകഥ തുടങ്ങിയത്. 1965-70 കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ പാശ്ചാത്യ കോമിക്കുകളിലും ഫാന്റം, സൂപ്പര്‍മാന്‍ തുടങ്ങിയ ഇറക്കുമതിക്കഥകളിലും പെട്ടുകിടക്കുകയായിരുന്നു. അതിനു മാറ്റം വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. നമ്മുടെ സംസ്‌കാരത്തിലും പുരാണത്തിലുമൂന്നിയ കഥകളുടെ വലിയ സദ്യ അദ്ദേഹം കുഞ്ഞുങ്ങള്‍ക്കായി ഒരുക്കി. കഥ പറയുന്ന അമ്മൂമ്മമാര്‍ നഷ്ടമായിക്കൊണ്ടിരുന്ന സമൂഹത്തില്‍, കഥപറയാനറിയാത്തവരോ അതിനു സമയമില്ലാത്തവരോ ആയ രക്ഷിതാക്കളുള്ള കുടുബത്തില്‍ ആ കര്‍ത്തവ്യം അനന്തപൈയുടെ അമര്‍ചിത്രകഥകള്‍ ഏറ്റെടുത്തു. കുഞ്ഞുങ്ങളോട് വിവിധ ഭാരതീയ ഭാഷകളിലൂടെ കഥകള്‍ പറഞ്ഞു തുടങ്ങി. മഹാഭാരതത്തിലെ വിവിധങ്ങളായ കഥാപാത്രങ്ങളെ കുറിച്ച്, രാമായണത്തെ കുറിച്ച്, ചരിത്ര പുരുഷന്മാരെ കുറിച്ച്....1967ലാണ് അമര്‍ചിത്രകഥ പ്രസീദ്ധീകരണം ആരംഭിച്ചത്. 'അമര്‍ചിത്രകഥ'കളുടെ വിജയം നാളിതുവരെയുള്ള പ്രസിദ്ധീകരണ ചരിത്രത്തെ അതിശയിപ്പിക്കുന്നതായി വളര്‍ന്നത് കുറഞ്ഞകാലത്തിലാണ്. പുരാണകഥകളും ചരിത്രകഥകളുംഹൃദ്യമായ ചിത്രങ്ങളോടെ അവതരിപ്പിച്ചാണ് 'അമര്‍ചിത്രകഥ' കുട്ടികളെ എളുപ്പം വശീകരിച്ചത്. അനന്തപൈ തന്നെ അവയ്ക്ക് അക്ഷരരൂപം നല്കി. ചിത്രങ്ങളിലും എഴുത്തിലും തെല്ലും വിട്ടുവീഴ്ചചെയ്യാതെയാണ് അദ്ദേഹം വളരെക്കാലം 'അമര്‍ചിത്രകഥ' തുടര്‍ന്നുവന്നത്. അത്ഭുകരമായിരുന്നു അവയുടെ വില്‍പ്പനകണക്ക്. ഇംഗ്ലീഷിലും ഇരുപതിലേറെ ഭാരതീയ ഭാഷകളിലുമായി പ്രതിവര്‍ഷം മുപ്പതുലക്ഷം കോപ്പികളാണ് അമര്‍ചിത്രകഥ ചൂടപ്പംപോലെ വിറ്റത്. 2007ല്‍ എ.സി.കെ.മീഡിയ ഏറ്റെടുക്കുംവരെ അനന്തപൈ ആണ് ഇതിന് നേതൃത്വം വഹിച്ചത്. ഭാരതത്തിന്റെ സ്വന്തം കോമിക് കഥാപാത്രങ്ങളുമായി 'ട്വിങ്കിള്‍' ചിത്രകഥാ പ്രസിദ്ധീകരണവും അനന്തപൈ പുറത്തിറക്കി. അമര്‍ചിത്രകഥയുടെ വിജയമാണ് 'ട്വിങ്കിളി'ലേക്ക് പൈയുടെ ശ്രദ്ധതിരിച്ചത്. 'രംഗ്‌രേഖ ഫീച്ചേഴ്‌സി'ന്റെ ബാനറില്‍ തുടങ്ങിയ ട്വിങ്കിളാണ് ഇന്ത്യയിലെ ആദ്യത്തെ കോമിക് കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ്. 1998വരെ ട്വിങ്കിളിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. എക്കാലത്തും കുട്ടികളുടെ മനം കവര്‍ന്ന 'കപീഷ്' എന്ന അത്ഭുതവാലുള്ള കുരങ്ങനെയും അദ്ദേഹം സൃഷ്ടിച്ചു. കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പൂമ്പാറ്റ ദൈ്വവാരികയും പൈകോക്ലാസിക്‌സും അനന്തപൈയുടെ സര്‍ഗ്ഗാത്മകതയില്‍ ജനിച്ചവയാണ്. 1937ല്‍ കര്‍ണ്ണാടകയിലെ മംഗലാപുരത്ത് കര്‍ക്കലയിലാണ് അനന്തപൈ ജനിച്ചത്. ശാസ്ത്രവിഷയങ്ങളാണ് പഠിച്ചതെങ്കിലും താല്‍പര്യം മുഴുവന്‍ കോമിക്‌സുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിലായിരുന്നു. 1954ലാണ് എഡിറ്റിംഗിലേക്കും പ്രസാധനത്തിലേക്കും പൈ ഇറങ്ങിത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ പുസ്‌കവിഭാഗത്തിന്റെ ജൂനിയര്‍ എക്‌സിക്യൂട്ടിവ് ആയി. അവിടെ വച്ചാണ് 'ഇന്‍ക്രാജല്‍' എന്ന കോമിക്പുസ്തകം പുറത്തിറക്കിയത്.പണ്ടു 'പൂമ്പാറ്റ'യും പിന്നീട് 'ബാലരമ'യും ആദ്യം കയ്യില്‍ കിട്ടിയാല്‍ കുട്ടികള്‍ വായിച്ചിരുന്നത് കപീഷിനെയാണ്. കപീഷിന് ഹനുമാന്‍ അറിഞ്ഞു നല്‍കിയ വരമായിരുന്നു നീട്ടാന്‍ കഴിയുന്ന മാന്ത്രികവാല്‍. ആ വാലിന്റെ മാന്ത്രികതയില്‍ ശത്രുക്കളെ തോല്‍പ്പിച്ച നിരവധി കഥകള്‍. നല്ലവരായ പിന്റുവും മോട്ടുവും ബന്ദിരയും....ക്രൂരന്മാരായ സിഗാളും പീലുവും ദൊപ്പയ്യയും...പിന്നെ കാട്ടിലെ നിയമങ്ങളും. എല്ലാം കുട്ടികള്‍ വളരെക്കൂടുതല്‍ ഇഷ്ടപ്പെട്ടു. കഥകളുടെ വിസ്മയപ്പെട്ടി തുറന്നുവയ്ക്കാന്‍ ഇനി അങ്കിള്‍പൈ എന്ന കുട്ടികളുടെ പൈമാം ഇല്ല. വര്‍ഷങ്ങളോളം എണ്ണമറ്റ കുട്ടികളെ കഥകളുടെ മഹാസാഗരത്തിലേക്ക് ആനയിച്ച 'അമര്‍ ചിത്രകഥ'യുടെ പിതാവ് അനന്ത്‌പൈ കഥകളുടെ വിസ്മയക്കൂട് നമ്മുടെ കുട്ടികള്‍ക്കായി, ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി നല്‍കിയിട്ടാണ് മരണത്തിന് കീഴടങ്ങിയത്. അവയെല്ലാം കുഞ്ഞുങ്ങളെക്കൊണ്ട് നമുക്കു വായിപ്പിക്കാം. അനന്തപൈയെ എക്കാലത്തും ഓര്‍ത്തു വയ്ക്കാന്‍ അതുപകരിക്കും. അദ്ദേഹത്തിനു നല്‍കുന്ന ശ്രദ്ധാഞ്ജലിയാണത്.